മതം പറഞ്ഞ് വോട്ട്​ തേടി പി.വി അൻവർ എം.എൽ.എ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

 നിലമ്പൂര്‍: നിലമ്പൂർ നഗരസഭയിലെ ചന്തക്കുന്ന് വാർഡിൽ ഇടതുസ്​ഥാനാർഥിക്ക്​ വേണ്ടി മതവികാരം ഇളക്കിവിട്ട്​ വോട്ട്​ ചോദിച്ച ഇടത്​ എം.എൽ.എ പി.വി. അൻവറി​െൻറ പ്രസംഗം വിവാദമാകുന്നു. പ്രസംഗത്തി​െൻറ ഓഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. മതം പറഞ്ഞ്​ വോട്ട്​ ചോദിക്കുന്നതിനെതിരെ യു.ഡി.എഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

നഗരസഭയിലെ 9ാം വാർഡായ ചന്തക്കുന്നിലെ ഇടത്​ സ്വതന്ത്ര സ്​ഥാനാർഥി ആബിദ താത്തൂക്കാരന്​ വേണ്ടി വൃന്ദാവനംകുന്നിൽ നടന്ന യോഗത്തിലാണ് വിവാദ പ്രസംഗം നടത്തിയത്​. കോൺഗ്രസി​െൻറ ശ്രീജ വെട്ടത്തേഴത്താണ്​ ഇവരുടെ എതിർ സ്​ഥാനാർഥി. ഇഹലോകവും പരലോകവുമില്ലാത്തവർക്ക്​ വോട്ടു ചെയ്ത് വിട്ടിട്ട് എന്ത് കാര്യമെന്നാണ്​ എം.എൽ.എ ചോദിക്കുന്നത്​. നഗരസഭയിലെ കുടിവെള്ള പ്രശ്​നം പരാമർശിച്ച്​ തുടങ്ങിയ പ്രസംഗത്തിൽ 'റബ്ബിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു' എന്ന് പറഞ്ഞാണ്​ എതിർ സ്​ഥാനാർഥിക്കെതിരെ മതപരമായി വിമർശനമുന്നയിക്കുന്നത്​.

പ്രസംഗത്തിൽ നിന്ന്​: 'മഹാഭൂരിപക്ഷവും മുസ്​ലിം സമുദായമാണിവിടെ. ഇൻഷാ അല്ലാഹ്​.. ഈ മഗ്​രിബി​െൻറ സമയത്ത് റബ്ബിനെ സാക്ഷി നിർത്തി ഞാൻ നിങ്ങളോട് പറയുന്നു. ഇത് രാഷ്ട്രീയമൊന്നുമല്ല, എനിക്ക് വോട്ടു ചെയ്ത ഈ മനുഷ്യന്മാരെ സഹായിക്കൽ എ​െൻറ അനാമത്താ... ഈ ചെയ്യുന്ന പ്രവൃത്തിയൊക്കെ ഇബാദത്താ... ഇഹലോകവും പരലോകവുമില്ലാത്തവർക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം. ബാക്കിയൊന്നും ഞാൻ പറയേണ്ട കാര്യമില്ലല്ലോ. മനസിലാക്കാനുള്ള ശേഷി നിങ്ങൾക്കുണ്ടാകും. പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ. പടച്ചോനെ പേടിക്കാത്തവർ എന്തിന് പടപ്പിനെ പേടിക്കണം. അതു മനസിലാക്കി കൊള്ളീ. ഇനി ഞാൻ ഒന്നും പറയുന്നില്ല...''

പടച്ചോൻ മുനിസിപ്പാലിറ്റിയുടെ ഭരണം ഇടതുപക്ഷത്തിന്​ തന്നാൽ എല്ലാവർക്കും കുടിവെള്ളം തരുമെന്നും പ്രസംഗത്തിൽ അൻവർ പറയുന്നുണ്ട്. ഏഴു മിനിറ്റും ഏഴു സെക്കന്റും ദൈര്‍ഘ്യമുള്ളതാണ് അന്‍വറി​െൻറ പ്രസംഗം. നിലമ്പൂര്‍ നഗരസഭയിലെ വോട്ടറും നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറുമായ ഷാജഹാന്‍ പായിമ്പാടമാണ് അന്‍വറി​െൻറ പ്രസംഗത്തി​െൻറ ഓഡിയോ ക്ലിപ്പ് സഹിതം പരാതി നല്‍കിയത്. ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇടതുസ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി മുസ്​ലിം ഭൂരിപക്ഷ ഡിവിഷനില്‍ മതവികാരം ഇളക്കിവിടുന്നതിനായി ബോധപൂര്‍വം എം.എല്‍.എ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും ജനപ്രാതിനിധ്യ നിയമം 123 (3)വകുപ്പു പ്രകാരവും ഐ.പി.സി 171 (എഫ്) പ്രകാരവും കുറ്റകരമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.