കൊച്ചി: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി രഹസ്യ കരാർ ഒപ്പിട്ട എൽ.ഡി.എഫ് സർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ട് കരാർ രഹസ്യമാക്കി വെച്ചെന്ന് സി.പി.എം വിശദീകരിക്കണം. കള്ളത്തരം പുറത്തായപ്പോഴാണ് കരാർ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിൽ വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിനകത്ത് കയറിയ മോഷ്ടാവ് പിടിക്കപ്പെടുമെന്നായപ്പോൾ താൻ മോഷ്ടിക്കാനല്ല കയറിയതെന്ന് പറയുന്ന പോലെയാണ് സർക്കാർ നിലപാട്. എൽ.ഡി.എഫിെൻറ ഇരട്ടത്താപ്പാണിത്. ഇടതുപക്ഷ പ്രവർത്തകർക്ക് മാത്രമാണ് കേരളത്തിൽ ജോലി നൽകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ രൂക്ഷമായ സംസ്ഥാനമാണ് കേരളം. അഴിമതിയില്ലാതെ ഒരുനടപടിയും എൽ.ഡി.എഫ് സർക്കാറിൽനിന്ന് ഉണ്ടായിട്ടില്ല.
രാജ്യത്ത് വിദ്വേഷം ആളിക്കത്തിക്കുകയാണ്. സമൂഹത്തെ വിഭജിക്കുകയാണ് കേന്ദ്രസർക്കാറെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന കോൺഗ്രസ് നേതാവ് താരിഖ് അൻവർ, ഹൈബി ഈഡൻ എം.പി, വിവിധ കോൺഗ്രസ് സ്ഥാനാർഥികൾ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.