കൊച്ചി: വിദ്യാർഥികളില്‍ നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന പഠന സമ്പ്രദായത്തിന് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു. കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ) പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവാര്‍ന്ന സാഹചര്യം പ്രദാനം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. പഠന കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുള്ള മേഖലയില്‍ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കും വിധത്തില്‍ പഠന രീതിയെ മാറ്റും. വിദ്യാർഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടോടെ നൂതനമായ ആശയങ്ങള്‍ക്ക് രൂപം നല്‍കും വിധമാകും പഠനമെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭൗതിക സാഹചര്യങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല സമൂലവും സമഗ്രവുമായ മാറ്റത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യരായ വിദ്യാർഥികള്‍ക്കിടയില്‍ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കുമെന്ന് . സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റം ഉണ്ടാക്കാന്‍ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സാധിക്കുമെന്നും രാജീവ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമിട്ടാണ് റൂസ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 60:40 എന്നതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി വിഹിതം.
പദ്ധതിയുടെ ഭാഗമായി രണ്ട് കോടി രൂപയാണ് സെന്റ് പോള്‍സ് കോളജിന് അനുവദിച്ചത്. ഒരു കോടി രൂപ മൂന്ന് ക്ലാസ് മുറികളും സ്റ്റാഫ് മുറിയും ശുചിമുറിയും ഉള്‍പ്പെടെയുള്ള പുതിയ കെട്ടിടം നിമിക്കുന്നതിനും 50 ലക്ഷം രൂപ ഓഡിറ്റോറിയം, മീഡിയ റൂം, കെമിസ്ട്രി ലാബ് എന്നിവ നവീകരിക്കുന്നതിനും ഉപയോഗിച്ചു. ശേഷിക്കുന്ന 50 ലക്ഷം രൂപ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഉപയോഗിക്കും.
സെന്റ് പോള്‍സ് കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായി. കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ എ.കെ.നിഷാദ്, കോളേജ് മാനേജര്‍ ഫാ. വര്‍ഗീസ് വലിയ പറമ്പില്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. കെ.എസ്. സവിത, ഡയറക്ടര്‍ ഫാ. ഫെലിക്‌സ് ചുള്ളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.