കോഴിക്കോട്: പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്നത് സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ. പരീക്ഷയുടെ തലേന്ന് ക്രിസ്മസ് അർധവാർഷികയുടെ ചോദ്യങ്ങളുടെ മാതൃകയാണ് പുറത്തുവന്നത്. എന്നാൽ ചോദ്യങ്ങളുടെ ക്രമം പോലും തെറ്റാതെയാണ് സ്വകാര്യ ഓൺലൈൻ ട്യൂഷൻ ചാനലിൽ ചർച്ച ചെയ്തത്.
വ്യാഴാഴ്ചയായിരുന്നു പ്ലസ് വൺ കണക്ക് പരീക്ഷ. പരീക്ഷക്കുവന്ന 23 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി തന്നെ സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നു. കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോദിച്ചതാണ് അധ്യാപകർക്ക് സംശയം ഉണ്ടാക്കിയത്. പരീക്ഷാത്തലേന്ന് ചേദ്യങ്ങൾ ചോർന്നതിൽ ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും.
പത്താംക്ലാസ് ചോദ്യച്ചോർച്ചയിൽ കോഴിക്കോട് പൊതുവിദ്യാഭ്യസ ഉപഡയറക്ടർ സി. മനോജ് കുമാർ പൊതുവിദ്യാഭ്യാസ വകുപ്പിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സംഭവവുമായി ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. ബുധനാഴ്ച നടന്ന പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷയില്‍ വന്ന 80 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 70 ശതമാനവും നേരത്തെ തന്നെ ഇതേ ഓണ്‍ലൈന്‍ ചാനല്‍ പ്രവചിച്ചിരുന്നു. ചോദ്യപേപ്പറിലെ അതേ ചോദ്യങ്ങൾ ഇവർക്ക് എങ്ങനെ കിട്ടുന്നു എന്നതിൽ വ്യക്തതയായിട്ടില്ല. ചോദ്യപേപ്പർ തയാറാക്കി നൽകുന്ന അധ്യാപകർതന്നെ സ്വകാര്യ ട്യൂഷൻ ചാനലിന് ഇത് ചോർത്തി നൽകുന്നുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.