കോട്ടയം: കലാശക്കൊട്ടിന് നാലുനാൾ മാത്രം ശേഷിക്കെ, പുതുപ്പള്ളിയുടെ വോട്ടോട്ടത്തിന് അതിവേഗം. നാട്ടിടവഴികളിലും കുടുംബയോഗങ്ങളിലും ദേശീയ-സംസ്ഥാന നേതാക്കൾ കൂട്ടമായി എത്തിത്തുടങ്ങിയതോടെ പുതുപ്പള്ളിയിലെങ്ങും തെരഞ്ഞെടുപ്പാവേശം. ഓണ അവധിക്കുശേഷം വോട്ടുതേടിയുള്ള കൂട്ടപ്പൊരിച്ചിലാണ് മണ്ഡലത്തിലെങ്ങും. ഓണം ആഘോഷിക്കാനായി സ്വന്തം നാടുകളിലേക്ക് മടങ്ങിയ നേതാക്കളെല്ലാം ബുധനാഴ്ച കൂട്ടമായി എത്തിയതോടെ പുതുപ്പള്ളിയിലെങ്ങും നേതാക്കളുടെ സാന്നിധ്യം.
തിരുവോണത്തിന് അവധിയെടുത്ത എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക്.സി.തോമസ് ബുധനാഴ്ച മണ്ഡലപര്യടനം പുനരാരംഭിച്ചു. ‘ഓണ അവധിക്കുശേഷം’ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെയും എന്‍.ഡി.എ. സ്ഥാനാര്‍ഥി ലിജിൻ ലാലിന്റെയും പൊതുപര്യടനം വ്യാഴാഴ്ച പുനരാരംഭിക്കും.
മുന്നണികള്‍ക്കായി പുതുപ്പള്ളിയിൽ തമ്പടിച്ച് ച്രപാരണത്തിന് നേതൃത്വം നല്‍കിയിരുന്ന നേതാക്കളില്‍ ഭൂരിഭാഗവും ഓണം ആഘോഷിക്കാന്‍ സ്വന്തം വീടുകളിലേക്ക് പോയിരുന്നു. ഇവര്‍ എല്ലാവരും ബുധനാഴ്ച മണ്ഡലത്തില്‍ തിരിച്ചെത്തി. ഇടതുമുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച മൂന്നു പഞ്ചായത്തുകളില്‍ നടന്ന പൊതുയോഗങ്ങളിൽ സംസാരിച്ചു. വെള്ളിയാഴ്ച വീണ്ടും പിണറായിയെത്തും. മൂന്നിടങ്ങളിൽ പ്രസംഗിക്കും.
ഓണാഘോഷത്തിനുശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മണ്ഡലത്തില്‍ തിരിച്ചെത്തി. ബുധനാഴ്ച വൈകീട്ട് പാമ്പാടിയിൽ മഹിള കോൺഗ്രസ് സംഘടിപ്പിച്ച മഹിള മെഗാ റോഡ് ഷോയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. എന്‍.ഡി.എക്കായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അല്‍ഫോന്‍സ് കണ്ണന്താനം, ടോം വടക്കൻ തുടങ്ങിയവര്‍ ബുധനാഴ്ച പ്രചാരണത്തിനായെത്തി.
ഇതിനൊപ്പം ദേശീയ നേതൃത്വത്തില്‍ നിന്നുള്‍പ്പെടെ നേതാക്കളുടെ വന്‍ പട ഇനി എത്തുന്നതോടെ പ്രചാരണം വീണ്ടും കൊഴുക്കും. യു.ഡി.എഫിനായി എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ പ്രചാരണത്തിന് എത്തും.
അവസാനഘട്ടത്തിലേക്ക് കടന്നതോടെ വിഷയങ്ങളും മാറി മറിയുകയാണ്. അച്ചു ഉമ്മനെതിരെയുള്ള സൈബർ ആക്രമണം യു.ഡി.എഫ് ആയുധമാക്കുമ്പോൾ, ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലി ചാണ്ടി ഉമ്മനായി പ്രചാരണത്തിനെത്തിയെന്നാണ് എൽ.ഡി.എഫ് ക്യാമ്പുകളുടെ പ്രചാരണം. ഞായറാഴ്ചയാണ് കൊട്ടിക്കലാശം. യു.ഡി.എഫ്. പുതുപ്പള്ളിയിലും എല്‍.ഡി.എഫ്. പാമ്പാടിയിലും കൊട്ടിക്കലാശം നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.