കാസർകോട്: ഡി.വൈ.എഫ്.ഐ മുൻ നേതാവ് മനു തോമസ് മിണ്ടാതിരിക്കേണ്ടത് സി.പി.എം നേതാവ് പി. ജയരാജന്‍റെ ആവശ്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പി. ജയരാജനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് മനു. ജയരാജന്‍റെ പിന്തുണയിലൂടെയാണ് മനു ഉയർന്നുവരുന്നതെന്നും രാഹുൽ വ്യക്തമാക്കി.
മനുവിനെ പ്രകോപിപ്പിച്ചാൽ ഇതിലും അപകടകരമായ കാര്യങ്ങളാവും പുറത്തുവരിക. എന്തെല്ലാം നടന്നിട്ടുണ്ടെന്ന് അദ്ദേഹത്തിനറിയാം. എല്ലാ വിഷയങ്ങളിലും ശക്തമായി പ്രതികരിക്കുന്ന ജയരാജൻ അതുകൊണ്ടാണ് ഈ വിഷയത്തിൽ മിണ്ടാതിരിക്കുന്നത്. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന ഡീലുകളെ പറ്റി സമഗ്ര അന്വേഷണം നടത്തണം.
ഒരു ക്രിമിനൽ സംഘമായി ഒരു പാർട്ടി പ്രവർത്തിക്കുവാൻ പാടില്ല. അത് നാടിന്‍റെ സ്വൈര്യജീവിതത്തിന് അപകടകരമാണ്. മനു തോമസ് മിണ്ടാതിരിക്കേണ്ടത് പി. ജയരാജന്‍റെ ആവശ്യമാണ്. മനുവിന് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണയുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
ആലപ്പുഴയിൽ വിഭാഗീയത എന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. മാർക്സിയൻ ആശയമാണോ ലെനിനിസ്റ്റ് ആശയമാണോ പിന്തുടരേണ്ടത് എന്നതല്ല ആലപ്പുഴയിലെ തർക്കം. പാൻപരാഗ്, എം.ഡി.എം.എ വ്യാപാരികൾ തമ്മിലുള്ള തർക്കത്തെയാണ് അവിടെ വിഭാഗീയത എന്ന് പറയുന്നത്. പാൻപരാഗ്, എം.ഡി.എം.എ ലോബികൾ തമ്മിലുള്ള തർക്കത്തെ ക്രിമിനൽ പ്രവർത്തനം എന്നാണ് നാട്ടിൽ പറയേണ്ടത്.
സ്വർണം പൊട്ടിച്ചവർക്ക് പങ്ക് കിട്ടുന്നത് സംബന്ധിച്ച തർക്കമാണ് കണ്ണൂരിൽ പുറത്തുവരുന്നത്. ജില്ലാ സെക്രട്ടറിയായ ഷാജർ, ജില്ലാ പ്രസിഡന്‍റായ മനുവിനെ കൈകാര്യം ചെയ്യണമെന്ന് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയോടാണ് പറയുന്നത്. ജില്ലാ പ്രസിഡന്‍റിനെതിരെ ജില്ലാ സെക്രട്ടറി ക്വട്ടേഷൻ കൊടുക്കുന്ന പാർട്ടിയിൽ എങ്ങനെ യുവജനങ്ങൾ വിശ്വസിച്ച് നിൽക്കും. കണ്ണൂർ ജില്ലയിലെ സി.പി.എമ്മിലെ ചേരിതിരിവും ഈ പ്രശ്നങ്ങളിൾ ഉൾപ്പെട്ടിട്ടുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.