റെയിവെ പൊതുവെ മലബാർ മേഖലയോട് അവഗണന കാണിക്കുന്നതായുള്ള ആക്ഷേപം നിലിനിൽക്കുന്നതിനിടെ, എം.എൽ.എമാരെയും പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം. അടിയന്തര ക്വാട്ടയിൽ തേഡ് എ.സി ടിക്കറ്റ് എടുത്താലും, സ്ലീപ്പർ കോച്ചുകൾ മാത്രമാണ് ലഭിക്കുന്നതെന്ന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ മലബാറിൽനിന്ന് യാത്ര ചെയ്യുന്ന എം.എൽ.എമാർ പറയുന്നു. കേന്ദ്ര സർക്കാരിൽ സ്വാധീനമുള്ളവർ എ സി ബർത്തുകൾ സ്വന്തമാക്കുന്ന സാഹചര്യത്തിലാണീ അവഗണന.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് വന്ന മാവേലി എക്സപ്രസിൽ മലബാറിൽ നിന്നുള്ള 11 എംഎൽഎമാർ ഞെങ്ങി ഞെരുങ്ങി സ്ലീപ്പിറിൽ കയറിക്കൂടിയാണ് യാത്ര ചെയ്തത്. ഇത് പുറം ലോകം അറിഞ്ഞതോടെ, റെയിൽവെയുടെ അവഗണനക്കെതിരെ വ്യാപക വിമർശനമാണുയരുന്നത്. എം.എൽ.എമാരുടെ പി.എമാരെ ഗൗനിച്ചതേയില്ല. സാധാരണഗതിയിൽ എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാൽ എം.എൽ.എമാർക്ക് എസി കോച്ചുകളിൽ ബർത്ത് അനുവദിക്കും. കഴിഞ്ഞ കുറേക്കാലമായി ത്രീ ടയർ എസി എം.എൽ.എമാർക്ക് കിട്ടാക്കനിയാണ്. സർക്കാർ നൽകുന്ന കൂപ്പൺ വഴിയാണ് എം.എൽ.എമാർ എ സി ടിക്കറ്റ് എടുക്കുന്നത്.
എ സി കോച്ചുകളിൽ നിന്ന് സ്ലീപ്പർ കോച്ചുകളിലേക്ക് യാത്രക്കാരനെ മാറ്റിയാൽ അധികം ഈടാക്കിയ തുക തിരികെകൊടുക്കും. എന്നാൽ ഇവിടെ എം.എൽ.എമാർക്ക് തുക തിരികെ നൽകാറില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, എം.എൽ.എമാർക്ക് അടിയന്തര ക്വാട്ട അനുവദിക്കുന്നതിൽ വിവേചനമില്ലെന്നും അധിക കോച്ചുകൾ പോലും നിയമസഭ സമ്മേളനകാലത്ത് മാവേലി എക്സപ്രസിൽ ചേർക്കാറുണ്ടെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ വിശദീകരണം. എന്നാൽ, എം.എൽ.എമാരോട് കാണിക്കുന്നത് രാഷ്ട്രീയ വിവേചനമാണെന്നാണ് പൊതുവിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.