രൗദ്രസാത്വികം അധികാരവും കവിതയും തമ്മിലുളള സംഘര്‍ഷം പ്രതിഫലിപ്പിക്കുന്ന രചനയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രൗദ്രസാത്വികം അധികാരവും കവിതയും തമ്മിലുളള സംഘര്‍ഷം പ്രതിഫലിപ്പിക്കുന്ന രചനയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലയാളത്തിന്റെ പ്രിയ കവി പ്രഭാവര്‍മ്മക്ക് സരസ്വതി സമ്മാനം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച 'ദൃശ്യപ്രഭ' എന്ന ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഭാവര്‍മ്മയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടാണ് രമേശ് ചെന്നിത്തല ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

പ്രഭാവര്‍മ്മയുടെ സാഹിത്യജീവിതത്തിലേക്കൊരു എത്തിനോട്ടമാണ് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാംസ്‌കാരിക ഔന്നത്യവും രാഷ്ട്രീയമാനങ്ങളും പ്രകടമാക്കുന്ന രചനകളാണ് പ്രഭാവര്‍മ്മയുടേത്. കവിതകളെല്ലാം സംഗീതസാന്ദ്രമാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ സംഘടിപ്പിക്കുന്ന സരസ്വതി സമ്മാന്‍ സമര്‍പ്പണ ചടങ്ങിന് മുന്നോടിയായി സംഘടിപ്പിച്ച 'ദൃശ്യപ്രഭ'യിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് കെ.കെ.ബിര്‍ള ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.സുരേഷ് ഋതുപര്‍ണ പറഞ്ഞു. എങ്ങനെയാണ് ഒരു പ്രതിഭ ആദരിക്കപ്പെടേണ്ടതെന്ന പാഠം ഈ ചടങ്ങില്‍ നിന്ന് ഉള്‍ക്കൊണ്ടുവന്നും അദ്ദേഹം പറഞ്ഞു.

സ്വരലയ ചെയര്‍മാന്‍ ഡോ.ജി.രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായി. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പ്രഭാവര്‍മ മറുപടി പ്രസംഗം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ, കേരള എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്ററും ഇന്ത്യ പ്രസ്സ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റുമായ ജോസ് കണിയാലി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ചെയർമാൻ ജി.എസ് പ്രദീപ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി (കെയുഡബ്ല്യുജെ) കിരണ്‍ ബാബു, നിയുക്ത ജനറല്‍ സെക്രട്ടറി കെ.പി.റെജി, ജില്ലാപ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈലോപ്പിളളി സംസ്‌കൃതി ഭവനില്‍ നടന്ന സമ്മേളനത്തില്‍ സ്വരലയയുടെയും സംഘാടകസമിതിയുടെയും സ്‌നേഹോപഹാരം മുന്‍ മന്ത്രി എം.എ.ബേബി പ്രഭാവര്‍മ്മക്ക് സമര്‍പ്പിച്ചു.

Tags:    
News Summary - Ramesh Chennithala says that Raudrasatvikam is a composition that reflects the conflict between power and poetry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.