തിരുവനന്തപുരം: ഹോളിക്ക് പോകുന്നവരിൽ 99 ശതമാനം പേരും നല്ലവരാണെന്നും എന്നാൽ, ഒരുശതമാനം തീവ്ര ഹിന്ദുത്വ വാദികളാണ് മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ. മതസൗഹാർദവും ഒരുമയും കൊണ്ടാണ് കേരളം നമ്പർ വൺ ആകുന്നതെന്നും ആറ്റുകാൽ പൊങ്കാലയിലടക്കം കേരളം കാത്തുസൂക്ഷിക്കുന്ന മതസൗഹാർദം നോർത്തിന്ത്യക്കാർ കണ്ടുപഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കേരള സാാർ, നമ്പർ വൺ സ്റ്റേറ്റ് സാാർ, ലിറ്ററസി സാാർ എന്ന് കളിയാക്കുന്നവർക്ക് അഭിമാനത്തോടെ കാണാനുള്ളതാണ് കേരളത്തിലെ ആറ്റുകാൽ പൊങ്കാലയിലെ മതസൗഹാർദം. പൊങ്കാല ഇടുന്ന സ്ത്രീകൾക്ക് പാളയം മുസ്‍ലിം പള്ളിയുടെ മുന്നിൽ അവർ തന്നെ വെള്ളവും മറ്റ് കാര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു, മണക്കാട് മുസ്‍ലിം ജമാഅത്ത് കമ്മിറ്റി പ്രാഥമിക സൗകര്യങ്ങളും വെള്ളവും എല്ലാം ഒരുക്കുന്നു, ഇതൊക്കെ കൊണ്ടാണ് നമ്മുടെ കേരളം നമ്പർ വൺ എന്നു പറയുന്നത്. ഞാനിപ്പോൾ ഉത്തരേന്ത്യയിലാണുള്ളത്. ഹോളിക്ക് ഇവിടെ 50 ലധികം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിയിരിക്കുന്നു. ഹോളിക്ക് പോകുന്നവരിൽ 99 ശതമാനം പേരും നല്ലവരാണ്, പ്രശ്നങ്ങളുണ്ടാക്കാത്തവരാണ്. പക്ഷേ, ഒരുശതമാനം തീവ്ര ഹിന്ദുത്വ വാദികൾ മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ പള്ളികൾക്ക് നേരെ എറിയുകയും പ്രകോപിപ്പിക്കുകയും ചെയ്യും. ഇത്തരക്കാർ അലമ്പുണ്ടാക്കുന്നത് തടയാനാണ് ഗവൺമെന്റും പൊലീസും പള്ളികൾ മൂടുന്നത്. എന്നാൽ, നമ്മുടെ കേരളത്തിൽ പൊങ്കല ആഘോഷിക്കുമ്പോൾ മതസൗഹാർദത്തിന്റെ കൂടി പൊങ്കാലയാണ്, ഒരുമയുടെ പൊങ്കാലയാണ്. പാളയം മുസ്‍ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും പൊങ്കാലക്ക് വരുന്ന സ്ത്രീകൾക്ക് വെള്ളവും ജ്യൂസും സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. ഇതുകൊണ്ടാണ് നമ്മൾ കേരളത്തെ നമ്പർ വൺ എന്നുപറയുന്നത്. തീവ്ര വിദ്വേഷവും വംശീയതയും വർഗീയതയും പ്രചരിപ്പിക്കുന്ന ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളവർ കേരളത്തിൽനിന്ന് പഠിക്കേണ്ടത് മതസൗഹാർദത്തിന്റെയും ഒരുമയുടെയും പാഠങ്ങളാണ്’ -രാഹുൽ ഈശ്വർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച കൂടിയായ ഹോളി ദിവസം അക്രമം ഭയന്ന് ഉത്തർപ്രദേശിലെ പള്ളികളിൽ ജുമുഅ സമയം മാറ്റിയിരുന്നു. സംസ്ഥാനത്ത് നാല് ജില്ലകളിലായി കുറഞ്ഞത് 189 പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിയതായാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, കനത്ത സുരക്ഷക്കിടയിലും ഹോളി ആഘോഷത്തിനിടെ ഉത്തർപ്രദേശിൽ വിവിധയിടങ്ങളിൽ ഹിന്ദുത്വവാദികൾ പ്രകോപനങ്ങൾ സൃഷ്ടിച്ചു. സംഭാലിൽ പള്ളിയിൽ കയറി ജയ് ശ്രീറാം എന്ന് എന്നെഴുതി. ടർപോളിൻ കൊണ്ട് മൂടിയ പള്ളിയിൽ നിറങ്ങൾ എറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഹോളി ആഘോഷത്തിനിടെ യു.പിയിൽ ഏർപ്പെടുത്തിയ കനത്ത സുരക്ഷമറികടന്നാണ് പ്രകോപനശ്രമമുണ്ടായത്.
വെള്ളിയാഴ്ച സംഭാലിൽ ഹോളിആഘോഷത്തിനിടെ പള്ളിയുടെ കവാടത്തിൽ നിറങ്ങൾ എറിയുകയും ജയ്ശ്രീറാം എന്ന് പെയിന്റ് ചെയ്യുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പള്ളിക്കമ്മിറ്റി ഹയാത്ത് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വീരേഷ്, ബ്രജേഷ്, സതീഷ്, ഹർസ്വരൂപ്, ശിവം, വിനോദ് എന്നിവരാണ് പള്ളിക്ക് നേരെ നിറങ്ങൾ എറിഞ്ഞതെന്നാണ് പരാതി. പള്ളിയുടെ കവാടത്തിൽ ജയ് ശ്രീറാം എന്നെഴുതുകയും ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിലെ അലിഗഢിലും സമാനസംഭവമുണ്ടായി. അബ്ദുൽ കരീം ചൗക്കിലെ അബ്ദുൽ കരീം മസ്ജിദിന് നേരെയായിരുന്നു നിറങ്ങൾ എറിഞ്ഞത്. ഹോളിയോട് അനുബന്ധിച്ച് പള്ളി ടർപോളിൻ കൊണ്ട് പൊതിഞ്ഞിരുന്നു. പള്ളിക്ക് മുന്നിൽ ആൾക്കൂട്ടം വർഗീയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. നേരത്തെ ഹോളി ആഘോഷത്തിന് മുന്നോടിയായി സംഭാലിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തുകയും നിരീക്ഷണത്തിനായി ഡ്രോണുകൾ ഏർപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.