ഭക്ഷണക്രമീകരണം ആരാധനക്രമമായി പഠിപ്പിക്കപ്പെട്ട റമദാൻ മാസത്തിൽ ഭക്ഷണത്തെ സംബന്ധിച്ച ഇസ്ലാമികാധ്യാപനങ്ങൾ പരിശോധിക്കുന്നത് ഉചിതമായിരിക്കും. വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു: ‘‘നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുവിൻ; അമിതമാക്കരുത്. അമിതത്വം പിശാചിെൻറ ചങ്ങാത്തമാണ്. പിശാചാകട്ടെ മനുഷ്യകുലത്തിെൻറ വ്യക്തമായ ശത്രുവും.’’
എല്ലാ മേഖലയിലും മിതവ്യയവും മിതമായ ഉപഭോഗവുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ആർഭാടത്തിൽ ജീവിച്ച് ഭക്ഷണം യഥേഷ്ടം ആസ്വദിച്ച് ദൈവത്തിെൻറ മഹത്തായ അനുഗ്രഹമാണ് ഭക്ഷണമെന്ന് തിരിച്ചറിയാത്തവർക്ക് ഒരു പരിവർത്തനം വ്രതത്തിലൂടെ സാധ്യമാകണം. പകൽ മുഴുവൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തെ കഠിന പരിശീലനത്തിന് വിധേയമാക്കുന്നു. യഥേഷ്ടം വിഭവങ്ങളുടെ സാന്നിധ്യത്തിലും വിഭവനിഷേധം പരിശീലിക്കുന്നു. ധാരാളിത്തത്തിലും ഇല്ലായ്മയുടെ കാഠിന്യം അറിയുന്നു.
ഖലീഫ ഉമർ ഒരു കത്തിലൂടെ നൽകിയ നിർദേശം അബൂ ഉസ്മാൻ അന്നഹ്ദി ഉദ്ധരിക്കുന്നു: ‘‘നിങ്ങൾ പരുപരുത്ത ജീവിതം പരിശീലിക്കുകയും മരം പോലെയായിത്തീരുകയും ജീർണിച്ച വസ്ത്രം ധരിക്കുകയും ഉൾനാടൻ അറബികളുടെ തമ്പിലെ ജീവിതം പരിശീലിക്കുകയും ചെയ്യുക; ആർഭാട ജീവിതവും ആർഭാട വസ്ത്രവും നിങ്ങൾ ഉപേക്ഷിക്കുക; നിങ്ങൾ സൂക്ഷ്മത പുലർത്തുന്നവരാകാൻ വേണ്ടി.’’ ഭക്ഷണത്തിലും വസ്ത്രത്തിലും സംസാരത്തിലുമുള്ള മൂല്യവത്തായ ജീവിതശൈലി മാറ്റമാണ് റമദാനിലൂടെ ലക്ഷ്യമാക്കപ്പെടുന്ന ഭക്തിയെന്ന് സാരം.
വിവിധങ്ങളായ രാജ്യങ്ങളിലെ ഹോട്ടലുകളിൽ രുചിഭേദങ്ങൾ അനുഭവിച്ചറിയാൻ മത്സരിക്കുന്ന ഭക്ഷണപ്രിയന്മാർ, പാശ്ചാത്യ പൗരസ്ത്യ രാജ്യങ്ങളിലെ ഹോട്ടൽ വിഭവങ്ങളെപ്പറ്റി വാചാലരാകുന്നവർ, ഹോട്ടലുകളുടെയും വിഭവങ്ങളുടെയും ഗുണദോഷങ്ങൾ ഗവേഷണ വൈദഗ്ധ്യത്തോടെ വർണിക്കാൻ ശേഷിയുള്ളവർ -ചരക്കുകപ്പൽപോലെ സ്വന്തം ശരീരത്തെ പരിഗണിക്കുന്ന ഇക്കൂട്ടർ കരുതുന്നത് മനുഷ്യനെ സൃഷ്ടിച്ചത് വയറിനെ സന്തോഷിപ്പിക്കാനാണെന്നാണ്. ഭക്ഷണം ഒരു മാർഗമാണെന്നും ലക്ഷ്യമല്ലെന്നും തിരിച്ചറിയലാണ് മാനവികത.
