തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി ഇടത് മുന്നണിയിലെ തർക്കം തീർക്കാൻ തിരക്കിട്ട ചർച്ചകൾ. സി.പി.ഐയും കേരള കോൺഗ്രസ് മാണി വിഭാഗവും വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. ഇരുപാർട്ടികളുമായി സി.പി.എം നേതൃത്വം പലകുറി ചർച്ചകൾ നടത്തിയെങ്കിലും സമവായമായില്ല. തിങ്കളാഴ്ച ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. അതിന് മുമ്പ് ധാരണയാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യവും ചർച്ചയായി. ജൂൺ 25ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി 13 വരെയാണ്. എൽ.ഡി.എഫിൽ തർക്കം മുറുകുമ്പോൾ യു.ഡി.എഫിൽ പ്രശ്നങ്ങളില്ല. അവർക്ക് ജയിക്കാൻ കഴിയുന്ന ഒരു സീറ്റ് മുസ്ലിം ലീഗിനാണെന്നാണ് നേരത്തെയുള്ള ധാരണ.
ഒഴിവുവരുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണമാണ് ഇടത് മുന്നണിക്ക് ജയിക്കാൻ കഴിയുക. ഒന്ന് തങ്ങൾക്ക്, രണ്ടാമത്തേത് ഘടകകക്ഷികൾക്ക് എന്നതാണ് സി.പി.എം നിലപാട്. പകരം പദവി എന്ന നിർദേശം സി.പി.എം മുന്നോട്ടുവെച്ചുവെങ്കിലും ജോസ് കെ. മാണിക്ക് അത് സ്വീകാര്യമല്ല. കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മിറ്റി ചെയർമാൻ പദവിയാണ് ഓഫർ. രാജ്യസഭ സീറ്റ് തന്നെ വേണമെന്നാണ് ജോസിന്റെ ഉറച്ച നിലപാട്. മുന്നണിയിൽ രണ്ടാംകക്ഷിയെന്ന നിലയിൽ സീറ്റിന് അർഹത തങ്ങൾക്കാണെന്ന് സി.പി.ഐ വാദിക്കുന്നു. ജോസിന് നൽകണമെന്ന് നിർബന്ധമെങ്കിൽ സി.പി.എമ്മിന്റെ സീറ്റ് നൽകിക്കോളൂ എന്നാണ് ഉഭയകക്ഷി ചർച്ചയിൽ സി.പി.ഐ തുറന്നടിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഉൾപ്പെടെ വോട്ടുവിഹിതം വർധിപ്പിച്ചത്, നിയമസഭയിൽ 17 എം.എൽ.എമാരുടെ ബലം എന്നിവയൊക്കെ അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, യു.ഡി.എഫിൽനിന്ന് വന്നപ്പോൾ കൈവശമുള്ള രാജ്യസഭ സീറ്റ് പോലും ഇല്ലാതാകുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നാണ് കേരള കോൺഗ്രസിന്റെ പക്ഷം. രാജ്യസഭ സീറ്റ് ഒഴിഞ്ഞതോടെ ജോസ് കെ. മാണിക്ക് പാർലമെന്ററി പദവിയില്ലാത്തത് അവരെ അലട്ടുന്നുണ്ട്. എൽ.ഡി.എഫിൽ ചേർന്നതിന് പിന്നാലെ പാലാ നിയമസഭ മണ്ഡലവും പിന്നാലെ, കോട്ടയം ലോക്സഭ സീറ്റും നഷ്ടമായതോടെ പാർട്ടി അടിത്തറ ദുർബലമാവുകയാണെന്ന ആശങ്കയും അവർക്കുണ്ട്. ഇപ്പോൾ ആലോചനയിലില്ലെങ്കിലും സാഹചര്യം ഒത്തുവന്നാൽ മുന്നണിമാറ്റം ഉൾപ്പെടെ ചർച്ചയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അത് തിരിച്ചറിയുന്ന സി.പി.എം, ജോസിനെ പിണക്കാതെയുള്ള പരിഹാരത്തിനാണ് ശ്രമിക്കുന്നത്. സി.പി.ഐക്കും കേരള കോൺഗ്രസ് മാണിക്കും പുറമെ, ശ്രേയാംസ് കുമാറിന് വേണ്ടി സീറ്റ് ആവശ്യപ്പെട്ട് ആർ.ജെ.ഡിയും രംഗത്തുണ്ട്. മന്ത്രിസഭ പുനഃസംഘടനക്കുള്ള സാധ്യത മുന്നിൽകണ്ട് കെ.പി. മോഹനന് വേണ്ടി മന്ത്രിപദവിക്കും ആർ.ജെ.ഡി അവകാശവാദം ഉന്നയിച്ചു.
തൃശൂര്‍: എല്‍.ഡി.എഫിൽ ആര്.ജെ.ഡിക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് സംസ്ഥാന കമ്മിറ്റി. ആര്.ജെ.ഡിക്ക് രാജ്യസഭ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് അറിയിച്ചു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തിങ്കളാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ രാജ്യസഭ സീറ്റ് ഉന്നയിക്കും. കൂടാതെ, ലോക്സഭ സീറ്റ് തിരിച്ചുതരണമെന്നും ആവശ്യപ്പെടും. മന്ത്രിസഭയില്‍ ഒഴിവുവന്ന സ്ഥാനത്തേക്ക് പാര്‍ട്ടി എം.എല്‍.എയായ കെ.പി. മോഹനനെ പരിഗണിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കും. മൂന്നു വര്‍ഷംകൊണ്ട് എല്‍.ഡി.എഫ് വോട്ട് വിഹിതം 45 ശതമാനത്തില്‍നിന്ന് 35 ശതമാനമായി കുറഞ്ഞെന്ന് ആര്.ജെ.ഡി ചൂണ്ടിക്കാട്ടി. ഇക്കാര്യം ഗൗരവമായി പരിശോധിക്കണം. ഭരണപരമായ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണം. എല്‍.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് ആര്.ജെ.ഡിയുടെ പ്രതീക്ഷ.
ഘടകകക്ഷികളുമായി സീറ്റ് പങ്കുവെക്കാന്‍ സി.പി.എം തയാറാകണമെന്നും ആര്.ജെ.ഡി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തമിഴ്നാട് മാതൃക പിന്തുടരണം. എല്‍.ഡി.എഫ് ആര്.ജെ.ഡിയെ അവഗണിക്കുന്നെന്ന പ്രതീതി പ്രവര്ത്തകരിലുണ്ടെന്ന് നേതൃയോഗം വിലയിരുത്തി. അതേസമയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും മുന്നണി വിടില്ലെന്ന് വര്‍ഗീസ് ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ എന്തു വേണമെന്ന കാര്യം പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.