കോഴിക്കോട്: ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം നിർമിക്കുന്നതിനെ പുകഴ്ത്തിയ കോൺഗ്രസ് ദേശീയ നേതാക്കളുടെ നിലപാടിനെതിരെ മുസ്ലിം ലീഗ്. മതേതര മൂല്യങ്ങൾക്ക് വിലകൽപിക്കാതെയുള്ള ഇത്തരം പ്രതികരണത്തിൽ എന്ത് നിലപാടെടുക്കണം എന്നാലോചിക്കാൻ മുസ്ലിംലീഗ് ദേശീയ നിർവാഹക സമിതി ബുധനാഴ്ച യോഗം ചേരും.
രാവിലെ 11ന് നടക്കുന്ന യോഗത്തിൽ കേരളത്തിൽനിന്നുള്ള നേതാക്കൾ പാണക്കാട്ടും, ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഒാൺലൈനായും സംബന്ധിക്കും. യോഗത്തിനുശേഷം പാർട്ടിയുടെ ഒൗദ്യോഗിക നിലപാട് വ്യക്തമാക്കുമെന്ന് ലീഗ് ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി 'മാധ്യമ'ത്തോട് പറഞ്ഞു.
ബി.ജെ.പിയുടെ അജണ്ടയെ തുറന്നുകാട്ടുന്നതിനു പകരം അവരോടൊപ്പം ചേർന്നുപോകുന്ന നയമാണ് കോൺഗ്രസിന് എന്നാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മതേതര, ന്യൂനപക്ഷ പാർട്ടികളുടെയും സി.പി.എമ്മുൾപ്പെടെ ഇടതുചേരിയുടെയും നിലപാട്.
ഗാന്ധി വധത്തിനുശേഷം ഇന്ത്യയിൽ മതേതരത്വത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണ് ബാബരി ധ്വംസനമെന്നാണ് ലോകനേതാക്കളും അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ. നാരായണനും വിലയിരുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെയും വർഗീയതയും വിഭാഗീയതയും കത്തിക്കാൻ ബി.ജെ.പിയും സംഘ്പരിവാറും ആയുധമാക്കിയത് ബാബരി മസ്ജിദ്-രാമജന്മ ഭൂമി പ്രശ്നമായിരുന്നു.
ഇപ്പോൾ സംഘ് പരിവാറിെൻറ മുഖ്യകാർമികത്വത്തിൽ നടക്കുന്ന രാമക്ഷേത്ര ഭൂമി പൂജയെന്ന മത-രാഷ്ട്രീയ ചടങ്ങിന് കോൺഗ്രസ് ഒത്താശെചയ്യുന്നത് മതേതര മനസ്സുകളെ മുറിപ്പെടുത്തുമെന്നാണ് ലീഗ് നേതൃത്വത്തിെൻറ വിലയിരുത്തൽ.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ഭൂമി പൂജക്കെതിരെ രംഗത്തുവന്നത് ടി.എൻ. പ്രതാപൻ എം.പി മാത്രമാണ്. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിവധം പോലെ ഭാരതത്തിെൻറ ആത്മാവിനെ മുറിപ്പെടുത്തിയ സംഭവമായിരുന്നു ബാബരി മസ്ജിദ് തകർത്തതെന്നും രണ്ടിനും പിന്നിൽ സംഘ് പരിവാറായിരുന്നുവെന്നുമാണ് പ്രതാപൻ ഫേസ്ബുക്കിൽ പ്രതികരിച്ചത്. കോൺഗ്രസ് നിലപാടിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.