‘ജയിലിൽ തലയിണ ചോദിച്ചിട്ട് തന്നില്ല, ഒരു ചായയും ഒരു ചപ്പാത്തിയുമാണ് ഈ ദിവസം ആകെ കഴിച്ചത്’ -പി.വി. അൻവർ എം.എൽ.എ

എടപ്പാൾ: തവനൂർ സെൻട്രൽ ജയിലിലെ റിമാൻഡ് തടവ് വേളയിൽ വിഷമങ്ങളുണ്ടായതായി പി.വി. അൻവർ എം.എൽ.എ. തവനൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കിടക്കാൻ കട്ടിൽ കിട്ടിയെങ്കിലും തലയിണ ചോദിച്ചിട്ട് ജയിൽ സൂപ്രണ്ട് തന്നില്ല. കഴുത്തിന് പ്രശ്നങ്ങളുള്ള തനിക്ക് ഉയരം കുറഞ്ഞ തലയിണയില്ലെങ്കിൽ ഉറങ്ങാൻ കഴിയില്ല. രാവിലെ ലഭിച്ച ഒരു ഗ്ലാസ് ചായയും ഒരു ചപ്പാത്തിയുമാണ് ഈ ദിവസം ആകെ കഴിച്ചത്. ഉച്ചക്ക് ഭക്ഷണം തന്നെങ്കിലും, തൃപ്തി തോന്നാത്തതിനാൽ കഴിച്ചില്ല. എം.എൽ.എ എന്ന നിലക്ക് എന്ത് പരിഗണനയാണ് നിയമപരമായി ജയിലിൽ ലഭിക്കേണ്ടതെന്ന് അറിയാത്തതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ല’ -പി.വി. അൻവർ പറഞ്ഞു.

ഇനി ഒറ്റയാൾ പോരാട്ടമല്ലെന്നും ‘പിണറായിസ’ത്തെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ‘യു.ഡി.എഫുമായി കൈകോർത്ത് മുന്നോട്ടുപോകും. ഇനി കൂട്ടായ പോരാട്ടമാണ്. അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ല. സാഹചര്യത്തിനനുസരിച്ച് മാറും. ശത്രുവിനെ തകർക്കുകയാണ് ലക്ഷ്യം. അതിന് സാധ്യമായ മാർഗങ്ങളെല്ലാം നോക്കും. ദൈവത്തിന് സ്തുതി, തനിക്ക് പിന്തുണ നൽകിയ യു.ഡി.എഫിന് നന്ദി. പാണക്കാട് സാദിഖലി തങ്ങൾക്കും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രത്യേകം നന്ദി പറയുന്നു. വി.ഡി. സതീശനുമായി ഭിന്നതയില്ല. അദ്ദേഹവുമായി സഹകരിച്ചുപോകും. പിണറായിയുടെ ന്യൂനപക്ഷ വേട്ടക്കെതിരെ സമരം ശക്തമാക്കും. മലയോര മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി, ക്രൈസ്തവ പുരോഹിതന്മാരുമായി ചേർന്നുള്ള പോരാട്ടം തുടരും. വനനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ചെറുക്കും’ -അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി 8.27 ഓടെയാണ് എം.എൽ.എയെ തവനൂർ സെൻട്രൻ ജയിലിൽനിന്ന് വിട്ടയച്ചത്. കോടതി രേഖകൾ സമർപ്പിച്ച് പി.വി. അൻവർ എം.എൽ.എക്ക് ജയിൽ മോചിതനാകാൻ 20 മിനിറ്റാണ് വേണ്ടിവന്നത്.

സാധാരണ രാത്രി ഏഴു വരെയാണ് ജാമ്യം ലഭിച്ചവരെ വിട്ടയക്കാറുള്ളത്. എന്നാൽ, ജാമ്യരേഖകൾ മെയിലിൽ ലഭിച്ചതിനാൽ പി.വി. അൻവറിന് ഒമ്പതുവരെ സമയം നീട്ടി നൽകി. വൈകീട്ട് 6.08ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് 7.55 നാണ് ജാമ്യരേഖകളുമായി ഡി.എം.കെ പ്രവർത്തകർ തവനൂരിലെത്തിയത്. ഹർഷാരവങ്ങളോടെ മുദ്രാവാക്യം മുഴക്കിയാണ് എം.എൽ.എയെ പ്രവർത്തകർ സ്വീകരിച്ചത്. 

Tags:    
News Summary - pv anvar mla about jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.