തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ എ.ഐ.സി.സിയുടെ മൗനം സംബന്ധിച്ച ആശങ്ക കെ.പി.സി.സി യോഗത്തിൽ തുറന്നുപറഞ്ഞ് നേതാക്കൾ.
കെ.പി.സി.സി യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വിലക്കി. എ.ഐ.സി.സി തീരുമാനം വരുന്നതുവരെ നേതാക്കൾ അഭിപ്രായം പറയരുതെന്നും അവർ നിർദേശിച്ചു. എ.ഐ.സി.സി തീരുമാനം വ്യക്തമാക്കാത്തത് സി.പി.എം ആയുധമാക്കുകയാണെന്നും അത് കേരളത്തിൽ വലിയ നഷ്ടമുണ്ടാക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കെ.പി.സി.സിയുടെ ആശങ്ക ഹൈകമാൻഡിന് മുന്നിൽ അവതരിപ്പിക്കാമെന്നും ദീപാദാസ് മുൻഷി ഉറപ്പുനൽകി.
ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പകരം ചുമതല മറ്റാർക്കും നൽകില്ല. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, വൈസ് പ്രസിഡന്റ് വി.ടി. ബൽറാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സമിതി ചുമതലകൾ നിർവഹിക്കും. ഞായറാഴ്ചയാണ് കെ. സുധാകരൻ പുറപ്പെടുന്നത്. ജനുവരി 16ന് തിരിച്ചെത്തും. ഇക്കാര്യം യോഗത്തിൽ അറിയിച്ച കെ. സുധാകരൻ ഓൺലൈൻ മീറ്റിംഗിന്റെ സാധ്യത ഉപയോഗപ്പെടുത്തി ചുമതല നിർവഹിക്കാൻ തടസ്സമില്ലെന്ന നിലപടാണ് സ്വീകരിച്ചത്.
ദീപാദാസ് മുൻഷി കേരളത്തിന്റെ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ കെ.പി.സി.സി നേതൃയോഗത്തിൽ മുതിർന്ന നേതാവ് എ.കെ. ആന്റണി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കമായിരുന്നു മുഖ്യചർച്ച.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന കേരളയാത്രക്ക് ‘സമരാഗ്നി’ എന്ന പേര് നൽകാൻ ധാരണയായി. ജനുവരി 21ന് കാസർകോടുനിന്ന് തുടങ്ങി ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് സമാപിക്കുന്നവിധമാണ് യാത്രയുടെ തീയതി ആലോചിക്കുന്നത്. സമാപനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. നിയമസഭാ സമ്മേളനം നടക്കാനുള്ളതിനാൽ യാത്രയുടെ തീയതിയിൽ അതനുസരിച്ച് മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.