കൊണ്ടോട്ടി: വിസയില്ലാതെ വരുന്നവർക്കായി ഖത്തർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വിദേശകാര്യ മന്ത്രാലയം തുടർനടപടികൾ സ്വീകരിച്ചില്ല. ഇന്ത്യയടക്കം 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാൻ ആഗസ്റ്റ് ഒമ്പതിനാണ് ഖത്തർ അനുമതി നൽകിയത്. തുടർനടപടികൾ സ്വീകരിക്കേണ്ടതും വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിന് നിർദേശം ലഭിക്കേണ്ടതും വിദേശകാര്യ മന്ത്രാലയത്തിൽനിന്നാണ്. എന്നാൽ, തിങ്കളാഴ്ച വരെ ഒൗദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എമിഗ്രേഷൻ അധികൃതർ അറിയിച്ചു. പെരുന്നാൾ, ഒാണം സീസണായതോടെ നിരവധി പേരാണ് പുതിയ സംവിധാനത്തിലൂടെ ഖത്തറിലേക്ക് പോകാൻ ശ്രമം നടത്തിയത്. ട്രാവൽ ഏജൻസികളിലും അന്വേഷണവുമായി നിരവധി പേരെത്തുന്നുണ്ട്.
ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 30 ദിവസത്തേക്കാണ് അനുമതി നൽകുക. ആവശ്യമെങ്കിൽ 30 ദിവസത്തേക്ക് കൂടി നീട്ടിനൽകും. ബാക്കി 33 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 90 ദിവസത്തേക്കാണ് അനുമതി നൽകുക. പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും മടക്കയാത്രക്കുള്ള ടിക്കറ്റും ഹാജരാക്കിയാൽ പ്രവേശനാനുമതി ലഭിക്കുമെന്നായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.