കൽപ്പറ്റ: ഉരുൾ പൊട്ടൽ നാശം വിതച്ച മേഖലകളിലേക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എത്തി. ചൂരൽ മലയിലേക്കാണ് രാഹുലും പ്രിയങ്കയും ആദ്യം എത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളും നേതാക്കൾ സന്ദർശിക്കും. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും. രാഹുലിനൊപ്പം കെ.സി. വേണുഗോപാലുമുണ്ടായിരുന്നു.
അതിനിടെ, മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ മരണം 270 പിന്നിട്ടതായാണ് അനൗദ്യോഗിക കണക്കുകൾ. ഇതിൽ 100 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അതിനാൽ, മരണസംഖ്യ ഉയരാനാണ് സാധ്യത. മുണ്ടക്കൈയിൽ നിന്ന് ഇന്ന് രാവിലെ മുതൽ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിൽ കനത്ത നാശമുണ്ടായ പുഞ്ചിരിമട്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മുണ്ടക്കൈയിലാണ്. ഇവിടങ്ങളിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ആദ്യ ദിവസം രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് പ്രവേശിക്കാനേ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇന്ന് പുഞ്ചിരിമട്ടം മേഖലയിൽ കൂടുതൽ മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ എത്തിച്ച് രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. തകർന്ന വീടുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. 2.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുണ്ടായി. ഒഴുകിപ്പോയ നിരവധി മൃതദേഹങ്ങൾ കിലോമീറ്ററുകൾക്കപ്പുറം നിലമ്പൂരിലെ നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.