‘അവനവിടെ ഇരിക്കട്ടെ എന്ന ഭാവത്തിലാണെങ്കിൽ...’; വൈകിയെത്തിയ എസ്.പിയെ വേദിയിലിരുത്തി പി.വി. അൻവറിന്റെ രൂക്ഷ വിമർശനം

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന ഉദ്ഘാടന വേദിയിലാണ് മലപ്പുറം എസ്.പി എസ്. ശശിധരനെ രൂക്ഷഭാഷയില്‍ പി.വി അൻവർ വിമര്‍ശിച്ചത്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ പൊലീസിൽ ചിലർ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ ആരോപിച്ചു. ഇതിനുപിന്നാലെ ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു.

പരിപാടിക്ക് എസ്.പി വൈകിയാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്. ഐ.പി.എസ്. ഓഫിസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനക്ക് നാണക്കേടാണെന്ന് പറഞ്ഞാണ് എം.എല്‍.എ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. തന്റെ പാര്‍ക്കിലെ 2500 കിലോയോളം ഭാരമുള്ള റോപ്പ് കാണാതായെന്നും എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്നും എം.എൽ.എ പറഞ്ഞു.

കഞ്ചാവ് കച്ചവടക്കാരുമായി ചേർന്ന് ചില പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായും അൻവർ വെളിപ്പെടുത്തി. ചില പുഴുക്കുത്തുക്കൾ ഈ സർക്കാരിനെയും മുഖ്യമന്ത്രിയെയും പലഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സർക്കാരിനെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ ചിലയാളുകൾ ശ്രമിക്കുന്നുണ്ട്. അതിന്റെ ഫലം കാണുന്നുമുണ്ട്. ദുരുദ്ദേശ്യപൂർവം താനെന്തോ വലിയയാളെന്ന നിലയിൽ പ്രവർത്തിക്കുകയാണ്.

എസ്.പി കുറേ സിം കാർഡ് പിടിച്ചത് ഞാൻ കണ്ടു. ഞങ്ങളുടെ 10 ലക്ഷത്തിന്റെ മുതലിന് യാതൊരു വിവരവുമില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. എന്റെ വീട്ടിൽ നടന്ന സംഭവത്തിൽ എന്നെ വിളിച്ചുസംസാരിക്കാനുള്ള ഉത്തരവാദിത്തം എസ്.പിക്കില്ലേയെന്നും അൻവർ ജില്ലാ പൊലീസ് മേധാവിയെ വേദിയിലിരുത്തി ചോദിച്ചു.

എസ്.പി ബോധപൂർവം പരിപാടിയിൽ വൈകിയെത്തിയെന്നും പി.വി അൻവർ ആരോപിച്ചു. രാവിലെ പത്തു മണിക്ക് പറഞ്ഞ സമ്മേളനത്തിന് 9.50ന് മലപ്പുറത്ത് എത്തിയിട്ടുണ്ട്. എന്നാൽ, കുറച്ചുകൂടി കാത്തിരിക്കാനാണ് എന്നോട് വിളിച്ചുപറഞ്ഞത്. 27 മിനിറ്റ് ഞാൻ കാത്തിരുന്നു. എസ്.പി തിരക്ക് പിടിച്ച ഓഫിസറാണ്. അതിന്റെ ഭാഗമായാണ് വൈകിയതെങ്കിൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ, അവനവിടെ ഇരിക്കട്ടെ എന്ന ഭാവത്തിലാണെങ്കിൽ അദ്ദേഹം തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും അൻവർ എം.എൽ.എ പറഞ്ഞു.

Tags:    
News Summary - PV Anwar severely criticized Malappuram SP on the stage.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.