മുക്കം: കപ്പപ്പുഴുക്കിെൻറ നോമ്പുതുറയും കല്ലച്ച് ലിപിയിെല ഖുർആനുമാണ് ഒരോ റമദാൻ വന്നെത്തുമ്പോഴും പൗരപ്രമുഖനായ നോർത്ത് ചേന്ദമംഗല്ലൂരിലെ വളച്ച് കെട്ടിയിൽ അബ്ദുൽ ഖാദറിെൻറ (ഖാദർട്ടിയാക്ക) ഓർമകളിൽ മിന്നിമറിയുന്നത്. 93 വയസ്സ് പിന്നിട്ടെങ്കിലും പോയകാലം വ്യക്തതയോടെ ഓർത്തെടുക്കാനാവുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധവേളകളിൽ ബ്രിട്ടീഷ് സർക്കാർ നെല്ല് പിടിച്ചെടുത്ത് യുദ്ധ ആവശ്യത്തിലേക്ക് മാറ്റിയതോടെയാണ് കടുത്ത ഭക്ഷ്യ ക്ഷാമം നേരിട്ടത്. റമദാനിൽ നടത്തിയ കഞ്ഞി പാർച്ച സംവിധാനം പോലും അവതാളത്തിലായി. വയലുകളിൽനിന്ന് വിളവെടുത്ത നെല്ലിെൻറ ഒരു ഭാഗം പള്ളികളിലേക്ക് വഖഫ് ചെയ്യും. ഈ നെല്ലിെൻറ അരി കൊണ്ട് റമദാനിൽ പള്ളിവക കഞ്ഞി വിളമ്പിയിരുന്നതാണ് കഞ്ഞി പാർച്ച. കപ്പയാണ് മുഖ്യ ഭക്ഷണം.
നോമ്പ് തുറയിലെ പഴ വർഗങ്ങൾ ചക്കയും മാങ്ങയും പപ്പായയുമായിരുന്നു. ക്ലോക്കോ വാേച്ചാ ഇല്ലാത്ത കാലത്ത് സമയമറിയാൻ പള്ളിയുടെ മുന്നിൽ സ്ഥാപിച്ച ഇസ്തിവാഅ കല്ല് എന്നറിയപ്പെടുന്ന നിഴൽ ഘടികാരവും നക്ഷത്രങ്ങളുടെ ദിശയുമായിരുന്നു അവലംബിച്ചിരുന്നത്. വീടുകളിൽ നോമ്പ് തുറപ്പിക്കൽ വ്യാപകമായിരുന്നില്ല. എങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ട പ്രമാണിമാർ നടത്താറുണ്ട്.
റമദാനിലെ പുതിയാപ്പിള സൽക്കാരം പാവപ്പെട്ടവരായാലും പ്രമാണിമാരായാലും ഭംഗിയായി നടത്തിയിരുന്നു. പുതിയാപ്പിളമാർക്ക് മുഖ്യവിരുന്ന് നെയ്ച്ചോറും നാടൻ കോഴിയിറച്ചി വിഭവങ്ങളായിരുന്നു. നോമ്പ് സൽക്കാരം കഴിഞ്ഞ് പുതിയാപ്പിള സാധാരണ രാവിലെയാണ് തിരിച്ച് പോകുന്നത്. ആ സമയത്ത് പുതിയാപ്പിളക്ക് ആടിനെയോ പശുവിനെയോ കൊടുക്കുന്ന സമ്പ്രദായവും നടപ്പിലുണ്ടായിരുന്നു. കവറിൽ കുതിരപവൻ എന്ന പേരിലും ചിലർ സമ്മാനം നൽകും. ചിലർ അഞ്ച് രൂപ, 100 രൂപയും നൽകുന്ന പതിവുണ്ട്. 100 രൂപ അക്കാലത്ത് ഉയർന്ന മൂല്യമുള്ള ബ്രിട്ടീഷ് കറൻസിയാണ്. കറൻസികളിൽ കുതിരയുടെ മാർക്കുണ്ടാവും. കറൻസികളെയും സ്വർണ പവനുകളെ ബന്ധപ്പെടുത്തുന്നതാണിത്.
ഫിത്വ്ർ സകാത്ത് ആവശ്യപ്പെട്ട് വരുന്നവർക്ക് കൊടുക്കുന്ന രീതിയായിരുന്നു. പെരുന്നാളിന് വലിയ പൊലിമയുണ്ടായിരുന്നില്ല. പെരുന്നാൾ ദിവസം രാവിലെ എണ്ണ തേച്ചുള്ള കുളിയുണ്ട്. അന്നാണ് അക്ഷരാർഥത്തിൽ പുതിയ സോപ്പ് വരെകാണുന്നത്. കോവിഡെന്ന മഹാമാരിയും വീണ്ടുമൊരു പഴയകാല സമാനക്ഷാമം വരുത്തില്ലെന്ന് പറയാൻ പറ്റില്ല -അബ്ദുൽ ഖാദർ ഓർമകൾ അയവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.