തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. കേരളത്തിലെ എല്ലാ സർവകലാശാലകളും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ കുട്ടനാട്ടിലെ ഒഴികെയുള്ള കുസാറ്റ് ക്യാംപസുകളില്‍ തിങ്കളാഴ്ച ക്ലാസ് നടക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ ദുരന്ത നിവാരണ സേന സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണു സർക്കാർ നടപടി. അതേസമയം, സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.
യാത്രകൾക്ക് നിരോധനം
രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങൾ മാത്രമേ മലയോര മേഖലകളിലേക്കു കടത്തിവിടൂവെന്നും ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. താമരശ്ശേരി ചുരം വ്യൂ പോയൻറിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
കൊച്ചി–ധനുഷ്കോടി ദേശീയപാത, പാലക്കാട് മണ്ണാർകാട്–അട്ടപ്പാടി ചുരം റോഡ് എന്നിവിടങ്ങളിലും ഗതാഗതം നിരോധിച്ചു. ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നു നിർദേശം നൽകി. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസിൽദാർമാർക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യൂ അഡീ.ചീഫ് സെക്രട്ടറിക്ക് ചുമതല നൽകി. പ്രശ്നങ്ങള്‍ റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
ക്വാറിയിൽ പാറ ഇടിഞ്ഞുവീണ് കണ്ണൂരിൽ ഒരാൾ മരിച്ചു
പാനൂർ: ക്വാറിയിൽ ജോലിചെയ്യുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി പാറ ഇടിഞ്ഞ് മരിച്ചു. കർണാടക ജാഗ്രി സ്വദേശി കൃസ്തുരാജ് (20) ആണ് കനത്ത മഴപെയ്ത ഞായറാഴ്ച ഉച്ചക്കുശേഷം കല്ലുവളപ്പിലെ ക്വാറിയിൽ പാറ ഇടിഞ്ഞ് ദാരുണമായി മരിച്ചത്. കൂടെ ജോലിചെയ്യുകയായിരുന്ന തൊഴിലാളിക്കും പരിക്കേറ്റു. അനധികൃത ക്വാറിയാണിതെന്ന് ആരോപണമുണ്ട്. കംപ്രസർ ഉപയോഗിച്ച് ക്വാറിയിൽ കെട്ടിക്കിടന്ന വെള്ളം നീക്കുന്നതിനിടയിൽ വലിയ കല്ല് അടർന്നുവീണാണ് അപകടം. കൃസ്തുരാജിനെ ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
മലയോരം ഉരുൾ പൊട്ടൽ ഭീതിയിൽ
കേളകം: മഴ കനത്തതോടെ മലയോരം ഉരുൾ പൊട്ടൽ ഭീതിയിൽ. ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനാൽ കൊട്ടിയൂർ _വയനാട് ചുരം റോഡിൽ മണ്ണിടിച്ചിൽ .പാറയിടിച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വനാതിർത്തി പ്രദേശങ്ങളായ കേളകം, കൊട്ടിയൂർ, കണിച്ചാർ, ആറളം പഞ്ചായത്തുകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ കനത്ത മഴ തുടരുന്നതാണ് മലയോരത്തെ ഉരുൾ പൊട്ടൽ ഭീതിയിലാഴ്ത്തിയത്.കനത്ത മഴയെ തുടർന്ന് പുഴകളും, തോടുകളും നിറഞ്ഞ് കവിഞ്ഞു.ബാവലിപ്പുഴയിലും, ചീൻകണ്ണിപ്പുഴയിലും, ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ആറളം ഫാമിനോടും ആറളം വനത്തോടും അതിർത്തി പൻകിടുന്ന കാഞ്ഞിരപ്പുഴയിലും, കക്കുവപ്പുഴയിലും വെള്ളം ഉയർന്ന് വരുന്നത് പുനരധിവാസ കുടുംബങ്ങൾക് ഭീഷണിയാണ്.
