കോഴിക്കോട്: കൈയിലുണ്ടായിരുന്ന രാജ്യസഭ സീറ്റുകൂടി നഷ്ടമായതോടെ ലോക്താന്ത്രിക് ജനതാദളിൽ (എൽ.ജെ.ഡി) പ്രതിസന്ധി രൂക്ഷം. നിയമസഭയിലേക്ക് മത്സരിക്കാൻ മതിയായ സീറ്റുകൾ നൽകാതെ എൽ.ഡി.എഫ് വഞ്ചിച്ചെന്ന ആക്ഷേപം നിലനിൽക്കെയാണ് രാജ്യസഭ സീറ്റുകൂടി പാർട്ടിക്ക് നഷ്ടമായത്. ഉഭയകക്ഷി ചർച്ചപോലും നടത്താതെ സീറ്റ് ഏറ്റെടുത്ത സി.പി.എം ടേംവ്യവസ്ഥയിൽ മൂന്നുവർഷമെങ്കിലും സീറ്റ് പങ്കുവെക്കണമെന്ന അഭ്യർഥനയും അംഗീകരിക്കാത്തതാണ് വിമർശനങ്ങൾക്കിടയാക്കുന്നത്.
അവഗണനയോടെ മുന്നണിയിൽ തുടരുന്നതിലെ വിമർശനം നേതൃത്വത്തിനെതിരായ വിമതസ്വരമായി മാറുകയും ചെയ്യുന്നുണ്ട്. അതേസമയം, പാർട്ടി പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാറിനെതിരെ പരസ്യനിലപാടെടുത്ത നേതാക്കളെല്ലാം രാജിവെച്ച് സി.പി.എമ്മിന്‍റെ ഭാഗമായതിനാൽ പരസ്യപ്പോര് പാർട്ടിയിലില്ല.
നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ കൂടുതൽപേരെ പാർട്ടിയിൽനിന്നടർത്തി സി.പി.എം പാളയത്തിലെത്തിക്കാനുള്ള ശ്രമവും പാർട്ടിവിട്ടവർ തുടങ്ങി. യു.ഡി.എഫിലിരിക്കെ ആറ് നിയമസഭ സീറ്റിൽ മത്സരിച്ച പാർട്ടിക്ക് മൂന്നു സീറ്റു മാത്രമാണ് എൽ.ഡി.എഫ് അനുവദിച്ചിരുന്നത്. രാജ്യസഭ സീറ്റ് കൈയിൽനിന്ന് പോകാതിരിക്കാനായിരുന്നു അന്ന് മറുവാക്ക് മിണ്ടാതിരുന്നത്. പാർട്ടിയിൽ പുനഃസംഘാടനം വേണമെന്നതടക്കമുള്ള ആവശ്യമാണ് ഇവരുയർത്തുന്നത്. സമരസംഘടനയാക്കി പാർട്ടിയെ മാറ്റിയില്ലെങ്കിൽ അടുത്ത തെരെഞ്ഞടുപ്പിനു മുന്നേതന്നെ പാർട്ടി ഇല്ലാതാകുമെന്നും ഇവർ പറയുന്നു.
കേന്ദ്രനേതൃത്വം ഇന്ന് ആർ.ജെ.ഡിയിൽ ലയിക്കും
കോഴിക്കോട്: ബിഹാറിലെ പട്നയിൽ ഞായറാഴ്ച നടക്കുന്ന സമ്മേളനത്തിൽ എൽ.ജെ.ഡി കേന്ദ്രനേതൃത്വം ആർ.ജെ.ഡിയിൽ ലയിക്കും. ഇതോടെ കേരളത്തിലെ പാർട്ടിക്ക് കേന്ദ്രനേതൃത്വം ഇല്ലാതാകും. സംസ്ഥാന ഘടകം ലയനത്തിന്റെ ഭാഗമല്ലെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു. ദേശീയ നേതൃത്വത്തിലെ നിധീഷ് കുമാറും കൂട്ടരും നേരേത്ത ബി.ജെ.പി പാളയത്തിലേക്കു പോയിരുന്നു. ഇതോടെ ശരത് യാദവിനെയാണ് പാർട്ടിയുടെ മാർഗദർശിയായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് അയോഗ്യത പ്രശ്നം മുൻനിർത്തി അദ്ദേഹത്തിന് ഭാരവാഹിത്വം നൽകിയിരുന്നില്ല. ഇപ്പോൾ ദേശീയ കമ്മിറ്റി കൂടി ചർച്ചചെയ്യാതെയാണ് അദ്ദേഹം ലയനസമ്മേളനം പ്രഖ്യാപിച്ചത്. സംസ്ഥാന ഘടകങ്ങളുടെ അംഗീകാരവും വാങ്ങിയിട്ടില്ല. അതിനാൽ, ഇക്കാര്യത്തിൽ കേരളഘടകം പിന്നീട് യോഗം ചേർന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.