കൽപറ്റ: മാസങ്ങളായി കത്തുന്ന മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലെ നേർചിത്രം വിവരിച്ച് രാഹുൽ ഗാന്ധി എം.പി. അവിടത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തുമ്പോൾ ഒരു സ്ത്രീ നിലത്തുകിടക്കുന്നുണ്ട്. ആ മുറിയിലുള്ളവർക്കെല്ലാം ബന്ധുക്കൾ ഉണ്ടായിരുന്നു. എന്നാൽ, ആ സ്ത്രീയുടെ കൂടെ ആരുമുണ്ടായിരുന്നില്ല. എവിടെ നിങ്ങളുടെ കുടുംബം എന്നുചോദിച്ചപ്പോൾ ആരുമില്ലെന്നായിരുന്നു മറുപടി.
എന്തു സംഭവിച്ചെന്ന് ചോദിച്ചപ്പോൾ അവർ നിശ്ശബ്ദത പാലിച്ചു. പിന്നീട് അവർ പറഞ്ഞു. ഗ്രാമത്തിലെ വീട്ടിൽ മകനുമായി കിടന്നുറങ്ങുമ്പോൾ ആക്രമികൾ എന്റെ മുന്നിൽവെച്ച് അവനെ വെടിവെച്ചു. എന്റെ കൈകളിൽ കിടന്നാണ് അവൻ മരിച്ചത്. മകന്റെ മൃതദേഹവുമായി ഏകയായി എന്തുചെയ്യണമെന്നറിയാതെ കരഞ്ഞു. അവസാനം മൃതദേഹം ഉപേക്ഷിച്ച് സ്വന്തം ജീവനുമായി ഓടിരക്ഷപ്പെടുകയായിരുന്നു. വീടടക്കം കത്തിച്ചുകളഞ്ഞു. ഉള്ളതെല്ലാം നഷ്ടപ്പെട്ടു. കരുതലായി എന്തുണ്ടെന്ന ചോദ്യത്തിന് കൈയിൽ സൂക്ഷിച്ച മകന്റെ ചെറുചിത്രം കാണിച്ചുതന്നു.
ഇതേ കഥ തന്നെയാണ് മറ്റൊരു സഹോദരിയിൽനിന്നും കേൾക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു യുവതിയോട് എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ദുരന്തം മുന്നിൽ കണ്ടെന്നപോലെ മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നു. ഓരോരുത്തർക്കും ഇത്തരത്തിലുള്ള കഥകളാണ് പറയാനുള്ളത്. ബലാത്സംഗം, ബന്ധുക്കളുടെ കൊലപാതകം, സഹോദരങ്ങളെ നഷ്ടപ്പെട്ടത് തുടങ്ങിയ കഥകളാണ് കേൾക്കുന്നത്. ഇത്തരം അനുഭവങ്ങൾ എന്റെ അമ്മക്കോ സഹോദരിക്കോ സംഭവിച്ചാൽ എന്തുചെയ്യുമെന്നാണ് മനസ്സിൽ ആദ്യമെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.