തിരുവനന്തപുരം: രാജ്യസഭ സ്ഥാനാർഥി, ഡി.സി.സി ഭാരവാഹികളുടെ നിയമനം തുടങ്ങിയവ സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ ചർച്ച നടന്നെങ്കിലും ധാരണയായില്ല.

മാർച്ച് 31 വരെ സമയമുള്ളതിനാൽ ഭാരവാഹികളുടെ നിയമന കാര്യത്തിൽ ധിറുതി കാട്ടേണ്ടെന്നാണ് ഇരുവർക്കുമിടയിലെ ധാരണ. പാർട്ടിഅംഗത്വവിതരണം സജീവമായി നടക്കേണ്ട സന്ദർഭത്തിൽ പ്രവർത്തകരുടെ ശ്രദ്ധ മാറ്റുന്നവിധം തിരക്കിട്ട് പുനഃസംഘടനയിലേക്ക് തൽക്കാലം പോകേണ്ടെന്നാണ് ചർച്ചയിലെ തീരുമാനം. അംഗത്വ വിതരണം ലക്ഷ്യത്തിലെത്തിക്കാൻ എല്ലാ വഴികളും തേടണമെന്നും തീരുമാനിച്ചു. അതിനാവശ്യമായ സൗകര്യങ്ങൾ താഴെത്തട്ടിൽ വരെ പാർട്ടി ഒരുക്കും. വരുംദിവസങ്ങളിൽ അംഗത്വ വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചർച്ചയിലെ ധാരണ.

രാജ്യസഭ സ്ഥാനാർഥിയുടെ കാര്യത്തിൽ നേതാക്കൾ തമ്മിൽ പ്രാഥമിക ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. ഇതിനകം ഉയർന്നുവന്ന പേരുകൾ ചർച്ചയായെങ്കിലും ഹൈകമാൻഡിന് കൈമാറുംവിധം ആയിട്ടില്ല. വിശദ ചർച്ചകൾക്ക്ശേഷം തീരുമാനമെടുക്കും. ഹൈകമാൻഡിന്‍റെ മനസ്സ് കൂടി അറിഞ്ഞശേഷം പാനൽ അല്ലെങ്കിൽ ഒറ്റപ്പേര് നൽകാമെന്നാണ് ഇരുവർക്കുമിടയിലെ ധാരണയെന്ന് അറിയുന്നു.

രാജ്യസഭ സീറ്റിന് സി.എം.പി നേതാവ് സി.പി. ജോൺ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തുനിന്ന് കോൺഗ്രസിന്‍റെ ആരും രാജ്യസഭയിൽ ഇല്ലാത്തതും സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം പാർട്ടിക്ക് നിലനിർത്തേണ്ടതും അദ്ദേഹത്തെ കോൺഗ്രസ് നേതൃത്വം ധരിപ്പിച്ചു. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ചൊവ്വാഴ്ച ഉച്ചക്കുശേഷം ഡൽഹിക്ക് പോകുന്നുണ്ട്. അവിടെ രാജ്യസഭ സ്ഥാനാർഥിയുടെ കാര്യത്തിൽ പാർട്ടി നേതൃത്വവുമായും എം.പിമാരുമായും അദ്ദേഹം അനൗപചാരിക ചർച്ച നടത്തിയേക്കും.

Tags:    
News Summary - Rajya Sabha candidate, DCC: No consensus in Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.