ആളെ കൊല്ലുന്ന പാർട്ടിക്ക് നരബലി നടത്തുന്ന ബ്രാഞ്ച് കമ്മിറ്റിയംഗം -രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ഇലന്തൂരിലെ നരബലി കേസ് പ്രതി ഭഗവൽ സിങ്ങിന്റെ സി.പി.എം ബന്ധത്തെക്കുറിച്ച് പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ​നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'ആളെ കൊല്ലുന്ന പാർട്ടിക്ക് നരബലി നടത്തുന്ന ബ്രാഞ്ച് കമ്മിറ്റിയംഗം...' എന്നാണ് രാഹുൽ ഫേസ്ബുക്കിൽ എഴുതിയത്.

എന്നാൽ, നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭഗവല്‍ സിങ് പാര്‍ട്ടി അംഗമല്ലെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി പറഞ്ഞു. 'നാടിനെ ഞെട്ടിച്ച സംഭവമാണ് നരബലി. അപമാനവും അമര്‍ഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കല്‍പങ്ങളെ അപമാനിക്കുന്ന സംഭവമാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഭഗവല്‍ സിങ് ഒരു പക്ഷെ ഏര്‍പ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ പാര്‍ട്ടി അംഗമല്ല' - എം.എ. ബേബി പറഞ്ഞു

യുവതിയെ കാണാതായെന്ന കേസ് അ​ന്വേഷിക്കുന്നതിനിടെയാണ് കേര​ളത്തെ ​ഞെട്ടിച്ച നരബലി വിവരം പുറത്തുവന്നത്. ബലി നടത്തിയ ഭഗവൽ സിങ്ങും ഭാര്യ ലൈലും സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു. ശ്രീദേവിയെന്ന വ്യാജ ​ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ദമ്പതികളുമായി ബന്ധം സ്ഥാപിച്ച പെരുമ്പാവൂർ സ്വദേശി ഷാഫി സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റഷീദ് എന്ന സിദ്ധനെ കാണാൻ ഉപദേശിക്കുകയായിരുന്നു. ഷാഫി തന്നെയാണ് റഷീദായും ഇവരുടെ മുന്നിൽ എത്തിയത്.

ഇവർ റഷീദുമായി ബന്ധപ്പെടുകയും നരബലി കൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അതിന് മുമ്പായി ഷാഫി ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയെ പീഡിപ്പിച്ചു. കൂടുതൽ സമൃദ്ധിക്കായി നരബലി കൊടുക്കാൻ ആവശ്യപ്പെട്ടു.

ഷാഫി തന്നെയാണ് ആദ്യം റോസ്‍ലിയെ കുഴിക്കാലയിലെ വീട്ടിൽ എത്തിക്കുന്നത്. 10 ലക്ഷം രൂപ ലഭിക്കുമെന്ന് പറഞ്ഞാണ് ഇവരെ കുഴിക്കാലയിലെത്തിച്ചത്. കട്ടിലിൽ കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളിലടക്കം മുറിപ്പെടുത്തുകയും രക്തം വീടിനു ചുറ്റും തളിക്കുകയും ചെയ്തു. ഒടുവിൽ കഴുത്ത് മുറിച്ച് കൊല്ലുകയുമായിരുന്നു. ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയാണ് കഴുത്തു മുറിച്ചത്. കൊലപാതക ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു ചുറ്റും കുഴിച്ചിട്ടു.

എന്നിട്ടും ഐശ്വര്യം വരാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ കുടുംബത്തിന് ശാപമുണ്ടെന്നും മറ്റൊരു നരബലി കൂടി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരമാണ് രണ്ടാമത് പത്മയെ ഷാഫി കൂട്ടിക്കൊണ്ടു വരുന്നത്. ഇവർക്കും പണം വാഗ്ദാനം ചെയ്താണ് കൂട്ടിക്കൊണ്ടുവന്നത്.

അതിക്രൂരമായാണ് ഇവരെയും കൊന്നതെന്ന് പൊലീസ് പറഞ്ഞു. വിവരിക്കാൻ പോലുമാകാത്തത്ര ക്രൂരമായി കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു ചുറ്റും കുഴിച്ചിടുകയായിരുന്നു. കാണാതായി 24 മണിക്കൂറിനുള്ളിൽരണ്ട് സ്ത്രീകളും കൊല്ല​പ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി.

സിനിമയിൽ അഭിനയിപ്പിക്കാമെന്നും 10 ലക്ഷം നൽകാമെന്നുമുള്ള വാഗ്ദാനമാണ് കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തിവന്ന പത്മത്തിനും‍ കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസ്‍ലിക്കും ഷാഫി നൽകിയത്. വൻ തുകയുടെ ഓഫറിൽ ഇരുവരും വീഴുകയായിരുന്നു. റോസ്‍‍ലിയെ കൂട്ടിക്കൊണ്ടു പോയി അന്നുതന്നെ ക്രൂരമായി കൊലപ്പെടുത്തി പൂജ നടത്തി. കൈയും കാലും കെട്ടിയിട്ട്, മാറിടം മുറിച്ചു ചോര വാർന്ന ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നെന്ന് ഷാഫി മൊഴി നൽകിയതായി പൊലീസ് പറയുന്നു.

Tags:    
News Summary - Rahul Mamkootathil against human sacrifice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.