തൃക്കരിപ്പൂർ: ഭിന്നശേഷിക്കാരുടെ യാത്ര സുഗമമാക്കുന്നതിനായി റെയിൽവേ നടപടി തുടങ്ങി. കോച്ചുകളിൽ ബെർത്ത്, സീറ്റ് നമ്പറുകൾ അക്കങ്ങളിൽ എഴുതുന്നതോടൊപ്പം കാഴ്ചയില്ലാത്തവർക്കായി ബ്രെയിലിയിൽ കൂടി ചേർക്കുന്ന നടപടിയാണ് ആരംഭിച്ചത്. എറണാകുളം– നിസാമുദ്ദീൻ എക്സ്പ്രസിെൻറ എ.സി കോച്ചുകളിലാണ് പരിഷ്കാരം തുടങ്ങിയത്. നിലവിലുള്ള കോച്ചുകളിൽ ഇത്തരത്തിൽ നമ്പറുകൾ മാറ്റുന്ന പ്രവൃത്തി നടന്നുവരുകയാണ്.
പരീക്ഷണാടിസ്ഥാനത്തിലാണ് എ.സി കോച്ചുകളിൽ പരിഷ്കാരം വരുത്തിയിട്ടുള്ളത്. സീറ്റ് നമ്പർ സൂചിപ്പിക്കുന്ന പ്ലേറ്റിൽ പതിവ് അക്കങ്ങളുടെ തൊട്ടടുത്തതായാണ് ബ്രെയിൽ ലിപിയിൽ അക്കങ്ങൾ എഴുതുന്നത്. ഭിന്നശേഷി സൗഹൃദ കോച്ചുകളും റെയിൽവേ സ്റ്റേഷനുകളും ഇനിയും ഉണ്ടാവുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു.
മൈസൂരു റെയിൽവേ സ്റ്റേഷനാണ് ഇന്ത്യയിലെ പ്രഥമ അന്ധ സൗഹൃദ റെയിൽവേ സ്റ്റേഷൻ. ഇവിടെ സ്റ്റേഷെൻറ മുഴുവൻ വിവരങ്ങളും ലഭിക്കുന്ന ടാക്ടൈൽ മാപ്, ട്രെയിൻ ഷെഡ്യൂൾ തുടങ്ങിയവ ബ്രെയിലിയിൽ ലഭ്യമാണ്. ഇതുവഴി ശുചിമുറി, കാത്തിരിപ്പ് കേന്ദ്രം, ടിക്കറ്റ് കൗണ്ടർ എന്നിവിടങ്ങളിലേക്ക് കാഴ്ചശേഷിയില്ലാത്തവർക്ക് എളുപ്പമെത്താൻ സാധിക്കും. പ്രതിദിനം പത്തിടങ്ങളിൽ 400 ഫലകങ്ങളെങ്കിലും ബ്രെയിലിയിൽ സ്ഥാപിക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഇന്ത്യയിൽ 15 ലക്ഷത്തിലേറെ കാഴ്ചവൈകല്യമുള്ളവർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 26 ശതമാനം സ്ത്രീകളും കുട്ടികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.