കാസർകോട്: ഇടതു പിന്തുണയോടെ ഇൻഡ്യ സഖ്യം അധികാരത്തിൽ വരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർകോട് പ്രസ് ക്ലബിൽ ‘ജനസഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞതവണത്തെ പോലെ മോദിതരംഗം ഇപ്രാവശ്യം ഏൽക്കില്ല. ഇന്ത്യയിൽ ഇന്ന് ഏറ്റവും വലിയ ആവശ്യം മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക എന്നിവയാണ്. ഈ ആവശ്യത്തിലൂന്നിയാണ് ഇൻഡ്യ സഖ്യം രൂപവത്കരിച്ചിട്ടുള്ളത്. മോദി ഇനി ഒരിക്കൽക്കൂടി അധികാരത്തിൽ വന്നാൽ തെരഞ്ഞെടുപ്പേ ഉണ്ടാകില്ല. അതിനാവശ്യം എല്ലാവരും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്നതാണ്.
കേരളത്തിൽ ബി.ജെ.പിയെപ്പറ്റി ഒന്നും പറയാത്ത പിണറായി, രാഹുൽ ഗാന്ധിയെ വിമർശിച്ചുനടക്കുന്നതാണ് കാണുന്നത്. തന്റെ ഭരണനേട്ടങ്ങളൊന്നും അദ്ദേഹം എവിടെയും പറയുന്നത് കേട്ടില്ല. ശക്തമായ ഭരണവിരുദ്ധവികാരമാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് സംസ്ഥാന ഗവൺമെന്റിന്റെ വിലയിരുത്തലാകും. സ്വർണക്കടത്തുകേസ് അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താനായില്ല. ഇനി മാസപ്പടി കേസ് അന്വേഷിച്ചാലും അതുതന്നെയായിരിക്കുമവസ്ഥ. കാരണം, സി.പി.എം-ബി.ജെ.പി അന്തർധാര സജീവമാണ്. ഇവർ ഒരേ തൂവൽപക്ഷികളാണ്.
കെ.കെ. ശൈലജക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാവുന്നതല്ല. ഒരു സ്ഥാനാർഥിയെയും വ്യക്തിഹത്യ ചെയ്യുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇക്കുറി കേരളത്തിൽ യു.ഡി.എഫ് ഇരുപതിൽ ഇരുപതും നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.