കോഴിക്കോട് : സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ എതിർക്കുന്നത് ക്വാറി -ഖനന മാഫിയയാണെന്ന് പ്രകൃതി സംരക്ഷണ സമിതി. കോടതി വിധി സംബന്ധിച്ച് ഇവർതെറ്റിധാരണകളും അസത്യങ്ങളുമാണ് പ്രചരിപ്പിക്കുന്നത്.
പാരിസ്ഥിതി ലോല മേഖലയിൽ ഖനനം, ക്വാറികൾ, വൻകിട അണക്കെട്ടുകൾ, ചുവപ്പു ലിസ്റ്റിൽ പെട്ട രാസവ്യവസായങ്ങൾ, മരമില്ലുകൾ എന്നിവ മാത്രമെ നിരോധിച്ചിട്ടുള്ളൂ. മറ്റെല്ലാം നിയന്ത്രിക്കുക മാത്രമാണ് ചെയ്തത്. ലോല മേഖലയുടെ മാസ്റ്റർ പ്ലാൻ തെയ്യാറാക്കാൻ ജില്ലാ കലക്ടർ ചെയർമാനും എം.പി യും എം.എൽ.എയും ജനപ്രതിനിധികളും അടങ്ങിയ സ്വതന്ത്ര ബോഡിയെ നിയമിച്ചിട്ടുണ്ട്.
പട്ടണങ്ങളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടവും ഉണ്ടെങ്കിൽ സംസ്ഥാന സർക്കാറിന്ന് പരിസ്ഥിതി മന്ത്രാലയം മുഖേന സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്. കേരളത്തിലെ സംരക്ഷിത വനത്തിന്റെ ലോല മേഖല പ്രഖ്യാപിക്കാത്തതിനാൽ 2011 മുതൽ 10 കിലോമീറ്റർ ലോല മേഖലയായി ഇപ്പോഴും നിലനിൽക്കുകയാണ്. ഭീതി പരത്തുന്നവർ പ്രചരിപ്പിക്കുന്നതു പോലെ ഇവിടങ്ങളിൽ ജനം ഒരു ബുദ്ധിമുട്ടും അനുഭവിക്കുന്നില്ല.
വയനാടിന്റെ അതിരിലുള്ള ബന്ധിപ്പൂർ ടൈഗർ റിസർവിന്റെ 10 കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായിട്ട് 12 വർഷം തികഞ്ഞു. നൂറുകണക്കിന് ഗ്രാമങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. വയനാട്ടിലെ സാധാരണ കർഷകരുടെ ഫല സമൃദ്ധമായ കൃഷിഭൂമികൾ ചുരം കയറിയെത്തുന്ന മാഫിയകളും അതിസമ്പന്നരും വൻ വില കൊടുത്ത് വാങ്ങി അനാവശ്യ നിർമ്മിതികൾ ഉണ്ടാക്കുകയും കർഷകർ കൂട്ടത്തോടെ പലായനം ചെയ്യുകയുമാണ്.
സാധാരണക്കാർ വീടുവയ്ക്കാൻ ഭൂമികിട്ടാതെ വില കണ്ട് പകച്ചു നിൽക്കുന്നു. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങൾ റിസോർട്ട് - ടൂറിസം മാഫിയ കൈയടക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സാധാരണക്കാർക്കൊക്കെ സുപ്രീം കോടതി വിധി ആശ്വാസകരമാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിയന്ത്രണം സംബന്ധിച്ച യഥാർത്ഥ വസ്തുത ജനങ്ങൾക്ക് എത്തിക്കാൻ വനം വകുപ്പും സർക്കാറും തയാറാകണമെന്നും സമിതി നോതാക്കളായ എൻ.ബാദുഷയും തോമസ് അമ്പലവയലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.