രാമക്ഷേത്ര ഉദ്ഘാടനം: കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ് ലിം ലീഗ്; ‘ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുത്’

കോഴിക്കോട്: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്‍റെ നിലപാടെന്ന് കെ. മുരളീധരൻ എം.പി. ഇക്കാര്യം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഒരു നിലപാടും ഇതുവരെ എടുത്തിട്ടില്ല. ജനുവരി 22നാണ് ഉദ്ഘാടനം നടക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഇനിയുംസമയമുണ്ട്. കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണ്. ഇൻഡ്യ മുന്നണിയെ നയിക്കുന്ന പാർട്ടി കൂടിയാണ്. പാർട്ടിക്കുള്ളിലും ഇൻഡ്യ മുന്നണിക്കുള്ളിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കോൺഗ്രസ് സ്വീകരിക്കുമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കെ. മുരളീധരൻ പ്രസ്താവനയെ തള്ളി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തി. രാമക്ഷേത്ര ഉദ്ഘാടനം സംബന്ധിച്ച് നിലപാട് സ്വീകരിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്ന് സുധാകരൻ വ്യക്തമാക്കി. ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചാൽ പാർട്ടിയെ അറിയിക്കും. കെ. മുരളീധരൻ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സമസ്തയുടെ ചോദ്യത്തോട് പ്രതികരിക്കാൻ താനില്ലെന്നും സുധാകരൻ വ്യക്തമാക്കി.

രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ് ലിം ലീഗ് ഇന്നലെ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുതെന്നാണ് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടത്.

ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ബി.ജെ.പി അജണ്ടകൾ ഉണ്ടാക്കാറുണ്ട്. മുൻ കാലങ്ങളിൽ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് വർഗീയ കലാപങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. വർഗീയ വികാരങ്ങൾ ചൂഷണം ചെയ്യുന്നതാണ് ഇപ്പോഴത്തെ ബി.ജെ.പിയുടെ നയമെന്നും സലാം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Ram temple inauguration: League warns Congress; Don't fall for BJP's agenda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.