മലപ്പുറം: ആർ.എസ്.എസുകാർ പ്രതികളായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുമല ആശ്രമം കത്തിച്ച കേസിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ച തുറന്നുകാട്ടുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവിട്ട് പി.വി. അൻവർ എം.എൽ.എ. ആശ്രമം കത്തിച്ച കേസ് സി.പി.എം നേതാക്കളിലേക്ക് വഴിതിരിച്ചുവിട്ടത് എ.ഡി.ജി.പി എം.ആർ. അജിത് കുമാറും സംഘവുമാണെന്ന് അൻവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചതിനാണ് ആർ.എസ്.എസുകാർ സ്വാമിയുടെ ആശ്രമം കത്തിച്ചത്. ഈ കേസിൽ പ്രതികളെ രക്ഷപ്പെടാൻ പൊലീസ് ആസൂത്രിത നീക്കമാണ് നടത്തിയതെന്നും അൻവർ പറഞ്ഞു.
ആശ്രമം കത്തിച്ചത് ആർ.എസ്.എസുകാർ ആണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിട്ടും അവരുടെ ഫോൺ രേഖകൾ പരിശോധിച്ചില്ല. സന്ദീപാനന്ദഗിരി തന്നെയാണ് കത്തിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നു. ആശ്രമത്തിലെ അന്തേവാസികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. ഡിവൈ.എസ്.പി രാജേഷാണ് കേസ് വഴിതിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥൻ വിരമിച്ചശേഷം ബി.ജെ.പിയിൽ സജീവമായതായും അദ്ദേഹം ബി.ജെ.പി ബൂത്ത് ഏജന്റായി പ്രവർത്തിക്കുന്ന മൊബൈൽ ചിത്രം ഉയർത്തിക്കാട്ടി അൻവർ ആരോപിച്ചു. 2023 മേയ് 11ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂനിറ്റ്-ഒന്നിലെ ഡിവൈ.എസ്.പി എം.ഐ. ഷാജി, എസ്.പിക്ക് സമർപ്പിച്ച റിപ്പോർട്ടാണ് അൻവർ പുറത്തുവിട്ടത്. സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പിന്നീട് പ്രതികളെ പിടികൂടിയത്. പൊലീസിലെ ആർ.എസ്.എസുകാർ സർക്കാറിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ വ്യക്തമാണെന്നും അൻവർ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം: എസ്. സുജിത്ദാസ് മലപ്പുറം എസ്.പിയായിരിക്കെ മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയുമടക്കം ഫോൺ ചോർത്തിയതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പി.വി. അൻവർ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി. തീവ്രവാദവിരുദ്ധ സേനയായ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പിന്റെ (എസ്.ഒ.ജി) അരീക്കോട് കേന്ദ്രത്തിലെ ഇന്റർസെപ്ഷൻ മെഷീൻ ഉപയോഗിച്ചാണ് വർഷങ്ങളോളം അനധികൃതമായി ഫോൺ ചോർത്തിയത്. എസ്.ഒ.ജി അസി. കമാൻഡന്റിനും അവിടെയുള്ള മൂന്ന് ഉദ്യോഗസ്ഥർക്കും ഫോൺ ചോർത്തലിൽ പങ്കുണ്ടെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്ക് പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.