ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: മെഡിക്കൽ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടീസ് അയച്ചു.

യഥാർത്ഥ വിവരങ്ങളടങ്ങിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞുപരത്തി പൊതുമണ്ഡലത്തിൽ തെറ്റിദ്ധാരണ പരത്താനാണ് എം.വി.ഗോവിന്ദൻ ശ്രമിച്ചതെന്നും ഇത് പൊതു പ്രവർത്തകൻ എന്ന നിലയിൽ മാനഹാനി ഉണ്ടാക്കിയെന്നും മാപ്പ് പറയണമെന്നും രാഹുൽ അയച്ച നോട്ടീസിൽ പറയുന്നു. അഡ്വ. മൃദുൽ ജോൺ മാത്യു മുഖാന്തരമാണ് നോട്ടീസ് അയച്ചത്.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണ് ജാമ്യാപേക്ഷയിൽ സമർപ്പിച്ചതെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷങ്ങളുടെ ഭാഗമായെടുത്ത കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യത്തിനായാണ് ഡിസ്ചാർജ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയത്.

അറസ്റ്റിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അനാരോഗ്യം മൂലം ആശുപത്രിയിൽ കഴിഞ്ഞതിന്റെ റിപ്പോർട്ടാണ് ഹാജരാക്കിയത്. എന്നാൽ കോടതി വീണ്ടും പരിശോധന നടത്താൻ നിർദേശിക്കുകയും ജനറൽ ആശുപത്രിയിലെ ആരോഗ്യ പരിശോധനയിൽ ഫിറ്റാണെന്ന് റിപ്പോർട്ട് നൽകുകയുമായിരുന്നു. ഇതോടെയാണ് രാഹുലിന് ജാമ്യം നിഷേധിക്കുന്നത്. ഇതിനെ തുടർന്നാണ് നേരത്തെ രാഹുൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിക്കുന്നത്. 

Tags:    
News Summary - Rahul Mankootathil's lawyer notice to MV Govindan demanding compensation of Rs.one crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.