അടക്കാരാജുവിനെ യേശുവായി ചിത്രീകരിച്ചു; പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ മുഖ്യ സാക്ഷിയായ രാജുവിന്‍റെ ചിത്രം യേശു ക്രിസ്തുവിന്‍റെ ചിത്രമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍. ക്രിസ്തുവിന്‍റെ മുഖത്തിന് പകരം രാജുവിന്‍റെ മുഖം വെച്ചത് അപമാനകരമാണെന്ന് പരാതിയിൽ പറയുന്നു.

മതവിദ്വേഷം പടര്‍ത്തുമെന്നാരോപിച്ചാണ് ജയകുമാര്‍ എന്നയാള്‍ക്കെതിരെ ഫെഡറേഷന് വേണ്ടി സ്വരൂപ് എബ്രഹാം എന്ന വ്യക്തി ചങ്ങനാശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. ജയകുമാറിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും സ്വരൂപ് പരാതിയില്‍ ആവശ്യപ്പെടുന്നു.

'രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മിശിഹ ഭൂമിയിലേക്ക്….ഞാന്‍ നീതിമാന്‍മാരെ തിരഞ്ഞല്ല വന്നത്…പാപികളെ തിരഞ്ഞാണ് ഞാന്‍ വന്നത്…

ഈ ക്രിസ്മസാണ് കേരളത്തില്‍ യഥാര്‍ത്ഥ ക്രിസ്മസ്.. നീതിയുടെ പരിപാലകനായ നസ്രേത്ത്കാരന്‍ പുഞ്ചിരിക്കുന്ന ക്രിസ്മസ്,' എന്ന കുറിപ്പോടുകൂടെയായിരുന്നു ജയ കുമാര്‍ ഫേസ്ബുക്കില്‍ രാജുവിനെ ക്രിസ്തുവിന് സമാനമായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

അഭയാ കേസില്‍ വഴിത്തിരിവായ സാക്ഷിമൊഴിയായിരുന്നു രാജുവിന്‍റേത്. പ്രധാന സാക്ഷികളെല്ലാം കൂറുമാറിയപ്പോഴും രാജു മൊഴിയില്‍ ഉറച്ച് നിന്നു. സാക്ഷികളില്ലാത്ത കേസിൽ രാജുവിന്‍റെ മൊഴി അങ്ങനെ നിർണായകമാകുകയായിരുന്നു. മൊഴി മാറ്റാനായി പൊലീസ് ഇദ്ദേഹത്തെ മർദിച്ചതായും രാജു വ്യക്തമാക്കിയിരുന്നു.

സാക്ഷിമൊഴി മാറ്റി പറയാന്‍ കോടികളാണ് പലരും വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും ഇപ്പോഴും കോളനിയിലാണ് താമസിക്കുന്നതെന്നും രാജു പറഞ്ഞിരുന്നു. അഭയാ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി കണ്ടെത്തിയതിന് പിന്നാലെ രാജുവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.