തൊടുപുഴ: ഒരാഴ്ചക്കിടെ മഴയിലും കാറ്റിലും സംസ്ഥാനത്ത് 370.48 കോടിയുടെ കൃഷി നാശം. 9237.27 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. മഴക്കെടുതി 84,507 കർഷകരെ ബാധിച്ചു. പത്തനംതിട്ട ജില്ലയിലാണ് കൃഷി നാശം ഏറ്റവും കൂടുതൽ. 1494.18 ഹെക്ടറിലെ 69.03 കോടിയുടെ കൃഷിയാണ് ജില്ലയിൽ നശിച്ചത്.
ഒരാഴ്ചത്തെ മഴയിൽ സംസ്ഥാനത്ത് 18.74 കോടിയുടെ പച്ചക്കറി കൃഷിയാണ് നശിച്ചത്. വാഴ 143.05 കോടി, മരച്ചീനി 103.26 കോടി, നെല്ല് 23.72 കോടി, തെങ്ങ് 5.15 കോടി, റബർ 4.74 കോടി, കുരുമുളക് 4.16 കോടി എന്നിങ്ങനെയാണ് മറ്റ് പ്രധാന വിളകൾക്കുണ്ടായ നഷ്ടം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ഉൽപാദനത്തകർച്ചയും തുടർന്നുണ്ടായ വിലയിടിവും കർഷകരെ വൻ പ്രതിസന്ധിയിലാക്കിയതിന് പിന്നാെലയാണ് മഴയും കാറ്റും വ്യാപകനാശം വിതച്ചത്.
മുൻവർഷങ്ങളിലെ പ്രളയവും വരൾച്ചയും സൃഷ്ടിച്ച തകർച്ചയിൽനിന്ന് കർഷകർക്ക് ഇനിയും കരകയറാനായിട്ടില്ല. ഇടുക്കിയടക്കം ജില്ലകളിൽ വന്യമൃഗശല്യവും ഭീഷണിയായി നിലനിൽക്കുന്നു. കോവിഡ് രണ്ടാംഘട്ട വ്യാപനവും ലോക്ഡൗണും കാർഷിക മേഖലയുടെ നെട്ടല്ല് ഒടിച്ചിരിക്കുകയാണ്.
വിളവെടുക്കാനും വിറ്റഴിക്കാനും കഴിയാതെ കടക്കെണിയിലേക്ക് നീങ്ങുന്നതിനിടെയാണ് മഴ കർഷകരുടെ പ്രതീക്ഷ തകർത്തത്. വിളവെടുപ്പിന് പാകമായ വാഴയും പച്ചക്കറിയും വൻതോതിൽ നശിച്ചത് ചെറുകിട കർഷകരെയാണ് കൂടുതൽ ബാധിക്കുക. ഭൂരിഭാഗം പേരും ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്തവരാണ്. കൃഷിനാശം സംഭവിച്ചവർക്ക് യഥാസമയം അർഹമായ നഷ്ടപരിഹാരം നൽകുന്നതിലെ സർക്കാർ വീഴ്ചയും കർഷകർക്ക് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.