പി.വി അൻവറിന്റെ ആരോപണം; പി.ശശിക്കെതിരെ സി.പി.എം അന്വേഷണം ?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ഉയർന്ന ആരോപണത്തിൽ സി.പി.എം അന്വേഷണം നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവർ താൻ ഉന്നയിച്ച ആരോപണങ്ങളിൽ രേഖാമൂലം പരാതി നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് അന്വേഷണത്തിനുള്ള നീക്കം സി.പി.എം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്. അൻവറിന്റെ പരാതി ഗൗരവമായി കാണണമെന്ന് സി.പി.എമ്മിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അടക്കമുള്ളവർക്കെതിരായ അന്വേഷണം സത്യസന്ധമായി പോയില്ലെങ്കിൽ അന്വേഷണ സംഘം ഉത്തരം പറയേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പി.വി അൻവർ പ്രതികരിച്ചിരുന്നു.

ഈ സമൂഹം അവരെയും ചോദ്യം ചെയ്യും. അതിന് മുമ്പിൽ താനുണ്ടാകും. കള്ള അന്വേഷണം നടത്തി രക്ഷപ്പെടുത്താൻ ആരെയെങ്കിലും ശ്രമിച്ചാൽ പബ്ലിക്കായി താൻ ചോദിക്കും. മലപ്പുറം മരംമുറിക്കേസും പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ആരംഭിച്ചതായും അൻവർ വ്യക്തമാക്കി.

താൻ ഉയർത്തിയ രണ്ട് വിഷയങ്ങളുമായി പൊതു സമൂഹത്തിന് മുൻപിൽ തുടർന്നും ഉണ്ടാകും. എ.ഡി.ജി.പിയെ പദവിയിൽ നിന്ന് മാറ്റി നിർത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാരുമാണ് തീരുമാനമെടുക്കേണ്ടത്. അന്തസ്സുള്ള മുഖ്യമന്ത്രിക്കും സർക്കാറിനും പാർട്ടിക്കും മുമ്പിലാണ് താൻ പരാതി നൽകിയത്. ജനങ്ങളുടെ മുമ്പിലാണ് കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തിരുന്നു.

Tags:    
News Summary - PV Anwar's allegation; CPM investigation against P Sasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.