നബി പഠിപ്പിച്ചു: ‘‘മനുഷ്യൻ അവെൻറ വയറിനെക്കാളും കൊള്ളരുതാത്ത മറ്റൊരു പാത്രവും നിറച്ചിട്ടില്ല. മനുഷ്യന് അവെൻറ നട്ടെല്ലു നിവർന്നുനിൽക്കാനുള്ള ഭക്ഷണം മതി. കൂടിവന്നാൽ വയറിെൻറ മൂന്നിലൊന്ന് ഭക്ഷണം, മൂന്നിലൊന്ന് വെള്ളം, മൂന്നിലൊന്ന് കാലിയാക്കിയിടട്ടെ’’ (തിർമിദി). ആയിശ ഉദ്ധരിച്ച ഒരു ഹദീസിൽ, പ്രവാചകൻ മദീനയിൽ ഇറങ്ങിയത് മുതൽ തുടർച്ചയായി മൂന്നു ദിവസം ഗോതമ്പുറൊട്ടി കഴിച്ചിട്ടില്ല, ഒരു പിടിപോലും. ഉമർ പറയുന്നു: ‘‘നിങ്ങൾ അമിതമായി തിന്നുന്നതും കുടിക്കുന്നതും സൂക്ഷിക്കുക, അതു ശരീരത്തെ നശിപ്പിക്കുന്നതും രോഗഹേതുവാകുന്നതും നമസ്കാരത്തിന് മടിതോന്നിക്കുന്നതുമാകുന്നു. നിങ്ങളതിൽ മിതത്വം പാലിക്കുക. എങ്കിലത് ശരീരത്തിന് ഏറ്റവും ഉചിതവും ആർഭാടത്തിൽനിന്നും നിങ്ങളെ മോചിപ്പിക്കുന്നതുമാകുന്നു.’’ നിശ്ചയമായും അല്ലാഹു തടിച്ച പുരോഹിതന്മാരെ വെറുക്കുന്നു. തെൻറ ആഗ്രഹങ്ങൾക്കുമേൽ ദീനിന് സ്വാധീനമുണ്ടാകുന്നിടത്തോളം ഒരു മനുഷ്യൻ നാശമടയുന്നില്ല.
മൃഷ്ടാന്ന ഭോജനം രോഗങ്ങളുടെ ഉച്ചിയും മിതഭോജനം ഔഷധങ്ങളുടെ ശിഖരവുമാണ്. അൽപാഹാരം ഹൃദയലാളിത്യത്തിലേക്കും ബുദ്ധിശക്തിയിലേക്കും നിർമലമനസ്സിലേക്കും നയിക്കുന്നു. ദേഹേച്ഛയും കോപവും ശമിപ്പിക്കുന്നു. അമിതാഹാരം ഇതിനൊക്കെ വിപരീതഫലമുളവാക്കുന്നു. അംറുബ്നുൽ ഖൈസ് പറഞ്ഞു: ‘‘നിങ്ങൾ അമിതാഹാരത്തെ സൂക്ഷിക്കുക. അത് ഹൃദയത്തെ കഠിനമാക്കുന്നു.’’ ചുരുക്കത്തിൽ, ഭക്ഷണനിയന്ത്രണം ഒരു മനുഷ്യെൻറ ബൗദ്ധികവും ശാരീരികവുമായ വളർച്ചക്ക് അനിവാര്യമാണെന്നതോടൊപ്പം അമിതാഹാരം സർവനാശഹേതുവും സാമൂഹികവിരുദ്ധമായ ഒരു ക്രമവുമാണെന്നതിൽ സംശയമില്ല. ഈ സന്ദേശമാണ് നോമ്പുനൽകുന്ന സൂക്ഷ്മതയുടെ ഒരു പാഠം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.