കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ റിസോർട്ടിലെ അനധികൃത തടയണകൾ പൊളിക്കണമെന്ന പരാതി തീർപ്പാക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കോടതിയലക്ഷ്യ ഹരജി. ടൂറിസം പദ്ധതിയുടെ ഭാഗമായ കോഴിക്കോട് കക്കാടംപൊയിലിലെ പി.വി.ആർ നാച്വറോ റിസോർട്ടുമായി ബന്ധപ്പെട്ട പരാതി രണ്ടുമാസത്തിനകം പരിഗണിച്ച് തീർപ്പാക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ജില്ല കലക്ടർ സീറാം സാംബശിവ റാവുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജനാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
പി.വി.ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമിച്ച നാല് തടയണകൾ ഉൾപ്പെടെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജൻ സമർപ്പിച്ച ഹരജിയിൽ കോഴിക്കോട് ജില്ല കലക്ടർക്ക് ഹരജിക്കാരൻ നൽകിയ നിവേദനം രണ്ടുമാസത്തിനകം തീർപ്പാക്കാൻ 2020 ഡിസംബർ 12ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. അനുമതിയില്ലാതെയാണ് റിസോർട്ടിൽ തടയണ നിർമിച്ചതെന്ന കൂടരഞ്ഞി വില്ലേജ് ഒാഫിസറുെടയും പഞ്ചായത്ത് സെക്രട്ടറിയുെടയും റിപ്പോർട്ടുകൂടി പരിഗണിച്ച് തീർപ്പാക്കാനായിരുന്നു നിർദേശം. തുടർന്ന്, 2021 ജനുവരി 25ന് ഹിയറിങ് നടത്തിയതല്ലാതെ അഞ്ചുമാസമായി കലക്ടർ ഒരു നടപടിയുമെടുത്തില്ലെന്നാണ് ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.