ആലപ്പുഴ: പി.വി. അൻവർ എം.എൽ.എ സി.പി.എം മെമ്പറല്ലെന്നും അതിനാൽ പാർട്ടി മെമ്പറുടെ അച്ചടക്കം അദ്ദേഹത്തിന് ബാധകമല്ലെന്നുംകേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക്. എന്നാൽ, സി.പി.എം പാർലമെന്‍റി പാർട്ടിയുടെ ഭാഗമായതിനാൽ, അൻവർ ആ മുൻകരുതലും മിതത്വവും പാലിക്കേണ്ടതാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
അൻവർ ചില പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആ കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഐസക്ക് വ്യക്തമാക്കി.
സി.പി.എമ്മിന്‍റ രാജ്യത്തെ ഒന്നാം നമ്പർ ശത്രു ബി.ജെ.പിയാണ്. കേരളത്തിൽ ആർ.എസ്.എസിനെ പ്രതിരോധിച്ചിട്ടുള്ളത് ലീഗോ കോൺഗ്രസോ അല്ല സി.പി.എം ആണ്. സി.പി.എമ്മിന്‍റെ ഇരുന്നൂറോളം സഖാക്കളാണ് പ്രതിരോധിക്കാനായി ആത്മഹൂതി ചെയ്തത്. സി.പി.എം ബി.ജെ.പിയുമായും ആർ.എസ്.എസുമായി ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണം നാട്ടിലാരും വിലക്കെടുക്കാൻ പോകുന്നില്ല.
ആർ.എസ്.എസിന് വിടുപണി ചെയ്തവർ സി.പി.എമ്മിന് മേൽ കുതിരകയറാൻ വന്നാൽ വളഞ്ഞു കൊടുക്കാൻ തയാറല്ല. ഈ വിഷയങ്ങൾ വച്ച് പാർട്ടി സമ്മേളനങ്ങളിൽ അജണ്ട സെറ്റ് ചെയ്യാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. സി.പി.എമ്മിനെ ആർ.എസ്.എസുമായോ ബി.ജെ.പിയുമായോ യാതൊരു ബന്ധവുമില്ലെന്ന് തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.