മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. രാവിലെ 6.30ന് പുലാമന്തോൾ പാലം വഴി ജില്ലയിലേക്ക് പ്രവേശിച്ച യാത്രക്ക് വൻ വരവേൽപ്പാണ് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ നൽകിയത്. പുലാമന്തോൾ ജങ്ഷനിൽ നിന്നാരംഭിക്കുന്ന ജാഥ ഉച്ചക്ക് 12ഓടെ പെരിന്തൽമണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും. ഉച്ചക്ക് ശേഷം പട്ടിക്കാട് നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഏഴിന് പാണ്ടിക്കാട് സമാപിക്കും. തച്ചിങ്ങനാടം ഹൈസ്കൂളിലാണ് രാത്രി വിശ്രമം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലെ പ്രതിനിധി സംഘം കണ്ട് ചര്‍ച്ച നടത്തും. യാത്ര പെരിന്തല്മണ്ണയിലെത്തുമ്പോഴാണ് നേതാക്കള്‍ കാണുക. ഉന്നതാധികാര സമിതിയംഗങ്ങൾ പങ്കെടുക്കും. ദേശീയ-സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ രാഹുലുമായി ചര്‍ച്ച ചെയ്യും.
28ന് രാവിലെ 6.30ന് പാണ്ടിക്കാട് ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര കാക്കത്തോട് പാലം വഴി പ്രവേശിക്കും. ഇവിടെ പദയാത്രക്ക് പ്രത്യേക സ്വീകരണം ഒരുക്കിയിട്ടുണ്ട്. ശേഷം ഉച്ചക്ക് 12ന് ജാഥ വണ്ടൂരിലേക്ക് എത്തി ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പിരിയും. നാലിന് വണ്ടൂർ നടുവത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകീട്ട് ഏഴിന് നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ സമാപിക്കും. നിലമ്പൂർ അമൽ കോളജിലാണ് രാത്രി വിശ്രമം.
29ന് രാവിലെ ചുങ്കത്തറ മുട്ടിക്കടവ് മാർത്തോമ കോളജ് ജങ്ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര 11ഓടെ വഴിക്കടവ് മണിമൂലി സി.കെ.എച്ച്.എസിൽ സമാപിക്കും. ഇതോടെ യാത്ര കേരളത്തിൽ നിന്ന് സമാപിച്ച് നാടുകാണി വഴി തമിഴ്നാട്ടിലേക്ക് കടക്കും. ജില്ല അതിർത്തിയിലും വയനാട് പാർലമെൻറ് മണ്ഡലാതിർത്തിയിലും സ്വീകരണം നൽകും. പുലാമന്തോൾ മുതൽ വഴിക്കടവ് വരെയുള്ള 72 കിലോമീറ്ററാണ് ജില്ലയിൽ പദയാത്ര കടന്നു പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.