ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ വയനാട് ലോക്സഭ മണ്ഡലത്തിൽ രാജാവ് രാഹുൽ ഗാന്ധി തന്നെ. രാഹുലിന്‍റെ ഭൂരിപക്ഷം കുറക്കാനായി എന്നതിൽ എതിരാളികൾക്ക് ആശ്വസിക്കാം. പോരിടം തുറക്കുന്നതിന് മുമ്പേ പ്രധാന എതിരാളിയായ ഇടതുപക്ഷം തന്നെ പിന്നാമ്പുറത്ത് പറഞ്ഞത് രാഹുലിന്റെ ഭൂരിപക്ഷം കുറക്കുകയാണ് ലക്ഷ്യമെന്നാണ്.
വയനാട് ലോക്സഭ മണ്ഡലത്തിൽ രാഹുലിന്‍റെ എതിരാളികളായി ദേശീയ-സംസ്ഥാന നേതാക്കളെത്തിയെന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. എന്നാൽ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ആനിരാജയെ പോലൊരു കരുത്തുറ്റ സ്ഥാനാർഥിയെ രംഗത്തിറക്കിയിട്ടും യു.ഡി.എഫ് കോട്ടയിൽ ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. എൻ.ഡി.എക്കായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ കളത്തിലിറങ്ങിയിട്ടും കാര്യമായ മാറ്റമുണ്ടായില്ല. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 3,64,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ ഇത്തവണ നേടിയത്. 2019ലെ തെരഞ്ഞെടുപ്പിൽ 4,31,770 വോട്ടായിരുന്നു രാഹുലിന്‍റെ ഭൂരിപക്ഷം.
പോൾ ചെയ്ത വോട്ടുകളിൽ 6,47,445 വോട്ടുകളാണ് രാഹുൽ നേടിയത്. രണ്ടാമതുള്ള ആനി രാജ 2,83,023 വോട്ടു നേടി. സുരേന്ദ്രൻ 1,41,045 വോട്ടുകൾ നേടി. മണ്ഡലത്തിൽ ആകെ പോൾ ചെയ്തത് 1075921 വോട്ടുകളായിരുന്നു. 2019ൽ രാഹുൽ 7,06,367 വോട്ടുകളാണ് നേടിയത്. ഇടതുമുന്നണി സ്ഥാനാര്‍ഥി പി.പി. സുനീർ 274,597 വോട്ടും എന്‍.ഡി.എക്കായി തുഷാര്‍ വെള്ളാപ്പള്ളി 78,816 വോട്ടുകളുമാണ് നേടിയത്. ന്യൂനപക്ഷ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഈ വിഭാഗത്തിലെ വോട്ടർമാർ ഇത്തവണയും രാഹുലിനും യു.ഡി.എഫിനും പിന്നിൽ ഉറച്ചുനിന്നു.
അതേസമയം, രാഹുൽ രണ്ടാമത് മത്സരിച്ച ഉത്തർപ്രദേശിലെ റായ്ബറേലിയിലും രാഹുൽ 3.83 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്ന ചോദ്യമാണ് വോട്ടർമാരും പ്രവർത്തകരും ഉയർത്തുന്നത്. റായ്ബറേലി നിലനിർത്തുകയാണെങ്കിൽ സഹോദരി പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ജയിച്ചു പോയതിനു പിന്നാലെ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല, വന്യമൃഗശല്യ പ്രതിരോധ നടപടികൾക്ക് കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയില്ല, കർണാടകയിൽ കോൺഗ്രസ് ഭരണം വന്നിട്ടും ബന്ദിപ്പൂര്‍-മുത്തങ്ങ വനപാതയിലൂടെയുള്ള രാത്രിയാത്ര നിരോധനം ഒഴിവാക്കാൻ ശ്രമിച്ചില്ല എന്നീ ആരോപണങ്ങളാണ് പ്രധാനമായും എതിരാളികൾ രാഹുലിനെതിരെ ഉന്നയിച്ചത്. എന്നാൽ, ഇടതുപക്ഷത്തിന്‍റെയും ബി.ജെ.പിയുടെയും ആരോപണങ്ങൾ വോട്ടർമാരെ സ്വാധിനിച്ചില്ല. രാഹുലിന് വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് അമിത് ഷാ ഉൾപ്പെടെയുള്ളവർ നേരിട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെ കളത്തിലിറക്കിയത്.
മണ്ഡലത്തിൽ പാർട്ടി അണികളിൽ സുരേന്ദ്രന്‍റെ വരവ് ഉണർവുണ്ടാക്കിയെങ്കിലും വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല. കഴിഞ്ഞ തവണ എൻ.ഡി.എക്കുവേണ്ടു ബി.ഡി.ജെ.എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി നേടിയതിനേക്കാൾ ഇരട്ടി വോട്ടുകൾ നേടാനായി എന്നതു മാത്രമാണ് ആശ്വസിക്കാൻ വകയുള്ളത്. ബി.ജെ.പി വോട്ടുപോലും അന്ന് എൻ.ഡി.എക്ക് കിട്ടിയിരുന്നില്ല. എന്നാൽ, ഇത്തവണ ‘സ്വന്തം’ ആളായതിനാൽ പാർട്ടി വോട്ടുകൾ താമരക്കുതന്നെ വീഴുമെന്നായിരുന്നു നേതൃത്വത്തിന്‍റെ കണക്കൂക്കൂട്ടൽ. രാഹുൽ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന പ്രചാരണമാണ് 2019ലെ തെരഞ്ഞെടുപ്പിൽ രാഹുലിന് വലിയ ഭൂരിപക്ഷം നൽകിയതെന്ന പ്രചാരണത്തിന്‍റെ മുനയൊടിക്കാനും രാഹുലിനായി.
ഇൻഡ്യ സഖ്യത്തിന്റെ ദേശീയ നേതാവ് തന്നെ ഇവിടെ സഖ്യത്തിലെ പ്രധാന പാർട്ടികൾക്കെതിരെ മത്സരിക്കുന്നുവെന്ന ആരോപണം തുടക്കത്തിൽ കോൺഗ്രസിനെ ബാധിച്ചിരുന്നു. രാഹുലിന്റെ റോഡുഷോയിലടക്കം മുസ്‍ലിം ലീഗിന്റെ കൊടികൾ ഒഴിവാക്കിയത് ഉയർത്തി ലീഗ് അണികളിൽ അനിശ്ചിതത്വം ഉണ്ടാക്കാനും ഇടതുപക്ഷം കാര്യമായി തന്നെ ശ്രമിച്ചു. എന്നാൽ, അതൊന്നും വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലെന്നു തന്നെയാണ് ഫലം ചൂണ്ടിക്കാട്ടുന്നത്.
മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നല്ല സ്വാധീനമുള്ള മണ്ഡലമാണ് വയനാട്. ഇരുസമുദായങ്ങളും യു.ഡി.എഫിനൊപ്പം തന്നെ നിന്നുവെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ക്രൈസ്തവ വോട്ടുകൾ പിടിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങളൊന്നും ഫലിച്ചില്ല. ആനി രാജ പ്രചാരണം തുടങ്ങി ഏറെ വൈകിയാണ് രാഹുലിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നത്. അപ്രതീക്ഷിതമായി 2019ൽ എത്തിയ രാഹുലിനെ മണ്ഡലം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.