രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ചൊവ്വാഴ്ച കല്‍പ്പറ്റയില്‍; റോഡ് ഷോയും സമ്മേളനവും

കല്‍പ്പറ്റ: മോദി-അദാനി കൂട്ടുകെട്ടിനെതിരെ പ്രതികരിച്ചതിന് പാര്‍ലമെന്റിനകത്തും പുറത്തും കേന്ദ്രസര്‍ക്കാരിന്റെ നിരന്തരമായ വേട്ടക്കിരയാവുന്ന രാഹുല്‍ഗാന്ധി ചൊവ്വാഴ്ച മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കല്‍പ്പറ്റയിലെത്തും. അയോഗ്യതാ നടപടിക്ക് ശേഷം രാഹുല്‍ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന പരിപാടിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുമെത്തും. റോഡ്‌ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂളില്‍ നിന്നും ആരംഭിക്കും. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക.

സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ്‌ഷോയിലേക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും. റോഡ്‌ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രുമഖ സാംസ്‌ക്കാരികപ്രവര്‍ത്തകര്‍ പങ്കാളികളാവും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിക്കും.

രാഹുല്‍ഗാന്ധിയോയൊപ്പം സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ.​ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, മോന്‍സ് ജോസഫ് എം. എൽ.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സി.പി. ജോണ്‍ തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.

ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയുടെ കത്ത് വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ 11ന് കല്‍പ്പറ്റയില്‍ വാഹനഗതാഗത ക്രമീകരണം ഉണ്ടാകുമെന്നും അത് പിന്നീട് അറിയിക്കുമെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജി, ഡി.ഡി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ജില്ല യു.ഡി.എഫ് കണ്‍വീനര്‍ കെ.കെ. വിശ്വനാഥന്‍മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.

Tags:    
News Summary - Rahul Gandhi and Priyanka in Kalpatta on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT