രാമായണ മാസത്തിൽ മാത്രം വായിക്കേണ്ട ഒന്നല്ല രാമായണം. ഭാരത സംസ്കാരത്തെ രൂപപ്പെടുത്തിയെടുത്തതിൽ രാമായണത്തിനും മഹാഭാരതത്തിനും ശക്തമായ സ്വാധീനമുണ്ടെന്ന് നിസ്സംശയം പറയാനാകും. അതുകൊണ്ടുതന്നെ ഭാരത സംസ്കാരത്തിെൻറ സ്രഷ്ടാക്കൾ വാല്മീകിയും വ്യാസനുമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജീവിതത്തിെൻറ എല്ലാ ഋതുക്കളിലും വായിക്കേണ്ട ഗ്രന്ഥങ്ങളാണ് ഇവ.
ഒരോ വായനയിലും വ്യത്യസ്തമായ അർഥതലങ്ങളും അസ്വാദനജാലകങ്ങളും അവ വായനക്കാർക്ക് സമ്മാനിച്ചുകൊണ്ടേയിരിക്കും. പറയേണ്ടതു മുഴുവൻ ഒരു വായനയിൽ തീർക്കുന്നുമില്ല എന്നതാണ് ഇരു കൃതികളുടെയും പ്രത്യേകത. നല്ല സിനിമയും ചീത്ത സിനിമയും എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് ഒരിക്കൽ സത്യജിത്ത് റായ് പറഞ്ഞിട്ടുണ്ട്, 300 പേർ ഒരു തിയറ്ററിൽ ഇരുന്ന് ഒരു സിനിമയാണ് കാണുന്നതെങ്കിൽ അത് മോശം സിനിമയാണ്. എന്നാൽ, 300 പേരും ഒരു സിനിമ 300 തലങ്ങളിലാണ് കാണുന്നതെങ്കിൽ അത് മികച്ച സിനിമയാകും. അത്തരം മികച്ച സിനിമകളാണ് രാമായണവും മഹാഭാരതവും.
ക്രിസ്തുവിനുമുമ്പ് നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട രാമായണം ഇന്നും പുനർവായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാമായണത്തിലെ വരികളിലെ പ്രത്യേകത ഒരു കാര്യവും പൂർണമായി പറഞ്ഞു തീർക്കുന്നില്ല എന്നതാണ്. എന്തോ പറയാൻ ബാക്കിവെക്കുന്നു. വായിക്കുതോറും കൂടുതൽ പഠിക്കാൻ പറ്റുന്നതാണ് രാമായണം. മരണമില്ലാത്ത ഗ്രന്ഥം. അതുകൊണ്ടാണ് കമ്പരാമായണവും തുളസീ രാമായണവും എഴുത്തച്ഛെൻറ അധ്യാത്മ രാമായണവും ഉണ്ടായത്. ഇത് എല്ലാംതന്നെ മനോധർമവും അക്കാലത്തെ നാടിെൻറ അവസ്ഥയും കണക്കാക്കി എഴുതിയതാണ്.
കേരളീയ സംസ്കാരം ജീർണിച്ച് നീചത്വത്തിലേക്ക് മൂക്കുകുത്തി വീഴാൻ തുടങ്ങിയ ദശാസന്ധിയിലാണ് അധ്യാത്മ രാമായണം എഴുത്തച്ഛനാൽ രചിക്കപ്പെടുന്നത്. മറ്റ് രാമായണങ്ങളെക്കാൾ കൂടുതൽ ആധ്യാത്മിക ജ്ഞാനവും സദാചാരബോധവും ബന്ധങ്ങളുടെ കെട്ടുറപ്പും ആണ് ഇതിൽ പ്രധാനമെന്ന് തോന്നിയിട്ടുണ്ട്. ‘രാമ’ എന്നതിൽ ‘ര’ എന്നത് വെളിച്ചമാണ്. ‘മ’ എന്നത് ഉള്ളിൽ എന്നാണ്. ഉള്ളിലെ വെളിച്ചം ആത്മാവാണ്. ഈ സത്യം തിരിച്ചറിയുമ്പോഴാണ് രാമായണം വെറും പുരാണേതിഹാസമല്ല, മറിച്ച് മനുഷ്യജീവിതമാണെന്ന തിരിച്ചറിവ് നമ്മളിൽ ഉണ്ടാകുന്നത്.
മനുഷ്യെൻറ ശരീര ഭാഗങ്ങളുമായി രാമായണത്തിന് ബന്ധമുണ്ട്. രാമ എന്നത് ആത്മയാണ്. മനസ്സ് എന്നത് സീതയാണ്. ശ്വാസം ഹനുമാനാണ്. സിദ്ധി, ബുദ്ധി, യുക്തി ലക്ഷ്മണനാണ്. അഹങ്കാരം എന്നത് രാവണനാണ്. സീതയെ (മനസ്സിനെ) രാവണൻ (അഹങ്കാരം) മോഷ്ടിക്കുമ്പോഴാണ് രാമന് (ആത്മാവ്) നിലനിൽപില്ലാതാകുന്നത്. രാമന് (അത്മാവിന്) അത് തിരിച്ചുപിടിക്കണമെങ്കിൽ പ്രാണവായുവിെൻറ (ഹനുമാെൻറ) സഹായം ആവശ്യമാണ്. ഹനുമാന് ശക്തിയുണ്ട്. എന്നാൽ, ബുദ്ധിയും സിദ്ധിയും യുക്തിയും കൊടുത്തത് ലക്ഷ്മണനാണ്. ഇവിടെ നാം കാണേണ്ടത് രാമനും സീതയും ഹനുമാനും ലക്ഷ്മണനും ചേരുമ്പോഴാണ് അഹങ്കാരം അഥവാ രാവണൻ കൊല്ലപ്പെടുന്നത്. രാമായണത്തിൽ ലക്ഷ്മണന് അത്രയൊന്നും പ്രധാന്യം എഴുത്തുകാർ കൊടുത്തിട്ടില്ല. പക്ഷേ, തെൻറ തോൽവിക്ക് രാവണൻ പ്രധാനമായും കാണുന്നത് ലക്ഷ്മണനെപ്പോലൊരു അനുജൻ തനിക്ക് ഇല്ലാതെ പോയതിനെക്കുറിച്ചാണ്.
‘അനുജ’ എന്നല്ലാതെ സീത മറ്റൊരു പേരിലും ലക്ഷ്മണനെ അഭിസംബോധന ചെയ്തിട്ടില്ല. സീതയെ ഒരുപക്ഷേ രാമനെക്കാളും സംരക്ഷിച്ചിട്ടുള്ളത് ലക്ഷ്മണനാണ്. അതുകൊണ്ടാണ് എെൻറ മക്കൾക്ക് ഞാൻ സീതയെന്നും ലക്ഷ്മണനെന്നും പേര് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.