മഴ കനത്തതോടെ ഓവു ചാലുകളില്ലാത്ത മലയോര പാതകൾ വെള്ളം കയറി നശിക്കുകയാണ്. പതിനഞ്ച് കോടി രൂപ ചിലവിൽ നിർമ്മിച്ച മലയോര ഹൈവെയുടെ ഭാഗമായ അമ്പായത്തോട് _മണത്തണ റോഡ് മഴവെള്ളം കുത്തിയൊഴുകി വെള്ളച്ചാലുകളായി.കനത്ത മഴയെ തുടർന്ന് മലയോരത്തെ മൺപാതകൾ ഭുരിഭാഗവും ഗതാഗതയോഗ്യമല്ലാതായി.രാമച്ചി, കരിയൻകാപ്പ്, പാലുകാച്ചി, പന്യാംമല, വെള്ളൂന്നി, ശാന്തിഗിരി, മുരിക്കിൻകരി പ്രദേശങ്ങളിലെ മൺപാതകൾ കനത്ത മഴയിൽ ഒലിച്ച് പോയി. മഴ കനത്തത് മൂലം കൊട്ടിയൂർ-വയനാട്, നിടും പൊയിൽ-മാനന്തവാടി ചുരം , റോഡുകളിൽ മണ്ണിടിച്ചിൽ ഭീഷണി തുടരുകയാണ്. കനത്ത മഴയെ തുടർന്ന് പാലുകാച്ചി, പന്യാംമല, രാമച്ചി, ഒറ്റപ്ലാവ്,ശാന്തിഗിരി, , പാൽച്ചുരം പ്രദേശങ്ങളിലാണ് ഉരുൾ പൊട്ടൽ ഭീതിയുള്ളത്.മുൻ കാലങ്ങളിൽ നിരവധി ഉരുൾ പൊട്ടൽ പരമ്പരകളുള്ള പ്രദേശങ്ങളായതിനാലാണ് മഴ കനക്കുമ്പോൾ മലയോര ജനത ഭയക്കുന്നത്.കനത്ത മഴ തുടരുന്നതിനാൽ പൊയ്യമല ക്വാറി പ്രദേശങ്ങളലും ഉരുൾ പൊട്ടൽ ഭീതിയിലാണ് നാട്ടുകാർ.
മതിൽ ഇടിഞ്ഞുവീണ് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു
കാസർകോട്: കാസർകോട് ബേക്കലിൽ വഴിയരികിലെ മതിൽ ഇടിഞ്ഞുവീണ് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ബേക്കൽ ഇല്യാസ്നഗറിലെ മറിയക്കുഞ്ഞി (60), മകെൻറ ഭാര്യ ഫാത്തിമത്ത് ഫസ്രിയ (28) എന്നിവർക്കാണ് പരിക്കേറ്റത്.
കൊച്ചി നഗരത്തിൽ കനത്ത വെള്ളക്കെട്ട്
കൊച്ചി: രണ്ടുദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴ ജില്ലയിൽ ജനജീവിതം ദുരിതത്തിലാക്കി. കൊച്ചി നഗരത്തിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മരങ്ങൾ കടപുഴകി വീണ് പലയിടങ്ങളിലും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, സൗത്ത്^നോർത്ത് റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ വെള്ളക്കെട്ട് രൂപം കൊണ്ടത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. നഗരപരിധിയിൽ എ.സി. റോഡിൽ മരം വീണ് വൈദ്യുത പോസ്റ്റിന് കേടുപറ്റുകയും സമീപത്ത് സ്ഥാപിച്ചിരുന്ന സ്ട്രീറ്റ് ലൈറ്റിംഗ് സംവിധാനം പാടെ തകരുകയും ചെയ്തു.
അതിനിടെ ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ ചിലയിടത്ത് ഉരുൾപൊട്ടലും വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സിഗ്നലിങ് സംവിധാനം തകരാറിലായതോടെ ട്രയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ മൂന്നടിയോളം വെള്ളമുയർന്നതോെട സ്റ്റാൻറിെൻറ പ്രവർത്തനം താറുമാറായി. ഒാേട്ടായടക്കം ടാക്സികൾ ഞായറാഴ്ച വൈകീട്ട് നഗരത്തിൽ സർവീസ് നിറുത്തിവച്ചു. ശനിയാഴ്ച രാത്രി എറണാകുളം ജനറൽ ആശുപത്രിക്ക് മുകളിലേക്ക് മരം വീണു. മഹാരാജാസ് കോളജ് കാംപസിൽ നിന്ന മരമാണ് റോഡിനു കുറുകെ വീണത്. ഇതിെൻറ ഒരറ്റം ആശുപത്രിക്കെട്ടിടത്തിലേക്കു പതിക്കുകയായിരുന്നു. മരം പതിച്ച ഭാഗത്ത് ആശുപത്രിയിൽ രോഗികൾ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. ഞായറാഴ്ച രാവിലെ അഗ്നിശമനസേന എത്തി മരം മുറിച്ചുമാറ്റി. താണ പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകളും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വ്യാഴാഴ്ച്ച രാവിലെയോടെയാണ് ജില്ലയില്‍ മഴ ശക്തിപ്പെട്ടത്. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം മരം റോഡിലേക്ക് കടപുഴകി വീണു. വൈദ്യുതി ലൈന്‍ ഇല്ലാത്ത ഭാഗത്തേക്ക് വീണതിനാല്‍ അപകടം ഒഴിവായി. സ്വകാര്യ കേബിള്‍ ശൃംഗലക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാനന്‍ഷെഡ് റോഡില്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. മഴ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശമായ ഫോര്‍ട്ട് കൊച്ചി മേഖലകളില്‍ പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിലായി. ഞായറാഴ്ച്ച അവധിയായിരുന്നിട്ട് കൂടി ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം തുടര്‍ന്നു. കാര്യമായ നാശനഷ്ടങ്ങള്‍ നഗരത്തിനുള്ളില്‍ റിപ്പോര്‍ട്ടില്ല. നോര്‍ത്ത്- സൗത്ത് റെയില്‍വെ സ്റ്റേഷനിലും വെള്ളക്കെട്ട് പ്രതിസന്ധിയിലാക്കി.
