പി.വി. അൻവർ ഡി.എം.കെയിലേക്ക്? ചെന്നൈയിലെത്തി നേതാക്കളുമായി ചർച്ച നടത്തി

മലപ്പുറം: പി.വി. അൻവർ എം.എൽ.എ ഡി.എം.കെയിലേക്കെന്ന് സൂചന. രാഷ്ട്രീയ വിവാദങ്ങൾക്കിടെ ചെന്നൈയിലെത്തി അൻവർ ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ഡി.എം.കെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചതായാണ് വിവരം. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കൾക്കൊപ്പമുള്ള അൻവറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അൻവറിന്‍റെ അപ്രതീക്ഷിത കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കെതിരെ വാർത്തസമ്മേളനം നടത്തിയതിന് പിന്നാലെ കേരള ഡി.എം.കെ നേതാക്കൾ അൻവറിനെ കണ്ടിരുന്നു.

തമിഴ്നാട്ടിലെ ലീഗ് നേതാക്കളുമായും അൻവർ ചർച്ച നടത്തി. ചെന്നൈയിലെ കെ.ടി.ഡി.സി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‍ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം. കൂടിക്കാഴ്ചയിൽ ഡി.എം.കെയുടെ രാജ്യസഭാംഗം എം.എം. അബ്ദുല്ലയും പങ്കെടുത്തു.

അതേസമയം, കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഹമ്മദ് അബൂബക്കർ തയാറായില്ല. അൻവറിന്റെ മകൻ റിസ്‌വാൻ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയെ കണ്ടിരുന്നു. നിലവിൽ സി.പി.എം ബന്ധം അവസാനിപ്പിച്ച അൻവർ ഒരു മുന്നണിയുടെയും ഭാഗമല്ല. കോൺഗ്രസിലോ ലീഗിലോ ചേരുന്നതിനേക്കാൾ കൂടുതൽ സ്വതന്ത്രമായി നിൽക്കാനാണ് അൻവർ ആഗ്രഹിക്കുന്നത്.

സി.പി.എമ്മുമായി ഇടയുമെന്ന് ഉറപ്പായതോടെ ഡി.എം.കെയുമായി അൻവർ ബന്ധപ്പെടുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. എൻ.സി.പിയുമായി സഹകരിക്കുന്നതിനെക്കുറിച്ചും രഹസ്യചർച്ച നടന്നിരുന്നു. ഡി.എം.കെയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന് ഞായറാഴ്ച മഞ്ചേരിയിൽ നടക്കുന്ന സമ്മേളനത്തിൽ അൻവർ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൻവറിന്റെ മണ്ഡലം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതാണ്. അദ്ദേഹത്തിന് തമിഴ്നാടുമായി ബിസിനസ് ബന്ധവും ഉണ്ട്.

കേരളത്തിൽ യു.ഡി.എഫ് അൻവറിന്റെ നീക്കങ്ങളെ ഗൗരവത്തിലെടുത്തിട്ടുണ്ട്. അൻവറിനെ ആദ്യം തള്ളിപ്പറഞ്ഞ മുസ്‍ലിംലീഗ് കരുതലോടെയാണ് ഇപ്പോൾ അൻവറി​നെക്കുറിച്ച് സംസാരിക്കുന്നത്. കോൺഗ്രസും അൻവറിന്റെ മുന്നിൽ പൂർണമായി വാതിലടച്ചിട്ടില്ല. അതേസമയം, നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പമിരിക്കില്ലെന്നും സ്വതന്ത്രനായി നിൽക്കുമെന്നും അൻവർ പറഞ്ഞിരുന്നു.

അതിനിടെ സി.പി.എം അൻവറിനെതിരായ പ്രചാരണം കടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പിണറായിയുമായി അടുത്ത ബന്ധമുള്ള സ്റ്റാലിന്റെ പാർട്ടിയുമായി അൻവറിന്റെ ബന്ധം എങ്ങനെയായിരിക്കുമെന്ന് കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കുന്നത്.

Tags:    
News Summary - P.V. Anwar to DMK? Reached Chennai and discussed with the leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.