പാലക്കാട്: മേലാമുറി മീൻ മാർക്കറ്റിൽനിന്നായിരുന്നു ഞായറാഴ്ചയും യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ തുടക്കം. പുലർച്ചെ തന്നെ മാർക്കറ്റിലെത്തി വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് വോട്ടഭ്യർഥിച്ചു. എല്ലാവരും ഹൃദ്യമായാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. മത്സ്യ മേഖല നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി തൊഴിലാളികൾ സ്ഥാനാർഥിയോട് ആവലാതികൾ പങ്കുവെച്ചു.
ഏഴുമണിയോടെ കോട്ടമൈതാനത്തെത്തി. പ്രഭാതനടത്തത്തിന് എത്തിയവരോട് വോട്ടഭ്യർഥിച്ചു. തുടർന്ന് ചക്കാന്തറ പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിലെത്തി റവ. ഫാ. ജോഷി പുലിക്കോട്ടിലിനെ സന്ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് യാക്കര സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെത്തി വോട്ടുതേടി. അവിടെനിന്നാണ് പ്രഭാതഭക്ഷണം കഴിച്ചത്. പിന്നീട് മേഴ്സി ജങ്ഷനിൽ വിവിധ തൊഴിലാളികളുമായി സൗഹൃദ സംഭാഷണം നടത്തി വോട്ട് തേടി. ശേഷം സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രലിലെത്തി പിന്തുണ തേടി.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണമെന്ന് ചിലർ രാഹുലിനോട് പറഞ്ഞു. ഒപ്പം ഉണ്ടാകുമെന്നും പാലക്കാടിന്റെ വികസനത്തിന് തുടർച്ച നൽകുമെന്നും രാഹുൽ ഉറപ്പുനൽകി. ദേവാലയത്തിൽ കുട്ടികളുമായി അൽപനേരം സമയം ചെലവഴിച്ച ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.
തുടർന്ന് പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ എം.എസ്.എം സംഘടിപ്പിച്ച ‘ഹൈസെക്’ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. നിറഞ്ഞ കൈയടിയോടെയാണ് സ്ഥാനാർഥിയെ കുട്ടികൾ വരവേറ്റത്. പത്തോളം വിവാഹ ചടങ്ങുകളിലും രാഹുൽ പങ്കുചേർന്ന് നവദമ്പതികൾക്ക് ആശംസകൾ നേർന്നു.വൈകീട്ട് എസ്.ടി.യു പാലക്കാട് മേഖല കൺവെൻഷനിലും പങ്കെടുത്തു. തുടർന്ന് കൽപ്പാത്തിയിലെത്തിയ രാഹുൽ വോട്ടർമാരുടെ പിന്തുണ തേടി. ഷാഫി പറമ്പിൽ എം.പിയും യു.ഡി.എഫ് നേതാക്കളും രാഹുലിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.