രാത്രി വൈകിയും മഴ തുടര്‍ന്നാല്‍ ട്രെയിന്‍ സര്‍വീസുകള്‍ വെട്ടികുറയ്‌ക്കേണ്ടി വരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മേനകയില്‍ ശ്രീധര്‍ തീയേറ്ററിനു സമീപം ബ്രോഡ്‌വേയിലേക്കുള്ള പ്രവേശന റോഡിലുണ്ടായ വെള്ളക്കെട്ടില്‍ ജനങ്ങള്‍ വലഞ്ഞു. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന ഇവിടുത്തെ കാനകളില്‍ നിന്ന് മാലിന്യം നീക്കണമെന്ന നിര്‍ദേശം ഇക്കുറിയും കോര്‍പ്പറേഷന്‍ അവഗണിച്ചു. ടൗണ്‍ ഹാളിനു പരിസരത്തെ റോഡുകളിലും വെള്ളം നിറഞ്ഞു. സെന്റ് വിന്‍സെന്റ് റോഡ്, പ്രൊവിഡന്‍സ് റോഡ്, മോണാസ്ട്രി റോഡ് തുടങ്ങിയ റോഡുകള്‍ വെള്ളത്തിലാണ്. ജഡ്ജസ് അവന്യു, ഹൈക്കോര്‍ട്ട് ജംങ്ഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്കുള്ള റോഡ് തുടങ്ങിയ വഴികളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ലിസി ജംങ്ഷനില്‍ നിന്ന് മണപ്പാട്ടി പറമ്പ് റോഡ്, ശാസ്താ ടെമ്പിള്‍ റോഡ്, പൊറ്റക്കുഴി, എളമക്കര വഴി ഇടപ്പളളിയില്‍ എത്തുന്ന റോഡ്, തുടങ്ങിയ റോഡുകളും മുട്ടോളം വെള്ളം പൊങ്ങിയിട്ടുണ്ട്് വൈറ്റില മൊബിലിറ്റി ഹബിലേക്ക് തിരിയുന്ന ഇട റോഡിലും സമീപത്തെ ഇട റോഡുകളിലും വെള്ളം കയറി.
വടക്കൻ മേഖലകളിൽ വെള്ളപ്പൊക്കദുരിതം
വടുതല: രണ്ട് ദിവസമായി തോരാതെപെയ്യുന്ന കനത്ത മഴയിൽ ജില്ലയുടെ വടക്കൻ മേഖലകൾ വെള്ളത്തിൽ. പള്ളിപ്പുറം, തൈക്കാട്ടുശേരി, പൂച്ചാക്കൽ, പെരുമ്പളം, അരൂക്കുറ്റി,അരൂർ തുടങ്ങി സ്ഥലങ്ങളിലെ വീടുകളും റോഡുകളും വെള്ളത്തിലായി.തീരദേശത്തെ വീടുകളിൽ വാൻതോതിൽ വെള്ളംകയറിയതോടെ ജനജീവിതം ദുരിതത്തിലായി. വീടുകളുടെ മുറ്റത്ത് നിന്ന് വെള്ളം കിടപ്പ് മുറിയിലേക്കും അടുക്കളയിലേക്കും കയറിയനിലയിലാണ്. വീടുകളിൽ പാചകംചെയ്യാൻ പോലും സാധിക്കുന്നില്ല. കൂടാതെ, ചിലഇടങ്ങളിൽ കൃഷികളും നശിക്കുന്നുണ്ട്. പ്രധാന റോഡുകൾ എല്ലാം വെള്ളത്തിലായി. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ അപകടവും നടക്കുന്നുണ്ട്. നീർച്ചാലുകളിൽ വെള്ളംകെട്ടിനിൽക്കുന്നത് മൂലവും വെള്ളക്കെട്ട് രൂക്ഷമായി. വേമ്പനാട്ട് കായലിലേക്ക് പോകുന്ന തോടുകളിൽ മാലിന്യങ്ങൾ നിറഞ്ഞ് വെള്ളത്തിെൻറ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്. വെള്ളം കെട്ടിനിൽക്കുന്നതു മൂലം അസഹ്യമായ ദുർഗന്ധവും വമിക്കുന്നുണ്ട്. റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന മൂലം നടക്കാൻ പോലും സാധിക്കുന്നില്ല. മഴ തുടർച്ചയായതോടെ തകർന്ന് കിടക്കുന്ന ഗ്രാമീണ റോഡുകളിൽ വീണ്ടും ചെളികൾ നിറഞ്ഞു. വൈദ്യുതി മുടക്കം പതിവായി.
കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു; കൃഷിയുള്ള പാടങ്ങളിൽ വെളളംകയറുന്നത് ഭീഷണി
കുട്ടനാട് രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുട്ടനാട്ടിലെ ജലാശയങ്ങളിലെ ജലനിരപ്പുയരുന്നു. മഴ തുടര്‍ന്നാല്‍ വീണ്ടും കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തിന് സാധ്യത. നിലവില്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പാ, മണിമല നദികളിലെ ജലനിരപ്പുയര്‍ന്നതോടെ ചെറുതോടുകള്‍ കവിഞ്ഞ് വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. ആലപ്പുഴ- ചങ്ങനാശേരി പാതയില്‍ മാമ്പുഴക്കരി ജങ്ഷനില്‍ വെള്ളക്കെട്ടായിട്ടുണ്ട്. പാതയില്‍ നിരവധി ഭാഗത്ത് വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതത്തെ ബാധിച്ചിട്ടില്ല. കുട്ടനാട്ടിലെ ഇട റോഡുകളും മുട്ടാര്‍-കിടങ്ങറ, വേഴപ്ര-തായങ്കരി, എടത്വാ-മങ്കോട്ടച്ചിറ, മങ്കൊമ്പ് ക്ഷേത്രം റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി. മുട്ടാര്‍-കിടങ്ങറ റോഡില്‍ ജലനിരപ്പുയര്‍ന്നാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. പച്ചയില്‍ മരം വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ താലൂക്കിലെ മിക്കയിടങ്ങളിലും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.
മങ്കൊമ്പ്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, വെളിയനാട്, മുട്ടാര്‍, തലവടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഭൂരിഭാഗം പാടങ്ങളിലും രണ്ടാംകൃഷിയില്ലാത്തതും പുഞ്ചക്കൃഷിക്കായുള്ള പമ്പിങ് ആരംഭിക്കാത്തതും കുട്ടനാട്ടില്‍ ജലനിരപ്പുയരുവാന്‍ കാരണമാകുന്നു.
കുട്ടനാട്ടില്‍ രണ്ടാം കൃഷിയുള്ള പാടശേഖരങ്ങളിലും വെള്ളം കയറുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. എടത്വാ, തകഴി, വീയപുരം കൃഷിഭവന്‍ കീഴില്‍ വരുന്ന മിക്ക പാടത്തും വിളവെടുപ്പിന് തയ്യാറായ നെല്‍ച്ചെടികള്‍ വീണ നിലയിലാണ്. മങ്കോട്ടച്ചിറ, എരവുകരി, ചുങ്കം, ഇടചുങ്കം പാടശേഖരങ്ങളില്‍ ഏക്കറുകണക്കിന് നെല്ല് വീണിട്ടുണ്ട്. പാടത്ത് വെള്ളക്കെട്ടായതിനാല്‍ കൊയ്ത്ത യന്ത്രം താഴുന്ന അവസ്ഥയയായതിനാല്‍ നെല്ല് കൊയ്‌തെടുക്കുവാന്‍ഡ കഴിയാത്ത സ്ഥിതിയാണ്. മഴ തോര്‍ന്ന് നെല്ലു കൊയ്‌തെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും. കനത്ത മഴയിലാണ് പോളത്തുരുത്ത് മുണ്ടുതോട് പാടത്തെ വിളവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇവിയെ വിളവെടുത്ത നെല്ല് റോഡരികിലാണ് സംഭരിച്ചിരിക്കുന്നത്. പുഞ്ചക്കൃഷിക്കായി പമ്പിങ് ആരംഭിച്ചിട്ടുള്ള പാടശേഖരങ്ങളില്‍ ജലനിരപ്പില്‍ കാര്യമായ വ്യത്യാസമില്ലാത്തത് വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ വര്‍ധിപ്പിക്കുന്നു.
