ബി.ജെ.പിയുടേത് രാഷ്ട്രീയ രാമൻ, യഥാർഥ രാമൻ ‘ഹേ റാം’ എന്ന് പറഞ്ഞ് ഗാന്ധി മരിച്ചു വീണ ബിർള മന്ദിരത്തിൽ -വി.ഡി. സതീശൻ

തിരുവനന്തപുരം: ബി.ജെ.പിയുടെ രാമൻ രാഷ്ട്രീയലാഭത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും യഥാർഥരാമൻ നിൽക്കുന്നത് ഹേ റാം എന്നുപറഞ്ഞ് ചുണ്ടനക്കത്തോടെ ഗാന്ധി മരിച്ചുവീണ ബിർള മന്ദിരത്തിന്റെ ഇടവഴിയിലാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഞങ്ങളുടെ രാമൻ അവിടെയാണുള്ളതെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

‘അയോധ്യയിൽ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മതത്തെ രാഷ്ട്രീയവത്കരിക്കാനും ആരാധനാലയത്തെ രാഷ്ട്രീയ പ്രവർത്തന കേ​ന്ദ്രമാക്കാനുമാണ് ശ്രമം. രാമൻ ബി.ജെ.പിയുടെ കൂടെയല്ല. ഹേ റാം എന്നുപറഞ്ഞ് ചുണ്ടനക്കത്തോടെ ഗാന്ധി മരിച്ചുവീണ ബിർള മന്ദിരത്തിന്റെ ഇടവഴിയിലാണ് രാമൻ നിൽക്കുന്നത്. ഞങ്ങളുടെ രാമൻ അവിടെയാണ്. ബി.ജെ.പിയുടെ രാമൻ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്’ -സതീശൻ വ്യക്തമാക്കി.

അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിൽ മോദിയുടെ നേതൃത്വത്തിൽ 22ന് നടത്തുന്ന വിഗ്രഹപ്രതിഷ്ഠ ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കി​ല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇത് ദൈവനിന്ദയാ​ണെന്ന് പറഞ്ഞ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തുവന്നിരുന്നു. എന്നാൽ, എൻ.എസ്.എസിന് അവരുടെ നിലപാട് പറയാമെന്നും ഞങ്ങളുടെ അഭിപ്രായം ആ​രെയും അടിച്ചേൽപിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്‍റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരാണ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ ക്ഷണം നിരസിച്ചത്. വോട്ടു നേട്ടത്തിന് ബി.ജെ.പിയും ആർ.എസ്.എസും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പദ്ധതിയാണിതെന്നും പൂർത്തിയാകാത്ത ക്ഷേത്രത്തിന്‍റെ ഉദ്ഘാടനമാണ് നടക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

‘നമ്മുടെ രാജ്യത്ത് ദശലക്ഷങ്ങൾ ഭഗവാൻ രാമനെ ആരാധിക്കുന്നു. മതം വ്യക്തിപരമായ വിഷയമാണ്. എന്നാൽ അയോധ്യയിലെ ക്ഷേത്രം ആർ.എസ്.എസും ബി.ജെ.പിയും രാഷ്ട്രീയ പദ്ധതിയാക്കി മാറ്റി. അപൂർണമായ ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ മുന്നോട്ടുവെക്കുന്നത് തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്’-പ്രസ്താവനയിൽ പറഞ്ഞു.

‘2019ലെ സുപ്രീംകോടതി വിധി അംഗീകരിക്കുകയും ഭഗവാൻ രാമനെ ആരാധിക്കുന്ന ദശലക്ഷങ്ങളുടെ വികാരം മാനിക്കുകയും ചെയ്യുമ്പോൾതന്നെ, വ്യക്തമായ ആർ.എസ്.എസ്-ബി.ജെ.പി പരിപാടിയിലേക്കുള്ള ക്ഷണം മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർ ആദരപൂർവം നിരസിക്കുകയാണ്’ -പ്രസ്താവനയിൽ വിശദീകരിച്ചു. രാമക്ഷേത്ര തീർഥ ട്രസ്റ്റിന്‍റെ ക്ഷണം സ്വീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് തീരുമാനം ദിവസങ്ങൾ നീട്ടിക്കൊണ്ടുപോയതിനൊടുവിലാണ് നേതൃത്വം അന്തിമ നിലപാട് പ്രഖ്യാപിച്ചത്. 

Tags:    
News Summary - Ram temple ayodhya: BJP's political Rama, Real Rama at Birla Mandir where Gandhi killed - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.