കോഴിക്കോട്: ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിനുള്ള മുന്‍ഗണനാ ലിസ്റ്റ് ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും തള്ളി. ഇതോടെ മുന്‍ഗണന ലിസ്റ്റിന് തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരം നേടാനുളള സര്‍ക്കാര്‍ നീക്കം പാളി. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളുടെ നിലപാട് പരിഗണിക്കാതെ പുതിയ റേഷന്‍ കാര്‍ഡ് ഇറക്കല്‍ നടപടികളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. മാര്‍ച്ച് 31നകം പുതിയ റേഷന്‍ കാര്‍ഡ് ഇറക്കിയിലെ്ലങ്കില്‍ ഭക്ഷ്യഭദ്രത പദ്ധതി സംസ്ഥാനത്തിന് നഷ്ടപ്പെടുമെന്നതിനാലാണ് ഇത്.
മാര്‍ച്ച് എട്ടിന് സമയ പരിധി അവസാനിച്ചപ്പോഴും മിക്ക പഞ്ചായത്തുകളും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിവില്‍സപൈ്ലസ് വകുപ്പിന് കൈമാറിയിട്ടില്ല. റിപ്പോര്‍ട്ട് നല്‍കിയ പഞ്ചായത്തുകള്‍ തന്നെ, ലിസ്റ്റ് തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന മറുപടിയാണ് നല്‍കിയത്. നഗരസഭകളും കോര്‍പറേഷനുകളും ഇതേ നിലപാട് എടുത്തു.
ചില പഞ്ചായത്തുകള്‍ അര്‍ഹരുടെയും അനര്‍ഹരുടെയും പുതിയ ലിസ്റ്റും നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇങ്ങനെ നല്‍കിയ ലിസ്റ്റ് എന്ത് ചെയ്യും എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവിലുള്ള ലിസ്റ്റ് പ്രകാരം റേഷന്‍ കാര്‍ഡ് ഇറക്കുകയും പിന്നീട് അനര്‍ഹരുടെ കാര്‍ഡ് തടഞ്ഞുവെക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. അര്‍ഹരായിട്ടും തഴയപ്പെട്ടവരെ ജൂണില്‍ ഉള്‍പ്പെടുത്തുമെന്നും പറയുന്നു.
എന്നാല്‍, അതുവരെ ഇവര്‍ക്ക് മുന്‍ഗണനാ ലിസ്റ്റ് പ്രകാരം ധാന്യം ലഭിക്കുമോ എന്ന് തീരുമാനിച്ചിട്ടില്ല. 1.54 കോടി പേര്‍ക്കാണ് സംസ്ഥാനത്ത് മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടാനാവുക. മുന്‍ഗണന ലിസ്റ്റിനെതിരെ ലഭിച്ച പരാതികളില്‍ 12,11,517 എണ്ണം അംഗീകരിച്ച് ഇവ കൂടി ഉള്‍പ്പെടുത്തിയ ലിസ്റ്റാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കിയതെന്ന് പറയുന്നുണ്ടെങ്കിലും ഇതും പഞ്ചായത്ത് മേധാവികള്‍ നിഷേധിക്കുന്നു.
ഗ്രാമപഞ്ചായത്തുകള്‍ ബഹിഷ്കരിച്ചാലും നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ നിയമപ്രാബല്യം ഉണ്ടെന്നാണ് സര്‍ക്കാര്‍ വാദം. അവസാനഘട്ടത്തില്‍ മാത്രം ഗ്രാമപഞ്ചായത്ത് മേധാവികളെ ഇക്കാര്യത്തിലേക്ക് വലിച്ചിഴച്ചുവെന്നും ഗ്രാമപഞ്ചായത്തുകള്‍ ആരോപിക്കുന്നു. പലയിടങ്ങളിലും മുന്‍ഗണന ലിസ്റ്റ് അംഗീകരിക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
ആളുകളെ ഒഴിവാക്കിയും കൂട്ടിച്ചേര്‍ത്തും പാപഭാരം പേറേണ്ടെന്ന നിലപാടിലാണ് പഞ്ചായത്തുകള്‍. ഇതോടെ റേഷന്‍ കാര്‍ഡ് സംബന്ധിച്ച തുടര്‍നടപടിക്രമങ്ങളും വിവാദത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.