ഇടതുമുന്നണിയെയും സർക്കാറിനെയും പ്രതിക്കൂട്ടിൽ നിർത്തിയുള്ള പി.വി.അൻവർ എം.എൽ.എയെ അനുകൂലിക്കുന്നവരെ നിരീക്ഷിക്കാൻ സി.പി.എം തീരുമാനം. മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലൂടെ അൻവറിന്റെ നീക്കങ്ങളെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. ഇതോടെ, കഴിഞ്ഞ ദിവസങ്ങളിൽ അൻവറിന് പിന്തുണ നൽകിയ പല സി.പി.എം അനുകൂല സൈബർ സംഘങ്ങളും പിൻവലിഞ്ഞ സാഹചര്യമാണുള്ളത്. അൻവർ വന്നത് കോൺഗ്രസ് സാഹചര്യത്തിലാണെന്നാണ് പിണറായിയുടെ പരാമർശം. ഇതിന്, ഇ.എം.എസും കോൺഗ്രസുകാരനായിരുന്നല്ലോ എന്ന മറുപടിയാണ് അൻവർ നൽകിയത്. ഇതിനർത്ഥം പ്രത്യക്ഷത്തിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്നില്ലെങ്കിലും തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്ന സൂചനയാണ് അൻവർ പാർട്ടിക്കും മുന്നണിക്കും നൽകുന്നത്. എന്നാൽ, ഈ രീതിയിൽ മുന്നോട്ട് പോയാൽ കാര്യങ്ങൾ പിടിവിട്ട്പോകുമെന്ന ഭീതിയിലാണ് സി.പി.എം നേതൃത്വം. എന്നാൽ, നടന്നുകൊണ്ടിരിക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ ഇതുവരെ പൊലീസ് നയത്തിനെതിരെ രൂക്ഷവിമർശനമാണുയർന്നത്. മുഖ്യമന്ത്രി പൊലീസിന് വെള്ളപൂശിയ സാഹചര്യത്തിൽ ഇനി നടക്കാനിരിക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ വിമർശനം കുറയുമെന്നാണ് നേതൃത്വം കരുതുന്നത്.
ഒരു മണിക്കൂർ 40 മിനിട്ട് പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം അൻവറിനും അതുവഴി ആഭ്യന്തര വകുപ്പിനെ വിമർശിക്കുന്ന അനുയായികൾക്കുള്ള മറുപടിയാണ് നൽകിയതെന്ന വിലയിരുത്തലാണ് പൊതുവായിട്ടുള്ളത്. ഇടതുമുന്നണിയുടെ ചരിത്രത്തിൽ അൻവറിനെപ്പോലെ പ്രതിസന്ധി സൃഷ്ടിച്ച എം.എൽ.എ ഉണ്ടായിരുന്നില്ലെന്ന തരത്തിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും അതുവഴി ഉൾപാർട്ടി ജനാധിപത്യമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രീതിയാണ് ശരിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള നീക്കമാണ് സി.പി.എം ലക്ഷ്യമിടുന്നത്.
വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ മുൻകൂട്ടി കണ്ട മുഖ്യമന്ത്രി എല്ലാറ്റിനും ഉത്തരങ്ങൾ നേരത്തെ തയ്യാറാക്കികൊണ്ടുവന്നിരുന്നു. ആർ.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് -ആർ.എസ്.എസ് ബന്ധവും അതിന്റെ ചരിത്രവും പറഞ്ഞാണ് പ്രതിരോധിച്ചത്.
ഒടുവിൽ നടത്തിയ പത്രസമ്മേളനത്തിൽ പി. ശശിക്കെതിരെ രൂക്ഷവിമർശനം നടത്തുമ്പോഴും അൻവർ മുഖ്യമന്ത്രിയെ ഉപദേശകർ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറയാനാണ് ഏറെ സമയം ചെലവഴിച്ചത്. പാർട്ടി സമ്മേളനത്തിൽ സർക്കാറിനെതിരായ വിമർശനം ശക്തമാകുന്നത് മനസിലാക്കിയാണ് ഏറെ സമയം ചെലവഴിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.