തിരുവനന്തപുരം: ദേവികുളം എം.എൽ.എ രാജേന്ദ്രൻ ഭൂമി കൈയേറിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ വ്യക്തമാക്കിയിട്ടും കൈയേറ്റക്കാരുടെ പട്ടികയിൽനിന്ന് ബോധപൂർവം അദ്ദേഹത്തെ ഒഴിവാക്കിയെന്ന് രേഖകൾ. മുഖ്യമന്ത്രിക്കും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഇടുക്കി ജില്ല ഭരണകൂടം സമർപ്പിച്ച കൈയേറ്റക്കാരുടെ പട്ടികയിൽ രാജേന്ദ്രെൻറ അതേ സർവേ നമ്പറിലെ മറ്റ് കൈയേറ്റക്കാരെല്ലാം ഇടംപിടിച്ചപ്പോൾ രാജേന്ദ്രെൻറ പേര് മാത്രം ഒഴിവാക്കി. പരിശോധനക്കെത്തിയവർ രാജേന്ദ്രെൻറ കൈയേറ്റം മാത്രം വിട്ടുപോയതാവാൻ ഇടയില്ല. അതിനാൽ, വിവാദം ഒഴിവാക്കുന്നതിന് രാജേന്ദ്രനെ ബോധപൂർവം ഒഴിവാക്കിയതാകാമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
രാജേന്ദ്രൻ കൈവശം െവച്ചിരിക്കുന്നത് കെ.എസ്.ഇ.ബിയുടെ സർവേ നമ്പർ 843 എയിലുള്ള എട്ട് സെൻറ് ഭൂമിയാണെന്നാണ് 2015 ജനുവരിയിൽ അന്നത്തെ ലാൻഡ് റവന്യൂ കമീഷണർ എം.സി. മോഹൻദാസ് റിപ്പോർട്ട് നൽകിയത്. അതേസ്ഥലത്ത് കെ.എസ്.ഇ.ബിയുടെ ഭൂമി കൈയേറിയ ബിനു പാപ്പച്ചൻ, മിനി പാപ്പച്ചൻ, ആശാ അലക്സ്, പ്രിൻസ് എന്നിവരുടെ പേരുകൾ റവന്യൂ വകുപ്പ് തയാറാക്കിയ പട്ടികയിലുണ്ട്.
രാജേന്ദ്രൻ വീട് നിർമിച്ച സർവേ നമ്പർ 843ലാണ് ഇവരിൽ മൂന്നുപേരുടെ കൈയേറ്റവും. ബിനു പാപ്പച്ചൻ ഒമ്പത് സെൻറും മിനി പാപ്പച്ചൻ ഏഴുസെൻറും ഭൂമി കൈയേറി വീടും സ്റ്റേ ഹോമും നിർമിച്ചു. കോടതിയിൽ രണ്ടുപേരും കേസ് നൽകിയെങ്കിലും 2015ൽ അത് തള്ളി. ആശാ അലക്സും 843ാം സർവേ നമ്പറിൽ ഏഴുസെൻറ് ഭൂമി കൈയേറിയതായി റിപ്പോർട്ടിലുണ്ട്. അനധികൃതമായി കെട്ടിടനിർമാണവും നടത്തിയിട്ടുണ്ട്.
അതേ സർവേ നമ്പറിൽതന്നെയാണ് പ്രിൻസ് വ്യാജ പട്ടയത്തിെൻറ പിൻബലത്തിൽ കൈേയറ്റം നടത്തിയത്. എത്ര സെൻറ് ഭൂമി കൈയേറിയെന്ന് വ്യക്തമാക്കിയിട്ടില്ല. വ്യാജ പട്ടയമായതിനാൽ അതും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഇതേ സർവേ നമ്പറിൽ കെ.എസ്.ഇ.ബി ഭൂമിയിൽ കെട്ടിടം നിർമിച്ച രാജേന്ദ്രെൻറ പേര് പട്ടികയിൽനിന്ന് ഒഴിവാക്കിയത് ബോധപൂർവമാണത്രെ. മൂന്നാറിൽ കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് നിരവധി കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. സർക്കാർ നേരേത്ത പല കൈയേറ്റങ്ങളും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ചില കൈയേറ്റങ്ങൾ കോടതിയിൽ കേസ് നിലവിലുള്ളതിനാൽ ഒഴിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.