വൈദ്യുതാഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
പൂച്ചാക്കൽ: നിർമാണപ്രവർത്തനത്തിനിടെ വൈദ്യുതാഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് മധുര ടി.കെ. നായകനൂർ പഞ്ചായത്തിൽ ടിപറപ്പെട്ടി വീട്ടിൽ മുനിയൻ സ്വാമിയാണ്(28) മരിച്ചത്. മാതൃസഹോദരൻ അമാവാസിക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെ പള്ളിപ്പുറം വ്യവസായവികസന കേന്ദ്രത്തിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിെൻറ കെട്ടിട നിർമാണത്തിന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്കുഴിയെടുത്തിരുന്നു. കുഴിയിൽ മഴവെള്ളംനിറഞ്ഞത് ഇവർ രണ്ടുപേർ ചേർന്ന് മോട്ടോർ ഉപയോഗിച്ച് വറ്റിക്കുന്നതിനിടെ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടമെന്ന് ചേർത്തല പൊലീസ് പറഞ്ഞു. വൈദ്യുതാഘാതത്തെ തുടർന്ന് മുനിയൻസ്വാമി കുഴിയിലേക്ക് തെറിച്ചുവീണാണ് മരിച്ചത്. അമാവാസിക്ക് കരയിലേക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മധുരയിലേക്ക് കൊണ്ടുപോയി.
ഇടുക്കിയിൽ ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ
തൊടുപുഴ: രണ്ടുദിവസമായി പെയ്യുന്ന മഴയിൽ ഇടുക്കിയിൽ വ്യാപക മണ്ണിടിച്ചിൽ. ബൈസണ്‍വാലി മുത്തന്‍മുടിയില്‍ ഉരുള്‍പൊട്ടി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. പൊന്മുടി അണക്കെട്ട് ഏതുനിമിഷവും തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. മഴ നിർത്താതെ പെയ്യുന്നതിനാൽ കലക്ടർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ഒരു ദിവസംകൊണ്ട് രണ്ടടി ജലനിരപ്പുയർന്നു. ഇടുക്കി അണക്കെട്ടിൽ 51 ശതമാനം ജലമുണ്ട്. ഞായറാഴ്ച ഡാമിലെ ജലനിരപ്പ് 2356.10 അടിയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2351.54 അടിയായിരുന്നു. ഡാമിൽ നിലവിൽ 1117.598 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം സംഭരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച രാവിലെ വരെ 43.8 മില്ലി മീറ്റർ മഴയാണ് പെയ്തത്.
ഞായാറാഴ്ച വൈകീേട്ടാടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി. ശനിയാഴ്ച ഇത് 124 അടിയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേരള ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരും അണക്കെട്ട് സന്ദർശിക്കും. ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച രാവിലെ വരെ പീരുമേട് താലൂക്കിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്. ഇവിടെ 84 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ദേവികുളത്ത് 62 മില്ലിമീറ്റർ ലഭിച്ചു. ഇടുക്കിയിൽ 4.38ഉം തൊടുപുഴയിൽ 40.4ഉം മഴ ലഭിച്ചു. എന്നാൽ, ഉടുമ്പൻചോലയിൽ 17.4 മില്ലിമീറ്റർ മാത്രമേ ലഭിച്ചുള്ളൂ.
മൂന്നാർ, അടിമാലി, രാജകുമാരി, കുഞ്ചിത്തണ്ണി, മൂലമറ്റം മേഖലയിൽ മരങ്ങൾ കടപുഴകുകയും മണ്ണിടിയുകയും ചെയ്തു. മഴ നിർത്താതെ പെയ്യുന്നതിനാൽ ജനം ആശങ്കയിലാണ്. ജില്ലയിൽ മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മലങ്കര ഡാമിലെ അഞ്ച് ഷട്ടറും ഉയർത്തി.
