‘അവനവിടെ ഇരിക്കട്ടെ എന്ന ഭാവത്തിലാണെങ്കിൽ...’; മലപ്പുറം എസ്.പിയെ പൊതുവേദിയിൽ അധിക്ഷേപിച്ച് പി.വി. അൻവര്‍
text_fieldsമലപ്പുറം: ജില്ല പൊലീസ് അസോസിയേഷൻ സമ്മേളനവേദിയില്‍ മലപ്പുറം എസ്.പി എസ്. ശശിധരനെ അധിക്ഷേപിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. എസ്.പി എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് എം.എൽ.എ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഇതോടെ മുഖ്യപ്രഭാഷകനായിരുന്ന എസ്.പി പ്രസംഗിക്കാതെ വേദി വിട്ടു.
ചില ഐ.പി.എസ് ഓഫിസര്‍മാരുടെ പെരുമാറ്റം സേനക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞാണ് എം.എല്‍.എ വിമര്‍ശനം തുടങ്ങിയത്. വാഹനപരിശോധന, തന്റെ പാര്‍ക്കിലെ റോപ് വേ ഉപകരണങ്ങള്‍ കാണാതായിട്ടും അന്വേഷിക്കാത്തത്, പൊലീസുകാരുടെ വ്യാപക സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞശേഷമാണ് എസ്.പിയെ വിമർശിച്ചത്.
ഈ പരിപാടിയിൽ തനിക്ക് എസ്.പിയെ കാത്ത് അരമണിക്കൂറിലേറെ ഇരിക്കേണ്ടിവന്നു. അദ്ദേഹം ജോലിത്തിരക്കുള്ള ആളാണ്. അതാണ് കാരണമെങ്കിൽ ഒ.കെ. അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെയെന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. ഇതൊന്നും ശരിയായ രീതിയല്ല -പി.വി. അന്‍വര്‍ കുറ്റപ്പെടുത്തി.
ഇങ്ങനെ പറയേണ്ടിവന്നതിൽ ബുദ്ധിമുട്ടുണ്ട്. പൊലീസിൽ മാറ്റമുണ്ടായേ തീരൂ. അല്ലെങ്കില്‍ ജനം ഇടപെടും. ഒന്നുരണ്ട് കാര്യങ്ങൾകൂടി പറയാനുണ്ട്. അത് പറഞ്ഞാൽ സദസ്സ് വഷളാവും.തുപ്പലിറക്കി ദാഹം തീർക്കുന്ന സർക്കാറല്ല ഇതെന്നും പി.വി. അന്‍വര്‍ പറഞ്ഞു. പെറ്റിക്കേസിനായി ക്വോട്ട നിശ്ചയിച്ചിരിക്കുകയാണ്.
പോത്തുകല്ലിലെ രക്ഷാപ്രവർത്തകർക്കുപോലും വ്യാപകമായി പെറ്റിയടിച്ചു. അത് നിർത്താൻ തനിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ വിളിക്കേണ്ടിവന്നു. സർക്കാറിനെതിരെ ജനങ്ങളെ തിരിച്ചുവിടാനും പേരെടുക്കാനും ചില ഉദ്യോഗസ്ഥര്‍ ബോധപൂർവം ശ്രമിക്കുകയാണ്. മുകളിൽനിന്ന് ക്വോട്ട നിശ്ചയിച്ചിരിക്കുകയാണെന്നാണ് സി.ഐമാരും എസ്.ഐമാരും പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് നേരാണ്. എന്നാൽ, സാധുക്കളുടെ മേൽ പെറ്റിക്കേസിടേണ്ട കാര്യം സർക്കാറിനില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇത്ര ലക്ഷം തന്നോളണമെന്ന് ചിലർ ക്വോട്ട നിശ്ചയിക്കുകയാണ്. സർക്കാറിനെ നശിപ്പിക്കാനുള്ള കേന്ദ്രനീക്കങ്ങൾക്ക് കുടപിടിക്കുകയാണ് ഇവർ -പിവി. അൻവർ ആരോപിച്ചു. അല്പം തിരക്കിലാണെന്നും പ്രസംഗത്തിനു പറ്റിയ മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞാണ് എസ്.പി വേദി വിട്ടത്.
‘മേലുദ്യോഗസ്ഥർ അധികാരം പ്രയോഗിക്കുന്നു’
മലപ്പുറം: തന്റെ പാർക്കിലെ ഒമ്പതു ലക്ഷം രൂപ വിലയുള്ള സ്റ്റീൽ റോപ് മോഷണം പോയി എട്ടു മാസമായിട്ടും പ്രതികളെ പിടിച്ചില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ ആരോപിച്ചു.
എസ്.പിയെ മൂന്നു തവണ വിളിച്ചു. ഏതു പൊട്ടനും പ്രതികളെ കണ്ടെത്താവുന്നതല്ലേയുള്ളൂ. എം.എൽ.എയുടേതല്ലേ, അത് അവിടെ കിടക്കട്ടെയെന്നാണെങ്കിൽ പ്രതികരിക്കേണ്ട ഘട്ടമാവുമ്പോൾ പ്രതികരിക്കും. തെളിവ് സഹിതം നിയമസഭയിൽ ഇക്കാര്യമുന്നയിക്കും.
പൊലീസിൽ ചില പുഴുക്കുത്തുകളുണ്ട്. അടുത്തിടെ ചില സാധാരണ പൊലീസുകാർ എന്നെ സമീപിച്ചു. സമീപകാലത്ത് മലപ്പുറം ജില്ലയിൽ പൊലീസിൽ വ്യാപക സ്ഥലംമാറ്റം നടന്നു. കഞ്ചാവുകച്ചവടക്കാരുമായി ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ട്, അതിനാൽ എം.എൽ.എ സ്ഥലംമാറ്റത്തിൽ ഇടപെടരുതെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞത്.
എന്നാൽ, ഇതിലൊരു യാഥാർഥ്യവുമില്ല. മനുഷ്യനെ മനുഷ്യനായി കാണണം. മേലുദ്യോഗസ്ഥർക്ക് വേറെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് സഹപ്രവർത്തകരുടെ നെഞ്ചത്ത് പ്രയോഗിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.