തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പി.വി. അൻവർ എം.എൽ.എയും തമ്മിൽ സംസാരിച്ച അര മണിക്കൂറിൽ സംഭവിച്ചതെന്താണ്...? ഈ പോക്ക് ഇങ്ങനെ പറ്റില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രി എതിരായാൽ ‘പോരാട്ടം’ തുടരാനാവില്ലെന്ന് തിരിച്ചറിവുള്ള അൻവർ പിൻവാങ്ങി. മുഖ്യമന്ത്രിയുടെ വിശ്വസ്ഥരായ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എന്നിവരാണ് അൻവറിന്റെ തുറന്നുപറച്ചിലിൽ ‘എയറി’ലായത്. ആളെ കൊല്ലിക്കുന്നു, സ്വർണം കടത്തുന്നു, മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തുന്നു എന്നിങ്ങനെ അൻവർ എ.ഡി.ജി.പിക്കും ശശിക്കുമെതിരെ പറഞ്ഞതെല്ലാം ഗൗരവമുള്ള കാര്യങ്ങളാണ്. എന്നാൽ, വിശ്വസ്ഥരെ കൈവിടാൻ മുഖ്യമന്ത്രി ഒരുക്കമല്ല. അജിത്കുമാർ ഇപ്പോഴും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്ത് തുടരുന്നു. പൊളിറ്റിക്കൽ സെക്രട്ടറിക്കും തൽക്കാലം ഭീഷണിയില്ല. എ.ഡി.ജി.പിക്കെതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ അഞ്ചിൽ നാലുപേരും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ.
ഭരണപക്ഷ എം.എൽ.എയായിട്ടും അൻവറിന്റെ പരാതി മുഖ്യമന്ത്രി കാര്യമായി എടുക്കുന്നില്ലെന്ന് വ്യക്തം. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണംപോലും ആവിയായി മാറിയതോടെ പോരിനിറങ്ങി മുഖം നഷ്ടപ്പെട്ട അവസ്ഥയിലായി അൻവർ. തുറന്നുപറച്ചിൽ പാർട്ടിക്കും സർക്കാറിനും താങ്ങാവുന്നതിനപ്പുറത്തേക്ക് വളർന്നതിന്റെ പരിണിതിയാണത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥരെ ഉന്നമിട്ട അൻവറിന് പിന്നിലാരെന്ന ചോദ്യം സി.പി.എമ്മിലുണ്ട്. പാർട്ടി സെക്രട്ടേറിയറ്റ് അംഗത്വമുൾപ്പെടെ ലക്ഷ്യമിടുന്ന പി. ശശിയെ തളക്കലാണ് അൻവറിന്റെ ഉന്നമെന്നും പിന്നിൽ കണ്ണൂർ ലോബിയിലെ ഉൾപ്പിരിവുകളാളെന്നുമാണ് റിപ്പോർട്ടുകൾ.
അതെന്തായാലും മുഖ്യമന്ത്രി, പരാതി എഴുതിവാങ്ങി അൻവറിനെ അനുനയിപ്പിച്ച് വിട്ടതോടെ എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചോ...? അങ്ങനെ കരുതാനാവില്ല. മന്ത്രിമാരുടെ ഫോണുകൾ ചോർത്തിയെന്നതുൾപ്പെടെ അൻവർ പറഞ്ഞത് ഘടകകക്ഷികളുടെ മനസ്സിൽ കൊണ്ടിട്ടുണ്ട്. തൃശൂർ പൂരം കലക്കാനുള്ള നീക്കത്തിലും വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിലും എം.ആർ. അജിത്കുമാറിനെതിരെ സി.പി.ഐ തുറന്നടിച്ചത് മുറിവേറ്റ മനസ്സിന്റെ പ്രതികരണങ്ങളാണ്.
കണ്ണൂർ: പി.വി. അൻവർ ഉയർത്തിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷോഭിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തളിപ്പറമ്പിൽ നടന്ന പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഗോവിന്ദനോട് പ്രതികരണമെടുക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായത്. വിഷയത്തിൽ പാർട്ടിക്ക് വ്യക്തമായൊരു മറുപടി പറയാൻ കഴിയുന്നില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാം ഇന്നലെ കഴിഞ്ഞത് എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.