കൊച്ചി: ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെന്ന വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ. കൈയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്ന് കൊച്ചിയിൽ രാഹുൽ ഇൗശ്വർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ ബി. സർക്കാരിനു മാത്രമല്ല, ഞങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും. ശബരിമല അയ്യപ്പശാസ്താവിന്‍റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോൾ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ശബരിമലയുടെ ഉടമാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ അത് ദേവസ്വം ബോർഡിനോ സർക്കാറിനൊ അല്ല. അയ്യപ്പനാണ് ശബരിമലയുടെ ഉടമ. സുപ്രീംകോടതി റിവ്യൂ പരിഗണിക്കുന്നതിന് സ്വീകരിച്ച സാഹചര്യത്തിൽ തീരുമാനം ഉണ്ടാകുന്നതു വരെ ശബരിമലയിൽ ഭക്തരല്ലാത്തവരെ കയറ്റാൻ ശ്രമിക്കരുത്. സുപ്രീം കോടതി അനുകൂല വിധി നൽകിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണ് ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാർഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.