തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിലെ വിവാദ പരാമർശത്തിൽ അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹുൽ ഇൗശ്വർ അറസ്റ്റിൽ. തിരുവനന്തപുരം നന്ദാവനത്തിലെ ഫ്ലാറ്റിൽ നിന്ന് എറണാകുളത്ത് നിന്നെത്തിയ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കലാപാഹ്വാനം നൽകിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. തിരുവനന്തപുരം സ്വദേശി പ്രമോദ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
എറണാകുളം പ്രസ്ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ശബരിമലയിൽ യുവതി പ്രവേശനമുണ്ടായാൽ രക്തം വീഴ്ത്തി അശുദ്ധമാക്കി ക്ഷേത്രനട അടപ്പിക്കാൻ തയാറായി 20 പേർ നിന്നിരുന്നുവെന്ന് രാഹുൽ ഇൗശ്വർ പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
എന്നാൽ, രക്തം വീഴ്ത്തി അശുദ്ധമാക്കി ശബരിമല നട അടപ്പിക്കാൻ പദ്ധതിയിട്ടതായി താൻ പറഞ്ഞിട്ടില്ലെന്നും തെൻറ വാക്കുകൾ വളച്ചൊടിച്ച് രാജ്യദ്രോഹിയാക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്നും പിന്നീട് രാഹുൽ ഇൗശ്വർ വിശദീകരിച്ചത്. 20 പേർ കൈമുറിച്ച് രക്തം ഇറ്റിച്ച് നടയടപ്പിക്കാൻ തയാറായി നിൽക്കുന്നു എന്ന് ഫോണിലൂടെ അറിഞ്ഞിരുന്നു എന്നാണ് താൻ പറഞ്ഞത്.
അവരോട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞതിെൻറ പേരിൽ വീണ്ടും കേസിൽ കുടുക്കാനാണ് ശ്രമം. ഇതുകൊണ്ടൊന്നും പിന്മാറില്ല. ശക്തമായി മുന്നോട്ടുപോകും.ചില അവിശ്വാസികളും മാധ്യമങ്ങളും ചേർന്ന് കള്ളം പ്രചരിപ്പിക്കുകയാണ്. എഡിറ്റ് ചെയ്ത വിഡിയോ വെച്ച് ആക്രമിക്കാനുള്ള മന്ത്രിയുടെ ശ്രമം ദൗർഭാഗ്യകരമാണെന്നും രാഹുൽ ഇൗശ്വർ പറഞ്ഞിരുന്നു.
നേരത്തെ, ശബരിമലയിൽ ദർശനം നടത്താൻ എത്തിയ യുവതിയെ തടയാൻ ശ്രമിച്ച കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് ജയിലിൽ നിരാഹാര സമരം ആരംഭിച്ച രാഹുലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിന്നീട് കോടതി ജാമ്യം അനുവദിച്ചു.
അതേസമയം, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ പൊലീസ് അറസ്റ്റുകൾ തുടരുകയാണ്. ഏകദേശം 3445 പേർ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.