ചളിക്കുണ്ടായി മൂന്നാറിലെ റോഡുകള്‍; യാത്രാദുരിതവും പേറി വിനോദസഞ്ചാരികളും
മൂന്നാര്‍: മഴക്കാലം സജീവമായതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ റോഡുകള്‍ കുളമായി. മൂന്നാറിലൂടെ കടന്നുപോകുന്ന ദേശീയപാത മുതല്‍ ബൈപാസുവരെ കാല്‍നടപോലും സാധ്യമാകാത്ത വിധത്തില്‍ ടാറിങ് തകര്‍ന്ന് വെള്ളക്കെട്ടായി മാറി.കൊച്ചി-ധനുഷ്കോടി ദേശീയപാത, മൂന്നാര്‍^പെരിയവൈര, മൂന്നാര്‍ കോളനി, മൂന്നാര്‍-ദേവികുളം തുടങ്ങിയ പ്രധാന റോഡുകളാണ് മഴ ശക്തമായതോടെ വെള്ളക്കെട്ട് നിറഞ്ഞു കിടക്കുന്നത്. സഞ്ചാരികള്‍ക്ക് പുറമെ സ്കൂൾ കുട്ടികളടക്കമുള്ള നിരവധി കാല്‍നടക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. പലപ്പോഴും വാഹനങ്ങള്‍ കുഴിയില്‍ ചാടുമ്പോള്‍ കെട്ടിക്കിടക്കുന്ന അഴുക്ക് വെള്ളം ദേഹേത്തക്ക് തെറിച്ച് കുട്ടികള്‍ വീടുകളിലേക്ക് തിരിച്ചുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. മാത്രവുമല്ല റോഡ് തകര്‍ന്നതിനാല്‍ ടാക്‌സി വാഹനങ്ങളുമായി ഇതുവഴി പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഓടിക്കിട്ടുന്ന പണം വാഹനത്തിെൻറ അറ്റകുറ്റപ്പണി നടത്തുന്നതിനുപോലും തികയില്ലെന്നും ഓട്ടോ തൊഴിലാളികളും പ്രതികരിച്ചു. ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടം നടത്തുന്നതിന് പല പദ്ധതികളും മൂന്നാറില്‍ ആവിഷ്‌കരിക്കുമ്പോഴും അടിസ്ഥാന വികസനത്തിെൻറ അവശ്യഘടകമായ റോഡുകളുടെ ശോച്യാവസ്ഥപോലും പരിഹരിക്കുന്നതിന് അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധവും ശക്തമാണ്.
മണ്ണാർക്കാട് വെള്ളപ്പൊക്ക സമാനം, പുഴകൾ കരകവിഞ്ഞു
മണ്ണാർക്കാട്: രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ മണ്ണാർക്കാട്ട് വെള്ളപ്പൊക്ക സമാന സ്ഥിതി. കുന്തിപ്പുഴയും നെല്ലിപ്പുഴയും കൈവഴികളും കരകവിഞ്ഞതോടെ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായിട്ടില്ലാത്ത മഴക്കെടുതിക്കാണ് കാരണമായത്. അട്ടപ്പാടി ചുരത്തിൽ ഞായറാഴ്ച പുലർച്ചയുണ്ടായ വ്യാപക മണ്ണിടിച്ചിലിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. പത്തോളം സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും മരം വീഴലും ഉരുൾപൊട്ടലുമുണ്ടായത്.
മണ്ണും പാറക്കല്ലുകളും നീക്കി ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. ആനമൂളി പാലവളവ് മുതൽ മുക്കാലി വരെ ചുരത്തിെൻറ പലഭാഗത്തും വൻതോതിലാണ് മണ്ണും കല്ലും റോഡിൽ അടിഞ്ഞു കൂടിയിരിക്കുന്നത്. വൈകീട്ട് വരെ മൂന്ന് സ്ഥലങ്ങളിലെ തടസ്സം നീക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പുലർച്ച അഞ്ച് മണിയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം വൈകിയും തുടരുകയാണ്. ഒറ്റപ്പാലം സബ് കലക്ടർ നൂഹ് ബാവ, പാലക്കാട് എ.എസ്.പി പൂങ്കുഴലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഫയർഫോഴ്സും പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. അട്ടപ്പാടി മേഖല പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്.
