കൊല്ലം: തന്‍റെ പാർട്ടി കൂടി ഉൾപ്പെട്ട ഇടതുമുന്നണി പിണറായി വിജയന്‍റെ നേതൃത്വത്തിൽ തുടർഭരണത്തിലെത്തുമെന്ന് പ്രവചിച്ചും മകൻ ഗണേഷ് കുമാറിന്‍റെ പത്തനാപുരം മണ്ഡലത്തിലെ വിജയം കണ്ടുമായിരുന്നു കേരള രാഷ്ട്രീയത്തിലെ മഹാമേരുവായിരുന്ന ബാലകൃഷ്ണപിള്ളയുടെ മടക്കയാത്ര. ഗണേഷ് കുമാറിന്‍റെ പത്തനാപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ബാലകൃഷ്ണപിള്ള ഇടതുമുന്നണിയുടെ തുടർഭരണം പ്രവചിച്ചത്. തുടർഭരണം ഉണ്ടാകുമോെയന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'യാതൊരു സംശയവുമില്ല' എന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ മറുപടി. താൻ പ്രവചിച്ചതുപോലെ ഇടതുമുന്നണി ചരിത്ര വിജയം നേടിയതും പത്തനാപുരത്ത് ഗണേഷ്കുമാർ ജയിച്ചുകയറിയതും അറിഞ്ഞ ശേഷമാണ് കാലം അദ്ദേഹത്തെ തിരിച്ചുവിളിച്ചത്.
അരനൂറ്റാണ്ടായ കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പ്രത്യക്ഷമായും പരോക്ഷമായും സാന്നിധ്യമറിയിച്ചിട്ടുള്ള ബാലകൃഷ്ണപിള്ള അവസാന നാളുകളിലും ആ പതിവ് തെറ്റിച്ചില്ല. രോഗകിടക്കയിലും രാഷ്ട്രീയം തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവവായു. ഇടതുമുന്നണിയുടെ പത്തനാപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനും ഒരു ദിവസം ഗണേഷ്കുമാറിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങാനും അദ്ദേഹമെത്തിയത് അണികളിൽ ഏെറ ആവേശമാണ് സൃഷ്ടിച്ചത്. ബാലകൃഷ്ണപിള്ള അവസാനമായി പങ്കെടുത്ത പൊതുപരിപാടിയും ഇതായിരുന്നു.
ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ ഒന്നരവർഷമായി കൊട്ടാരക്കരയിലെ വീട്ടിൽ തിരക്കുകളിൽ നിന്നകന്ന് ജീവിക്കുകയായിരുന്നെങ്കിലും പാർട്ടി നേതാക്കൾക്കുവേണ്ടിയുള്ള കൃത്യമായ നയങ്ങളും ഉപദേശങ്ങളും നൽകിയിരുന്നത് ബാലകൃഷ്ണപിള്ള തന്നെയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇപ്പോൾ ഒടുവിൽ ഗണേഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പാർട്ടി നീങ്ങിയത് അദ്ദേഹത്തിന്‍റെ വാക്കുകൾ അനുസരിച്ച് തന്നെയാണ്. ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അദ്ദേഹത്തിന്‍റെ വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.