കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളടങ്ങിയ തീപ്പൊരി പ്രസംഗം നടത്തി അണികളെ ആവേശത്തിലാക്കാനുള്ള ബാലകൃഷ്ണപിള്ളയുടെ കഴിവിനെ രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിച്ചിരുന്നു. പക്ഷേ, ചില പ്രസംഗങ്ങൾ അതിരുവിട്ട് മുന്നണികൾക്ക് തലവേദനയായിട്ടുമുണ്ട്. ഒരു പൊതുസമ്മേളന വേദിയിലെ പ്രസംഗത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിെവക്കേണ്ടിവന്നിട്ടുമുണ്ട് ബാലകൃഷ്ണപ്പിള്ളക്ക്. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ നടത്തിയ പ്രസംഗം പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിലാണ് പ്രശസ്തമായത്.
1985 മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ കേരള കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു അത്. വ്യവസായ വികസനത്തിൽ പഞ്ചാബ് മോഡലിനെ പ്രകീര്‍ത്തിക്കുകയും ആവശ്യമെങ്കിൽ ആ ശൈലി കേരളം പിന്തുടരണമെന്ന് പ്രഖ്യാപിക്കുകയുമാണ് പിള്ള ചെയ്തത്. 'കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കൾ രംഗത്തിറങ്ങണം'- പിള്ള ആവേശത്തോടെ പ്രസംഗിച്ചു.
പഞ്ചാബിൽ വിഘടനവാദം (ഖലിസ്ഥാൻ വാദം) കത്തിനിൽക്കുമ്പോഴായിരുന്നു പിള്ളയുടെ പ്രസംഗം. പത്രങ്ങളിൽ പ്രസംഗം അച്ചടിച്ച് വന്നതോടെ പിള്ള കേരളത്തിലും കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന വിവാദം കത്തിക്കയറി. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി കേന്ദ്ര സർക്കാർ പഞ്ചാബിലേക്ക് മാറ്റിയതിലെ പ്രതിഷേധം കലാപ ആഹ്വാനമായി മാറിയെന്നായിരുന്നു ആരോപണം.
അന്നത്തെ പ്രസംഗത്തിന് പിന്നിലെ സംഭവവികാസങ്ങൾ ജി. കാർത്തികേയനെ മുൻനിർത്തി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ കളിച്ച കളിയായിരുന്നെന്ന് പിന്നീട് പിള്ള ആത്മകഥയിൽ പറഞ്ഞിരുന്നു. അന്നത്തെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും പിള്ള ആക്ഷേപമുന്നയിച്ചു.
തന്‍റെ പ്രസംഗത്തിലേത് കലാപ ആഹ്വാനമായിരുന്നില്ലെന്ന് പിള്ള ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും അന്ന് പ്രസംഗം റിപ്പോർട്ട് ചെയ്ത മാധ്യപ്രവർത്തകർ സംയുക്തമായി പ്രസംഗത്തിൽ കലാപ ആഹ്വനം ചെയ്തുവെന്ന് പ്രസ്താവനയിറക്കിയതും അദ്ദേഹത്തിന്‍റെ രാജിയിലേക്ക് നയിച്ചു. ഹൈകോടതി ഇടപ്പെടലിനെ തുടര്‍ന്നാണ് ഒടുവിൽ ബാലകൃഷ്ണപിള്ളക്ക് അന്ന് രാജിെവക്കേണ്ടിവന്നത്. വിവാദമായ പല പരാമർശങ്ങളും പിന്നീടുള്ള തന്‍റെ പ്രസംഗങ്ങളിലും പിള്ള നടത്തിയിട്ടുണ്ടെങ്കിലും പഞ്ചാബ് മോഡൽ പ്രസംഗം അദ്ദേഹത്തിന്‍റെ പ്രതിച്ഛായക്ക് ഏറെ മങ്ങലാണ് ഏൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.