ഷോളയാര്‍, പെരിങ്ങൽക്കുത്ത് ഡാമുകള്‍ തുറന്നു;
ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകി
ചാലക്കുടി: പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഷോളയാര്‍ ഡാം തുറന്നത്. തൊട്ടുപിറകെ പെരിങ്ങല്ക്കുത്തിെൻറയും ഷട്ടറുകള്‍ ഉയര്‍ത്തി. എന്നാല്‍, ഞായറാഴ്ച പുലര്‍ച്ചെ രേണ്ടാടെ ഷോളയാറിെൻറ ഷട്ടറുകൾ അടച്ചു. നീരൊഴുക്ക് ശക്തമായതോടെ രാവിലെ വീണ്ടും മൂന്ന് ഷട്ടറുകള്‍ ഒരടിയോളം തുറന്നു. രണ്ട്, മൂന്ന്, അഞ്ച് ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഉച്ചക്ക് ഒന്നോടെ ഒന്നര അടിയായി കൂട്ടി. പെരിങ്ങല്ക്കുത്തിെൻറ ഷട്ടറുകള്‍ 12 ഒാടെ അടച്ചിരുന്നു. തുടര്‍ന്ന് ചളിയും കൂടുതല്‍ വെള്ളവും ഒഴുക്കാനായി സ്ലൂയിസ് വാല്‍വ് 18 അടി ഉയര്‍ത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇരു ഡാമുകളുടെയും ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തിയേക്കും. ഡാമുകള്‍ തുറന്നതോടെ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധിയിലായി. വെള്ളം അപകടകരമായ തോതില്‍ ഉയര്‍ന്നതിനാല്‍ ഞായറാഴ്ച വിനോദസഞ്ചാരികള്‍ക്ക് വെള്ളത്തിലിറങ്ങാന്‍ നിയന്ത്രണമുണ്ടായി. ചാലക്കുടിപ്പുഴ നിറഞ്ഞൊഴുകുകയാണ്. കലങ്ങിമറിഞ്ഞൊഴുകുന്ന വെള്ളത്തില്‍ ഉയര്‍ന്ന ഭാഗങ്ങളിലെ അഴുക്കുകള്‍ ഒഴുകി നടക്കുകയാണ്. ജലം ഉയര്‍ന്നതോടെ വലിയ വലിയ പുല്‍ത്തിട്ടകള്‍ ജലനിരപ്പില്‍ ഒഴുകി നടക്കുന്നുണ്ട്. വിനോദസഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകിയെത്തുകയാണ്. താഴ്ന്ന ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പുഴയിലേക്ക് ഒഴുകിയെത്തുന്ന തോടുകളിലും വെള്ളം ഉയർന്നു.
കഴിഞ്ഞ വര്‍ഷം മഴ കാര്യമായി ലഭിക്കാത്തതിനാലും ആളിയാര്‍ കരാർ പ്രകാരമുള്ള വെള്ളം തമിഴ്‌നാട് വിട്ടുകൊടുക്കാത്തതിനാലും ഇരു ഡാമുകളിലും വെള്ളം അധികം തുറന്നുവിട്ടിരുന്നില്ല. ഈ വര്‍ഷമാകട്ടെ സെപ്റ്റംബര്‍വരെ മഴ ശക്തമാകാത്തതിനാല്‍ ഡാമുകളിൽ ജലനിരപ്പ് കുറവായിരുന്നു. മഴക്കാലത്ത് പലവട്ടം തുറന്നുവിടാറുള്ള പെരിങ്ങല്‍ക്കുത്ത് ഇത്തവണ ഒരിക്കൽ മാത്രമാണ് തുറന്നത്. ഇതിന് സംഭരണശേഷി കുറവാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിെൻറ സംഭരണശേഷി 424 മീറ്റര്‍ ആണ്. 2663 അടിയാണ് ഷോളയാറിെൻറ സംഭരണശേഷി. ഇത്തവണ ഷോളയാര്‍ ആദ്യമായാണ് തുറന്നത്. ഷോളയാറിൽനിന്ന് തുറന്നുവിടുന്ന വെള്ളമാണ് പെരിങ്ങൽക്കുത്തില്‍ എത്തുന്നത്. ഷോളയാര്‍ തുറന്നുവിട്ടാല്‍ പെരിങ്ങല്‍ക്കുത്തും തുറക്കേണ്ടിവരും.
റെയിൽ പാളത്തിലേക്ക് കല്ലും മണ്ണും ഇടിഞ്ഞുവീണു
കനത്തമഴയിൽ ചിങ്ങവനം പൂവന്തുരുത്തിൽ റെയിൽ പാളത്തിലേക്ക് കല്ലും മണ്ണും ഇടിഞ്ഞുവീണു. തൊട്ടുപിന്നാലെയെത്തിയ ട്രെയിൻ വലിയ കല്ലുകൾ ഇടിച്ചുതെറിപ്പിച്ചു കടന്നുപോയി. ട്രെയിൻ ആടിയുലഞ്ഞെങ്കിലും വൻദുരന്തം ഒഴിവായി. ഇതോടെ മൂന്നുമണിക്കൂർ കോട്ടയം വഴി ട്രെയിൻ ഗതാഗതം മുടങ്ങി.
ഞായറാഴ്ച രാവിലെ 10.30ന് ചിങ്ങവനം പൂവന്തുരുത്ത് റെയിൽവേ മേൽപാലത്തിനു സമീപമാണ് സംഭവം. പാലത്തിനു ബലം നൽകാനായി സ്ഥാപിച്ച വലിയ കരിങ്കല്ലുകളും മണ്ണും റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞത് അറിയാതെ തൊട്ടുപിന്നാലെയെത്തിയ ഗുരുവായൂർ-എടമൺ പാസഞ്ചർ ട്രെയിൻ ട്രാക്കിൽകിടന്ന വലിയകല്ലും മണ്ണും ഇടിച്ചുതെറിപ്പിച്ചു മുന്നോട്ടുപോയി. ഇടിയുടെ ആഘാതത്തിൽ കല്ലുകൾ 20 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണു.
കല്ലുവീണ് ട്രാക്കിെൻറ ജോയൻറ് ക്ലിപ്പുകളും വേർപെട്ട് തെറിച്ചു. ഉഗ്രശബ്ദത്തോടെ ട്രെയിൻ കടന്നുപോയത് സമീപവാസികളിലും ട്രെയിൻ യാത്രക്കാരിലും പരിഭ്രാന്തി പരത്തി. കനത്തമഴയിൽ വൻശബ്ദംകേട്ട് സമീപവാസികൾ എത്തിയപ്പോൾ ആടിയുലഞ്ഞ് ട്രെയിൻപോകുന്നതാണ് കണ്ടത്. തുടർന്ന് ചിങ്ങവനം പൊലീസിനെയും റെയിൽവേ അധികൃതരെയും നാട്ടുകാർ വിവരം അറിയിച്ചു. എന്നാൽ, റെയിൽവേ അധികൃതർ വൈകിയാണ് എത്തിയതെന്ന് ആക്ഷേപമുണ്ട്. കോട്ടയത്തുനിന്ന് അഗ്നിശമനസേനയും എത്തി.
സംഭവത്തെത്തുടർന്ന് കോട്ടയം വഴിയോടുന്ന മുഴുവൻ ട്രെയിനുകളും ഏറെവൈകി. കേരള എക്സ്പ്രസ് കോട്ടയത്തും ശബരി എക്സ്പ്രസ് ചങ്ങനാശ്ശേരിയിലും കൊല്ലം-എറണാകുളം മെമു ചിങ്ങവനത്തും കൊച്ചുവേളി^മുബൈ (ലോകമാന്യ തിലക്) ഗരീബ്രഥ് എക്സ്പ്രസ് തിരുവല്ലയിലും മണിക്കൂറുകൾ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. സമീപ സ്റ്റേഷനുകളിൽ ഇറങ്ങേണ്ട യാത്രക്കാർ മറ്റ് വാഹനങ്ങളെ ആശ്രയിക്കുകയായിരുന്നു. കാത്തിരിപ്പ് നീണ്ടതോടെ ചിലർ ബന്ധുക്കളെ ട്രെയിൻ പിടിച്ചിട്ടിരുന്ന സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ചിങ്ങവനത്ത് സ്റ്റോപ്പുള്ളതിനാൽ ട്രെയിൻ വേഗം കുറച്ചാണ് സഞ്ചരിച്ചിരുന്നത്. റെയിൽവേ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ട്രാക്കിലെ മുഴുൻ തടസ്സങ്ങളും മാറ്റി. മേൽപാലത്തിെൻറ മുകളിൽനിന്ന് പാളത്തിലേക്ക് പതിക്കാൻ സാധ്യതയുള്ള മുഴുവൻ കല്ലുകളും നീക്കിയശേഷം ഉച്ചക്ക് ഒന്നിനാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാതയിരട്ടിപ്പിക്കലിെൻറ ഭാഗമായി മണ്ണെടുത്തതാണ് പ്രശ്നത്തിനു കാരണമായതെന്ന് ആക്ഷേപമുണ്ട്. ബലമേകിയിരുന്ന കല്ലുകൾ ഇടിഞ്ഞതോടെ പഴക്കമേറിയ മേൽപാലവും അപകടാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.